നാലാം ടെസ്റ്റ്‌, ഇന്ത്യ പിടിമുറുക്കുന്നു

സിഡ്‌നി ടെസ്റ്റിൽ രണ്ടുദിവസങ്ങൾ അവശേഷിക്കവെ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്കോറായ 622 റൺസ് പിന്തുടരാനിറങ്ങിയ ഓസീസ് കളിയവസാനിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എന്ന നിലയിലാണ്. 28 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോമ്പും 25 റൺസുമായി പാറ്റ് കമ്മിൻസുമാണ് ആതിഥേയർക്കായി ക്രീസിലുള്ളത്. ഫോളോ ഓൺ ഒഴിവാക്കാൻ ടീമിന് ഇനിയും 187 റൺസ് വേണമെന്നിരിക്കെ പരാജയഭീതിയിലാണ് ഓസീസ്. പിച്ചിൽ നിന്നും പറയത്തക്ക പിന്തുണ ലഭിച്ചില്ലെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യ എതിരാളികളെ വരിഞ്ഞുമുറുക്കുകയായിരുന്നു. കുൽദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ്‌ ഷമിക്കായിരുന്നു അവശേഷിച്ച വിക്കറ്റ്.

ഇന്ത്യയുയർത്തിയ പടുകൂറ്റൻ സ്കോർ നേരിടാനിറങ്ങിയ ഓസീസിന്റെ തുടക്കം കരുതലോടെയായിരുന്നു. ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ക്വാജയുടെ രൂപത്തിൽ ആദ്യവിക്കറ്റ് നഷ്ടമാവുമ്പോഴേക്കും ടീം 72 റൺസ് നേടിയിരുന്നു. മാർക്കസ് ഹാരിസ് അർദ്ധശതകം പിന്നിട്ടതോടെ ഓസീസ് കൃത്യമായ ദിശയിലാണെന്ന് തോന്നിച്ചെങ്കിലും ഏറെവൈകാതെ സ്ഥിതി തകിടം മറിഞ്ഞു. 128 ന് ഒന്ന് എന്ന നിലയിൽ നിന്ന കങ്കാരുപ്പടയ്ക്ക് അടുത്ത 70 റൺസെടുക്കുമ്പോഴേക്കും നഷ്ടമായത് അഞ്ചുവിക്കറ്റുകൾ. തുടക്കത്തിൽ വിക്കറ്റ് വീഴ്ത്താനൽപ്പം പാടുപെട്ട ഇന്ത്യ പന്ത് സ്പിന്നർമാരെ ഏൽപ്പിച്ചതോടെയാണ് കാര്യങ്ങൾ വരുതിയിലായത്. ക്വാജയെ കുൽദീപ് യാദവ് മടക്കിയപ്പോൾ രവീന്ദ്ര ജഡേജയ്ക്കായിരുന്നു ഹാരിസിന്റെ വിക്കറ്റ്. ഫിഞ്ചിന് പകരക്കാരനായി എത്തിയ ലബുഷെയ്‌നെ ഷമി രഹാനെയുടെ കൈകളിലെത്തിച്ചപ്പോൾ എട്ടുറൺസ് മാത്രമെടുത്ത ഷോൺ മാർഷ് ജഡേജയുടെ രണ്ടാമത്തെ ഇരയായി. തുടർന്നെത്തിയ ട്രാവിസ് ഹെഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ക്രീസിൽ അധികനേരം പിടിച്ചുനിൽക്കുന്നതിൽ താരവും പരാജയപ്പെട്ടു. സ്വന്തം പന്തിൽ കുൽദീപ് യാദവാണ് ഹെഡിന്റെ ക്യാച്ചെടുത്തത്. നായകൻ ടിം പെയിനും കുൽദീപിന് മുന്നിൽ മുട്ടുകുട്ടിയതോടെ ഇന്ന് തന്നെ ഓസ്‌ട്രേലിയൻ ഇന്നിങ്സിന് പരിസമാപ്തിയാവുമെന്ന് കരുതിയെങ്കിലും വെളിച്ചക്കുറവും മഴയുമെത്തിയതിനാൽ പതിനാറോളം ഓവറുകൾ ബാക്കി നിൽക്കെ ഇന്നത്തെ കളി അവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!