ഒമാനെ നയിക്കാൻ അനുവൊരുങ്ങുന്നു

മസ്‌കറ്റ്: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് രണ്ടാമതും അണിയാനൊരു കോഴിക്കോട്ടുകാരി. കോഴിക്കോട് സ്വദേശി അനു അശോകാണ് ഒമാന്‍ ദേശീയ ടീമിനെ നയിക്കാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണയും ഒമാൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന അനു കോഴിക്കോട്‌ ലെജന്റ്‌സ്‌ ക്രിക്കറ്റ്‌ അക്കാദമിയിലെ മുഖ്യ പരിശീലക കൂടിയാണ്‌. ക്രിക്കറ്റിനോടുള്ള താൽപര്യം മൂലം നാട്ടിൽ ക്രിക്കറ്റ്‌ പരിശീലകയായി തുടരുകയായിരുന്നു അനു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഒമാനിലെത്തിയ അനുവിന് അവിടെ സോഹ ക്ലബില്‍ കളിക്കാന്‍ അവസരം ലഭിച്ചത്‌ വഴിത്തിരിവായി.

ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. ദേശീയ ജഴ്‌സിയിലും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ച വെച്ച അനുവിനെത്തേടി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും പിന്നാലെ എത്തി. ബിസിസിഐയുടെ ബി ലെവല്‍ പരിശീലന ലൈസന്‍സ് സ്വന്തമായുള്ള അനു ഈ സീസണിലും ഒമാൻ ജഴ്‌സിയിൽ മികവ്‌ കാണിക്കാമെന്നുള്ള പ്രതീക്ഷയിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!