നോർത്ത് ലണ്ടൻ ഡെർബി ഒപ്പത്തിനൊപ്പം

അവസാന നിമിഷം വരെ ആവേശം നീണ്ട്‌ നിന്ന ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമും ആഴ്‌സനലും സമനിലയിൽ പിരിഞ്ഞു. രണ്ട്‌ ഗോളുകൾ വീതം നേടിയാണ്‌ ഇരുടീമുകളും പോയിന്റ്‌ പങ്കിട്ടത്‌. ആതിഥേയർക്കായി ലക്കാസറ്റ, ഒബമയാംഗ്‌ എന്നിവർ വല കുലുക്കിയപ്പോൾ ടോട്ടൻഹാമിനായി എറിക്സൺ , ഹാരി കെയ്ൻ എന്നിവർ ഗോളുകൾ നേടി.
ആഴ്‌സണൽ ഗോൾകീപ്പർ ലെനോയുടെ പിഴവ് മുതലെടുത്ത ടോട്ടൻഹാമാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. എറിക് ലമേലയുടെ നിരുപദ്രവകരമെന്ന് തോന്നിച്ച ഷോട്ട് ലെനോ തട്ടിയിട്ടത് ഓടിയെത്തിയ എറിക്സന്റെ കാലുകളിലേക്ക്. പത്താം മിനിറ്റിൽ കൈവരിച്ച ലീഡ് നാല്പതാം മിനിറ്റിൽ സന്ദർശകർ രണ്ടാക്കി ഉയർത്തി. സണ്ണിനെ സാക്ക വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ഗോളാക്കി മാറ്റുകയായിരുന്നു. ഇടവേളയ്ക്ക് തൊട്ട് മുൻപ് ആഴ്‌സണൽ ഒരുഗോൾ മടക്കി. പെപെ നൽകിയ പന്ത് ലക്കാസെറ്റയാണ് വലയിലെത്തിച്ചത്.
ഇടവേളക്ക്‌ ശേഷം തുടർച്ചയായി ആഴ്‌സനൽ ടോട്ടൻഹാം ഗോൾമുഖത്തേക്ക്‌ ഇരച്ച്‌ കയറി. 71ആം മിനുട്ടിൽ അതിന്‌ ഫലമുണ്ടായി. പ്രതിരോധ നിരക്ക്‌ മുകളിലൂടെ ഗെണ്ടൂസി നൽകിയ പന്ത്‌ ഒബമയാംഗ്‌ വലയിലെത്തിക്കുകയായിരുന്നു. പിന്നീടും ആഴ്‌സനൽ ഗോൾ നേടിയെങ്കിലും ഓഫ്‌ സൈഡ്‌ വില്ലനായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!