രണ്ടാംദിനം : തിരിച്ചടിച്ച് ടീം ഇന്ത്യ

പിച്ചാനുകൂല്യം മുതലെടുത്ത് ഇന്ത്യൻ ബാറ്റിങ്ങിനെ വരിഞ്ഞ് മുറുക്കിയ ഓസീസിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയെ 250 റൺസിലൊതുക്കി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാംദിനം കളിയവസാനിക്കുമ്പോൾ 7 വിക്കറ്റിന് 191 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ മാത്രം ശേഷിക്കെ ഇന്ത്യയ്‌ക്കൊപ്പമെത്താൻ ഓസീസിന് 59 റൺസ് കൂടി വേണം. ഇന്ത്യൻ നിരയിൽ അശ്വിൻ മൂന്നും ഇഷാന്ത്, ബുമ്ര എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഷമിയ്ക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.

രണ്ടാംദിനത്തിലെ ആദ്യപന്തിൽ തന്നെ ഇന്ത്യയുടെ അവസാനവിക്കറ്റും വീണതോടെ 250 റൺസിൽ തന്നെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. ബൗളിങ്ങിനിറങ്ങിയ സന്ദർശകർക്ക് ആശിച്ച തുടക്കമാണ് ഇഷാന്ത് ശർമ്മ നൽകിയത്. ആദ്യഓവറിന്റെ മൂന്നാംപന്തിൽ തന്നെ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് താരം പിഴുതെറിയുകയായിരുന്നു. രണ്ടാംവിക്കറ്റിൽ ഉസ്മാൻ ക്വാജയും മാർക്കസ് ഹാരിസും അൽപനേരം പിടിച്ചുനിന്നെങ്കിലും ഹാരിസിനെയും, തുടർന്നെത്തിയ മാർഷിനെയും അശ്വിൻ മടക്കിയതോടെ ആതിഥേയർ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. നാലാംവിക്കറ്റിൽ ക്വാജയും ഹാൻഡ്‌സ്കോമ്പും ചേർന്ന് പൊരുതിനിന്നെങ്കിലും ഇരുവരും സ്കോർബോർഡ് ചലിപ്പിക്കാൻ നന്നേ പ്രയാസപ്പെട്ടു. ആദ്യ ദിനത്തിൽ ഇന്ത്യൻ താരങ്ങൾ 7 സിക്സറുകളുതിർത്തപ്പോൾ എതിരാളികൾക്ക് ഒരുതവണപോലും പന്ത് നിലംതൊടാതെ അതിർത്തികടത്താനായില്ല. 125 പന്തുകളിൽ നിന്നും 28 റൺസെടുത്ത ക്വാജയെ അശ്വിനും നായകൻ പെയിനിനെ ഇഷാന്തും ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ ഓസ്‌ട്രേലിയ 127ന് ആറെന്ന നിലയിലായി. അർദ്ധസെഞ്ചുറി നേടിയ ട്രാവിസ് ഹെഡും കമ്മിൻസും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും ന്യൂബോളെടുത്ത ആദ്യഓവറിൽ തന്നെ കമ്മിൻസിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ബുമ്ര ഓസീസിന് അടുത്ത ആഘാതമേല്പിച്ചു. കളിയവസാനിക്കുമ്പോൾ 61 റൺസുമായി ഹെഡും 8 റൺസുമായി സ്റ്റാർക്കുമാണ് ക്രീസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!