ആഷസ്‌: ഒരുപിടി ചാരം സ്വന്തമാക്കാനുള്ള ക്രിക്കറ്റ്‌ യുദ്ധം!

സച്ചിൻ. എസ്‌. എൽ

ഗിരിനിരകളോളം പഴക്കമുള്ളൊരു പകയുടെ ചരിത്രമുണ്ട്‌ ആഷസ്‌ ക്രിക്കറ്റ്‌ സീരീസിന്. കേവലം 11 സെന്റീമീറ്റർ മാത്രം ഉയരമുള്ള വെറുമൊരു ചാര ഡപ്പിയ്ക്ക്‌ വേണ്ടി ക്രിക്കറ്റ്‌ ലോകത്തെ അതികായന്മാർ യുദ്ധസമാനം ഗ്രൗണ്ടിൽ അഞ്ച്‌ മൽസരങ്ങളുടെ പരമ്പരയായി ഒരു മാസത്തോളം വിയർപ്പൊഴുക്കുന്ന പൂരക്കാഴ്ച്ച.

ഈ യുദ്ധപ്പക തുടങ്ങുന്നത്‌ ഒരു നൂറ്റാണ്ടിനുമപ്പുറം ടെസ്റ്റ്‌ ക്രിക്കറ്റിന്റെ പിറവിക്ക്‌ ഒപ്പമാണ്. കൃത്യമായി പറഞ്ഞാൽ 1877 ൽ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ മൽസരം നടന്ന അന്ന് മുതലാണെന്ന് പറയാം. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു അന്നത്തെ മൽസരം. തുടർന്നുള്ള വർഷങ്ങളിലും ഇരു ടീമുകളും പലകുറി ഏറ്റുമുട്ടി. പക്ഷേ 1882 ൽ ഇംഗ്ലണ്ട്‌ ഹോം ഗ്രൗണ്ടായ കെന്നിംഗ്‌ടൺ ഓവലിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്‌ ഇംഗ്ലീഷുകാർക്ക്‌ സഹിച്ചില്ല. പിറ്റേന്ന് ഇംഗ്ലണ്ടിലെ സ്പോർട്ടിംഗ്‌ ടൈംസിൽ ഇതേക്കുറിച്ച്‌ വന്ന വാർത്തയുടെ തലക്കെട്ട്‌ ഇപ്രകാരമായിരുന്നു.

‘ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ മരിച്ചു’ .

അതിനെ ശവദാഹം നടത്തി ചാരം ഓസ്ട്രേലിയയിലേക്ക്‌ കൊണ്ടു പോയി എന്നാണ് ലേഖകൻ എഴുതിപ്പിടിപ്പിച്ചത്‌.

അപമാനിതരായ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ ഇവോ ബ്ലിഗ്‌ ഉറപ്പിച്ച്‌ പറഞ്ഞു.

“അടുത്ത വർഷം ആ ചാരം നമ്മൾ വീണ്ടെടുക്കും”.

ബ്ലിഗ്‌ പറഞ്ഞത്‌ സംഭവിച്ചു. 1893 ലെ മൂന്ന് മൽസരങ്ങളുടെ പരമ്പരയിൽ രണ്ടിലും വിജയിച്ച്‌ ഇംഗ്ലണ്ട്‌ പകരം വീട്ടി. അന്നത്തെ വിജയത്തിന് ക്രിക്കറ്റിലെ വിക്കറ്റ്‌ – ബെയിൽ കത്തിച്ച ചാരം ഒരു കൊച്ചു മരക്കുപ്പിയിലാക്കി ഇംഗ്ലണ്ട്‌ ടീമിന് സമ്മാനിച്ചു. മെൽബണിലെ ഒരു കൂട്ടം യുവതികളാണ് ഇപ്രകാരം ചെയ്തത്‌. അവർക്ക്‌ നേതൃത്വം നൽകിയ ഫ്ലോറൻസ്‌ മോർഫി എന്ന ഓസ്ട്രേലിയക്കാരി പിന്നീട്‌ ഇംഗ്ലീഷ്‌ ക്യാപ്റ്റൻ ഇവോ ബ്ലിഗിനെ വിവാഹം ചെയ്യുകയുമുണ്ടായി. അന്നത്തെ ആ സമ്മാനം ബ്ലിഗിന് ലഭിച്ച വ്യക്തിഗത ഉപഹാരമായിരുന്നു. പിന്നീട്‌ ആ മാതൃക ഒഫീഷ്യൽ ട്രോഫി ആയെങ്കിലും, ഒക്കെയും പകർപ്പുകളായിരുന്നു. യഥാർത്ഥ ട്രോഫി ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നു.

1983 ലെ സീരീസ്‌ മുതൽ ഈ മൽസരങ്ങൾ ആഷസ്‌ (Ashes) എന്നറിയപ്പെട്ടു. പിന്നീട്‌ 1894 മുതൽ 1896 വരെയുള്ള 7 പരമ്പരകൾ തുടർച്ചയായി ഇംഗ്ലണ്ട്‌ സ്വന്തമാക്കി.

