പൊരുതിനിന്ന് പൂജാര, ആദ്യദിനം ഓസീസിന് മേൽക്കൈ

ഓസ്‌ട്രേലിയക്കെതിരായ ആദ്യടെസ്റ്റിന്റെ ഒന്നാംദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിച്ച് മൂന്നക്കത്തിലേക്കെത്തിയ ചേതേശ്വർ പൂജാരയുടെ മികവിൽ നില മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുക്കാനെ ടീമിനായുള്ളൂ. ആദ്യരണ്ട്‍ സെഷനുകളിലും ഓസ്‌ട്രേലിയ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചപ്പോൾ വാലറ്റത്തിനൊപ്പംനിന്ന് തിരിച്ചടിച്ച പൂജാര അവസാനസെഷൻ ഇന്ത്യയുടെ പേരിലാക്കി.

മൂന്ന് പേസർമാരുമായി അഡ്ലെയ്ഡിലിറങ്ങിയ ഇന്ത്യൻ നായകൻ കോഹ്‌ലി ടോസ് ഭാഗ്യം ലഭിച്ചയുടൻ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ടീമിന് നിറംമങ്ങിയ തുടക്കമാണ് ലഭിച്ചത്. രണ്ടാംഓവറിൽ തന്നെ രാഹുലിനെ നഷ്ട്ടമായ ഇന്ത്യക്ക് മുരളി വിജയ്, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റും വൈകാതെ നഷ്ടമായി. പിടിച്ചുനിൽക്കാൻ ശ്രമിച്ച രഹാനെയും മോശം ഷോട്ടിലൂടെ പവലിയനിലേക്ക് മടങ്ങിയതോടെ ഇന്ത്യ 41ന് നാലെന്ന നിലയിലേക്ക് കൂപ്പുകുത്തി. ടെസ്റ്റ്‌ ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാനെത്തിയ രോഹിത്തിന്റെ ഊഴമായിരുന്നു അടുത്തത് മികച്ച തുടക്കം ലഭിച്ച താരം പക്ഷേ ലിയോണിനെ അതിർത്തികടത്താനുള്ള ശ്രമത്തിനിടെ മാർക്കസ് ഹാരിസിന് പിടികൊടുത്ത് മടങ്ങി. തുടക്കത്തിൽ പതിവ് പോലെ മന്ദഗതിയിൽ ബാറ്റേന്തിയ പൂജാര, വിക്കറ്റുകൾ പൊഴിയാൻ തുടങ്ങിയതോടെ ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. അവസാന സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാനായ ഋഷഭ് പന്തും വീണതോടെ അശ്വിനെ കൂട്ടുപിടിച്ചാണ് പൂജാര ഇന്ത്യനിന്നിങ്സിനെ മുന്നോട്ട് നയിച്ചത്. 76 പന്ത് നേരിട്ട അശ്വിൻ മടങ്ങിയ ശേഷം ഇഷാന്ത് ശർമയും ഷമിയും പൂജാരയ്ക്ക് കൂട്ടേകി. 89 റൺസിൽ നിന്നും തുടരെ സിക്‌സും ഫോറും പായിച്ച് 99 ലെത്തിയ പൂജാര 85ആം ഓവറിലാണ് ശതകം പൂർത്തിയാക്കിയത്. കമ്മിൻസിന്റെ മികച്ച ഫീൽഡിങ്ങിലൂടെ ഒമ്പതാമനായി മടങ്ങുമ്പോഴേക്കും താരം 246 പന്തുകളിൽ നിന്നും 123 റൺസ് സ്വന്തം പേരിൽ കുറിച്ചിരുന്നു. ഓസീസ് നിരയിൽ സ്റ്റാർക്ക് ഹേസൽവുഡ്, കമ്മിൻസ്, ലിയോൺ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!