അർജന്റീനയെ വീഴ്ത്തി കൊളംബിയ

കോപ്പ അമേരിക്കയിൽ നിലവിലെ റണ്ണറപ്പുകളായ അർജന്റീനയ്ക്ക് ആദ്യമത്സരത്തിൽ തോൽവി. കരുത്തരായ കൊളംബിയയോട് മറുപടിയില്ലാത്ത രണ്ടുഗോളിനാണ് അർജന്റീന തോൽവിയേറ്റുവാങ്ങിയത്. രണ്ടാംപകുതിയിലായിരുന്നു രണ്ടുഗോളുകളും. ഇന്ന് നടന്ന ആദ്യമത്സരത്തിൽ പെറുവും വെനസ്വേലയും ഗോളടിക്കാതെ പിരിഞ്ഞിരുന്നു.

ആദ്യമിനിറ്റുകളിൽ അർജന്റീനയൽപ്പം ഒത്തിണക്കം പ്രകടിപ്പിച്ചെങ്കിലും കൊളംബിയക്കവകാശപ്പെട്ടതായിരുന്നു ആദ്യപകുതി. മെസ്സിയെ ഫലപ്രദമായി പൂട്ടിയിട്ട ടീം അഗ്യൂറോ, ഡിമരിയ എന്നിവരെ നിലംതൊടാനനുവദിച്ചില്ല. ലൊ സെൽസോയിലൂടെ മാത്രം അർജന്റീന ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയപ്പോൾ മറുവശത്ത് കൊളംബിയ തുടരെ ആക്രമണനീക്കങ്ങൾ നെയ്തു. ഗോളടിച്ചില്ലെങ്കിലും, അർമാനിയെ കാര്യമായി പരീക്ഷിച്ചില്ലെങ്കിലും അർജന്റീനയെ അടിമുടി വിറപ്പിച്ചാണ് എതിരാളികൾ ആദ്യ പകുതി അവസാനിപ്പിച്ചത്. പാടെ നിറംമങ്ങിയ ഡിമരിയക്ക് പകരം ഡിപോൾ എത്തിയതോടെ ആൽബിസെലസ്റ്റൻ നീക്കങ്ങൾക്ക് അല്പം ജീവൻ വെച്ചു. പരേഡസിന്റെ പൊള്ളുന്നൊരു ഷോട്ട് ഒസ്പിന തടുത്തിട്ടപ്പോൾ മെസ്സിയുടെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. തക്കംപാർത്തുനിന്ന കൊളംബിയ 72ആം മിനിറ്റിൽ ആദ്യഗോൾ സ്വന്തമാക്കി. റോഡ്രിഗസ് നൽകിയ ലോങ്ങ്‌ ബോൾ പിടിച്ചെടുത്ത റോജർ മാർട്ടിനസ് അത്യുഗ്രനൊരു ഷോട്ടിലൂടെ അർമാനിയെ കീഴടക്കി. വിങ്ങിൽ നിന്നും പകരക്കാരൻ ലെർമ നൽകിയ കാർപെറ്റ് ക്രോസ് 87ആം മിനിറ്റിൽ സപാട്ട കൂടി വലയിലെത്തിച്ചതോടെ കൊളംബിയൻ വിജയഗാഥ പൂർണ്ണമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!