1897 ൽ ഹാരി ട്രോട്ടിന്റെ നേതൃത്വത്തിലുള്ള ടീമാണ് പിന്നീട്‌ ആഷസ്‌ ഓസ്ട്രേലിയയിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വന്നത്‌. 1920 ന് ശേഷം ഒന്നാം ലോക മഹായുദ്ധ കാലം കഴിഞ്ഞതോടെ ലോക ക്രിക്കറ്റിന്റെയും ആഷസിന്റെയും അധീശ്വത്വം ഓസീസിന്റെ കൈപ്പിടിയിലൊതുങ്ങി എന്നുള്ളതാണ് പിന്നീടുള്ള വസ്തുത.

ഇതുവരെ നടന്ന 330 ആഷസ്‌ മൽസരങ്ങളിൽ 134 എണ്ണത്തിൽ വിജയിച്ചത്‌ ഓസ്ട്രേലിയയാണ്. 106 മൽസരങ്ങളാണ് ഇംഗ്ലണ്ട്‌ വിജയിച്ചത്‌. 90 മൽസരങ്ങൾ സമനിലയിലുമായി.

രണ്ട്‌ വർഷത്തിൽ ഒരിക്കലായാണ് ആഷസ്‌ നടത്തിപ്പോരുന്നത്‌. ഇതുവരെ 70 പരമ്പരകൾ നടന്നു. അതിൽ 33 വിജയങ്ങൾ ഓസീസിനൊപ്പം നിന്നപ്പോൾ 32 തവണ ഇംഗ്ലണ്ടും വിജയിച്ചു.
5 തവണ പരമ്പര സമനിലയിൽ കലാശിച്ചു.

1972 ലെ ആഷസ്‌ പരമ്പരയാണ് അവസാനമായി സമനിലയിൽ പിരിഞ്ഞത്‌. അന്ന് ഇരു ടീമുകളും 2 മൽസരം വീതം വിജയിച്ചപ്പോൾ ഒരു മൽസരം സമനിലയായി. പരമ്പര സമനിലയാവുകയാണെങ്കിൽ ആരാണോ അവസാന പരമ്പര നേടിയത്‌ അവരുടെ കയ്യിൽ കിരീടം തുടരുകയാണ് പതിവ്‌.

പൊതുവേ വ്യത്യസ്ത വേദികളിലായി 5 മൽസരങ്ങളുടെ പരമ്പരയായാണ് ആഷസ്‌ നടത്തപ്പെടാറ്. എന്നാൽ ആദ്യകാലങ്ങളിൽ ഇത്‌
3 ഉം. 1938, 1975 വർഷങ്ങളിൽ 4 ഉം. 1970 നും 1997 നും ഇടയിലുള്ള 8 പരമ്പരകൾ 6 മൽസരങ്ങൾ വീതവും വെച്ച്‌ നടന്നിട്ടുണ്ട്‌.

രണ്ട്‌ രാജ്യങ്ങൾ തമ്മിലുള്ള മൽസരങ്ങളിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്പോർട്സ്‌ ഇവന്റാണ് ആഷസ്‌. 1953 ൽ പുറത്തിറങ്ങിയ ‘ദി ഫൈനൽ ടെസ്റ്റ്‌’ എന്ന ഹോളിവുഡ്‌ സിനിമ പറയുന്നത്‌ ആഷസിന്റെ കഥയാണ്. ആന്റണി ആസ്ക്വിത്ത്‌ ആയിരുന്നു
ഈ സിനിമയുടെ സംവിധായകൻ.

ലോക ക്രിക്കറ്റിൽ ഓർത്ത്‌ വെക്കാനുള്ള ഒട്ടനവധി ഓർമ്മകളുടെ മാസ്മരിക അനുഭൂതി സമ്മാനിച്ചവയാണ് ഓരോ ആഷസും.

ഒപ്പം ഒട്ടനവധി റെക്കോർഡുകളും.
ഇക്കാലമത്രയായിട്ടും ആഷസിൽ ഏറ്റവുമധികം റൺസ്‌ സ്കോർ ചെയ്തതിന്റെ റെക്കോർഡ്‌. ഇന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ഇതിഹാസം സർ ഡോൺ ബ്രാഡ്മാനാണ്. 37 മൽസരങ്ങളിൽ 19 സെഞ്ചുറിയും12 അർധസെഞ്ചുറിയും അടക്കം 5028 റൺസാണ് ബ്രാഡ്മാന്റെ സമ്പാദ്യം. ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കോർഡ്‌ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം ഇതിനെ. കാരണം ഇന്ന് കളിക്കുന്നവരിൽ 24 മൽസരങ്ങളിൽ 2170 റൺസ്‌ നേടിയ സ്റ്റീവ്‌ സ്മിത്താണ് ഈ റെക്കോർഡിന്റെ പകുതിയോളമെങ്കിലും എത്തിയത്‌.
ഏറ്റവും ഉയർന്ന ബാറ്റിംഗ്‌ ആവറേജും സെഞ്ചുറി / ഫിഫ്റ്റികളുടെ എണ്ണത്തിലും ബ്രാഡ്മാന്റെ ഏഴയലത്ത്‌ പോലും മറ്റു കളിക്കാർ ഇല്ലേയില്ല.

