ബോക്സിങ് ഡേ ടെസ്റ്റ് : ആദ്യദിനം ഇന്ത്യക്ക്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ ഇന്ത്യ 215 റൺസെടുത്തിട്ടുണ്ട്. 68 റൺസുമായി ചേതേശ്വർ പൂജാരയും 47 റൺസുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. അരങ്ങേറ്റത്തിൽ തന്നെ അർധസെഞ്ചുറിയുമായി തിളങ്ങിയ മയങ്ക് അഗർവാളാണ് ഇന്ത്യയുടെ തകർപ്പൻ തുടക്കത്തിന് അടിത്തറ പാകിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പുതുപുത്തൻ ഓപ്പണിങ് സഖ്യവുമായാണ് ക്രീസിലെത്തിയത്. മധ്യനിരയിൽ നിന്നും ലഭിച്ച സ്ഥാനക്കയറ്റവുമായി വിഹാരിയെത്തിയപ്പോൾ മയങ്ക് അഗർവാളിനായിരുന്നു കൂടെയിറങ്ങാനുള്ള ചുമതല. കഴിഞ്ഞ മത്സരത്തിൽ തരക്കേടില്ലാത്ത റൺനിരക്കിൽ ബാറ്റേന്തിയ വിഹാരി ഇത്തവണ പ്രതിരോധത്തിലൂന്നിയാണ് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. റൺസ് കണ്ടെത്തുന്നതിനേക്കാൾ ന്യൂബോളിനെ അതിജീവിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച താരം സിംഗിളുകൾ നേടാൻപോലും മടിച്ചപ്പോൾ ആദ്യടെസ്റ്റിന്റെ പരിഭ്രമം തെല്ലുമില്ലാതെ മറുവശത്ത് അഗർവാൾ റൺസ് കണ്ടെത്താൻ തുടങ്ങി. ബൗളർമാർക്ക് ഒരു സഹായവും വാഗ്ദാനം ചെയ്യാതിരുന്ന പിച്ചിൽ ബൗൺസറുകളെറിയാൻ തുടരെ യത്നിച്ച പാറ്റ് കമ്മിൻസിലൂടെ ഓസ്‌ട്രേലിയ ആദ്യവിക്കറ്റ് നേടുമ്പോഴേക്കും മത്സരം ഏതാണ്ട് ഇരുപതോവറുകളോളം പിന്നിട്ടിരുന്നു. 2010 ഡിസംബറിൽ സെവാഗ് – ഗംഭീർ സഖ്യത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യക്ക് പുറത്ത് ഇരുപത് ഓവറുകളോളം വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിൽക്കുന്നത്. സെക്കന്റ് സ്ലിപ്പിൽ ഫിഞ്ചിന് പിടികൊടുത്ത്, 66 പന്തിൽ എട്ടുറണ്ണുമായി മടങ്ങിയ വിഹാരിക്ക് ശേഷം ക്രീസിലെത്തിയ പൂജാര പതിവ് മികവ് പുറത്തെടുത്തതോടെ മത്സരത്തിന്റെ കടിഞ്ഞാൺ പൂർണ്ണമായും ഇന്ത്യയുടെ കൈകളിലായി. കമ്മിൻസിന്റെ രണ്ടാംവിക്കറ്റായി, 76 റൺസുമായി അഗർവാൾ മടങ്ങുമ്പോഴേക്കും ഇന്ത്യൻ സ്കോറിന്റെ അറുപത് ശതമാനത്തിലധികവും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. രണ്ടാംസെഷനിലെ അവസാനപന്തിൽ പുറത്തായ താരത്തെ ആരവങ്ങളോടെയാണ് മെൽബണിലെ ഇന്ത്യൻ കാണികൾ എതിരേറ്റത്. തുടർന്നെത്തിയ നായകൻ വിരാട് കോഹ്‌ലി മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത വർധിച്ചു. ഇരുതാരങ്ങളും അനായാസം മികച്ച ഷോട്ടുകളുതിർത്തെങ്കിലും ഔട്ട്ഫീൽഡിന്റെ വേഗതക്കുറവ് ഇന്ത്യക്കർഹിച്ച പല ബൗണ്ടറികളേയും ഡബിളിലൊതുക്കി. അവസാനസെഷനിലുടനീളം ഒരുവിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വ്യക്തമായ ആധിപത്യം വെച്ചുപുലർത്താൻ കഴിഞ്ഞതോടെ ആദ്യദിനം പൂർണമായും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!