ഏഷ്യ കപ്പ് : തുടക്കം തകർപ്പൻ ജയത്തോടെ

ഏഷ്യ കപ്പ് ഫുട്‍ബോളിൽ ഇന്ത്യക്ക് ചരിത്രവിജയം. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണമെന്റിൽ ബൂട്ടുകെട്ടിയ ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിൽ തായ്ലണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മറികടന്നത്. അബുദാബിയിൽ നടന്ന മത്സരത്തിൽ നായകൻ സുനിൽ ഛേത്രി രണ്ടുവട്ടം വലകുലുക്കിയപ്പോൾ അനിരുദ്ധ്, ജെജെ എന്നിവരും ടീമിനായി ലക്ഷ്യംകണ്ടു. 55 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പിൽ വിജയമധുരം നുണയുന്നത്.

സ്‌ക്വാഡിൽ ഇടംപിടിച്ച രണ്ടു മലയാളി താരങ്ങളേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് കോൺസ്റ്റന്റൈൻ ടീമിനെ അണിനിരത്തിയത്. ആദ്യനിമിഷങ്ങളിൽ നേരിയ മുൻ‌തൂക്കം പ്രകടിപ്പിച്ചത് തായ്ലണ്ടായിരുന്നു. ഇടതുവിങ്ങിലൂടെ ആക്രമണനീക്കങ്ങൾ നെയ്‌ത ടീം തിറ്റിഫാനിലൂടെ ആദ്യഷോട്ടും ഉതിർത്തു. പതിയെ താളംകണ്ടെത്തിയ ഇന്ത്യ 26ആം മിനിറ്റിൽ പെനാൽറ്റി നേടിയെടുത്തു. ആഷിക്ക് കുരുണിയന്റെ ഗോൾശ്രമത്തിനിടെ തായ് താരം പന്ത് കൈകാര്യം ചെയ്തതോടെയാണ് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. ഡൈവ് ചെയ്ത കീപ്പറുടെ എതിർവശത്തേക്ക് പന്തനായാസം തട്ടിയിട്ട നായകൻ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർ ആരവം മുഴക്കവേ, അഞ്ചുമിനിട്ടിനകം തായ്ലണ്ട് ഗോൾ മടക്കി. തിരാതോനിന്റെ ഫ്രീകിക്ക് തായ് നായകൻ ഡാങ്ഡ ഹെഡറിലൂടെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം കൂടുതൽ കരുത്താർജ്ജിച്ച ഇന്ത്യയെയാണ് മൈതാനത്ത് കണ്ടത്. മധ്യനിരയും മുന്നേറ്റനിരയും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചപ്പോൾ തായ് ഗോൾപോസ്റ്റിലേക്ക് പന്ത് നിരന്തരമെത്തി. രണ്ടാംപകുതിയുടെ ആദ്യമിനിട്ടിൽ തന്നെ നായകൻ ഛേത്രി തന്റെയും ടീമിന്റെയും രണ്ടാംഗോൾ നേടി. ആഷിക് വഴിയെത്തിയ ഉദാന്തയുടെ പാസ് പിഴവൊന്നും കൂടാതെ നായകൻ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോളോടെ അന്താരാഷ്ട്ര ഗോളടിക്കാരുടെ എണ്ണത്തിൽ സാക്ഷാൽ ലയണൽ മെസ്സിയെ മറികടക്കാനും നായകനായി. ലീഡെടുത്ത ശേഷവും ഇടതടവില്ലാതെ ആക്രമിച്ച ഇന്ത്യ 68ആം മിനിറ്റിലാണ് ഛേത്രിയുടെ ത്രൂബോൾ ലക്ഷ്യത്തിലെത്തിക്കാൻ ഉദാന്തയ്ക്കായില്ലെങ്കിലും പിന്നാലെയെത്തിയ അനിരുദ്ധ് ഥാപ്പ ലക്ഷ്യംകാണുകയായിരുന്നു. 78ആം മിനിറ്റിൽ ആഷിക്കിന് പകരം കളത്തിലെത്തിയ ജെജെ തന്റെ ആദ്യടച്ചിലൂടെ വലകുലുക്കിയതോടെയാണ് ബ്ലൂടൈഗേർസിന്റെ ഗോൾപട്ടിക പൂർത്തിയായത്. ജനുവരി പത്തിന് നടക്കുന്ന മത്സരത്തിൽ യുഎഇ ആണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!