ഇംഗ്ലണ്ടിന്റെ ലെൻ ഹ്യൂട്ടന്റെ പേരിലാണ് ഒരു ആഷസ്‌ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോർ. 1936 ൽ ഓവലിൽ നടന്ന മൽസരത്തിൽ 364 റൺസാണ് ഹ്യൂട്ടൻ നേടിയത്‌.

ഏറ്റവും അധികം വിക്കറ്റുകൾ നേടിയതാകട്ടെ ഷെയിൻ വോണും. 36 മൽസരങ്ങളിൽ 195 വിക്കറ്റ്‌. രണ്ടാമതുള്ളത്‌ 30 മൽസരങ്ങളിൽ 157 വിക്കറ്റ്‌ നേടിയ ഗ്ലെൻ മക്‌ഗ്രാത്ത്‌. ഇരുവരും ഓസ്ട്രേലിയക്കാർ.

കീപ്പിംഗ്‌ മികവിൽ ഓസ്ട്രേലിയയുടെ ഇയാൻ ഹീലി 135 പുറത്താക്കലുകളുമായി മുൻപന്തിയിൽ നിൽക്കുമ്പോൾ, ഫീൽഡിംഗ്‌ മികവിൽ 54 ക്യാച്ചുമായി ഇംഗ്ലണ്ടിന്റെ തന്നെ ഇയാൻ ബോതമാണ് തലപ്പത്ത്‌.

ഒരിന്നിംഗ്സിൽ ഒരു ബൗളർ തെന്ന പത്ത്‌ വിക്കറ്റും വീഴ്ത്തുക എന്ന റെക്കോർഡും ആഷസിനിടയിലായിരുന്നു. 1956 ൽ നടന്ന ആഷസിൽ ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ഈ നേട്ടം കൈവരിച്ചത്‌. രണ്ടാമത്തെ ഇന്നിംഗ്സിലെ 9 വിക്കറ്റും ചേർത്ത്‌ ആ ടെസ്റ്റിൽ 19 വിക്കറ്റാണ് അദ്ദേഹം നേടിയത്‌. ആ പരമ്പരയിലാകമാനം 5 മൽസരങ്ങളിൽ നിന്ന് 46 വിക്കറ്റും. ലോക ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങളിലൊന്ന്.

ലോകോത്തര സ്പിന്നറും ആഷസിലെ ഏറ്റവും വലിയ വിക്കറ്റ്‌ വേട്ടക്കാരനുമായ ഷെയിൻ വോണിന്റെ പ്രശസ്തമായ നൂറ്റാണ്ടിലെ പന്തും സംഭവിച്ചത്‌ ആഷസിലാണ്. 1993 ലെ പരമ്പരയിൽ. മാഞ്ചസ്റ്ററിൽ നടന്ന വോണിന്റെ ഏറ്റവും ആദ്യത്തെ ആഷസ്‌ മൽസർത്തിൽ തന്റെ ആദ്യ പന്തിൽ ഇംഗ്ലണ്ടിന്റെ മൈക്ക്‌ ഗാറ്റിങ്ങിനെ പുറത്താക്കിയ സ്പിൻ മാജിക്കിന്റെ പിന്നിലെ നിഗൂഢത ഇന്നും അവ്യക്തമാണ്.

ഇക്കുറിയിലത്തെ ആഷസ്‌ നേടിയാൽ ഇംഗ്ലണ്ടിനും മുപ്പത്തിമൂന്നാമത്തെ കിരീടത്തിൽ മുത്തമിടാം. ലോക ചാമ്പ്യന്മാർക്ക്‌ ഇതൊരു അവസരമാണ്.

ആഗസ്റ്റ്‌ 1 ന് ഇംഗ്ലണ്ടിലെ ബർമിങാമിൽ 2019 ആഷസിലെ ആദ്യ മൽസരം ആരംഭിച്ചു. ഇനി ലോർഡ്സും, ലീഡ്സും, മാഞ്ചസ്റ്ററും കഴിഞ്ഞ്‌ ഓവലിൽ സെപ്റ്റംബർ 16 ന് ഈ വർഷത്തെ ആഷസ്‌ പൂരത്തിന് കൊടിയിറങ്ങും.

കാത്തിരിക്കാം ഇക്കുറിയത്തെ ‘ചാര’ രാജാക്കന്മാരെ…!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!