മാനം തെളിഞ്ഞേ നിന്നാൽ…

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യക്കിനി എതിരാളി കാലാവസ്ഥ. ആതിഥേയരെ മത്സരത്തിന്റെ സർവ്വമേഖലകളിലും പിന്നിലാക്കിയ ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്ന് ഉറപ്പായെങ്കിലും നാലാം ടെസ്റ്റിൽ വിജയതീരമണയാൻ മഴ കനിഞ്ഞേ മതിയാവൂ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 622നൊപ്പമെത്താൻ ഇറങ്ങിയ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാനായ ഇന്ത്യ മത്സരത്തിലിനി തങ്ങൾ തോൽക്കില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. സ്വന്തംമണ്ണിൽ 30 വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയ ഫോളോ ഓൺ വഴങ്ങുന്നത്. നാലാംദിനത്തിന്റെ സിംഹഭാഗവും കീശയിലാക്കിയ മഴയും വെളിച്ചക്കുറവും അവസാനദിനത്തിലും അവതരിച്ചാൽ ഓസീസിന് സമനിലയുമായി തടിതപ്പാം.

സ്കോർ

ഇന്ത്യ 622/7 d

ഓസ്‌ട്രേലിയ 300/10, 6/0

ഇന്ത്യക്ക് ആശങ്കയേകിക്കൊണ്ടാണ് നാലാംദിനം ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തിന്റെ അവസാന സെഷനിൽ വില്ലനായെത്തിയ കാർമേഘങ്ങൾ ഇന്നത്തെ ആദ്യസെഷൻ പൂർണ്ണമായും അപഹരിച്ചു. ഇന്നലെ നഷ്ടമായ ഓവറുകൾ ചെയ്തുതീർക്കാനായി ഇന്ന് അരമണിക്കൂർ നേരത്തെ തന്നെ മത്സരം ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും നാല് മണിക്കൂറോളം വൈകിയാണ് ഒടുവിൽ മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ന്യൂ ബോളെടുത്ത ഇന്ത്യക്ക് ദിനത്തിലെ രണ്ടാംഓവറിൽ തന്നെ ആദ്യവിക്കറ്റ് ലഭിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റുകൊണ്ട് ടീമിനേറെ തലവേദന നൽകിയ പാറ്റ് കമ്മിൻസിനെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 111ഓളം പന്തുകൾ പ്രതിരോധിച്ച് 37 റൺസെടുത്ത ഹാൻഡ്‌സ്കോമ്പിന്റെ ഊഴമായിരുന്നു അടുത്തത്. ജസ്പ്രീത് ബുമ്രയുടെ ആദ്യഇരയായി താരം പവലിയനിലേക്ക് മടങ്ങുമ്പോൾ ഓസീസ് സ്കോർബോർഡിൽ 257 റൺസായിരുന്നു. നഥാൻ ലിയോണിനെ അക്കൗണ്ട് തുറക്കുംമുൻപ് കുൽദീപ് യാദവ് വീഴ്ത്തിയതോടെ നാലാംദിനത്തിൽ 22 റൺസ് എടുക്കുമ്പോഴേക്കും കങ്കാരുക്കളുടെ മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞുവീണു. അവസാനവിക്കറ്റിൽ ഹേസൽവുഡും സ്റ്റാർക്കും പൊരുതിനിന്നെങ്കിലും കുൽദീപ് യാദവിന്റെ അഞ്ചാംവിക്കറ്റായി ഹേസൽവുഡ് വീണതോടെ ഇന്ത്യൻ സ്കോറിന് 322 റൺസകലെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സിന് തിരശീല വീണു. കാലാവസ്ഥയ്ക്കും കളിയിൽ നിർണ്ണായക റോളുള്ളതിനാൽ ഇന്ത്യൻ നായകൻ ഓസീസിനെ രണ്ടാംവട്ടവും ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാമിന്നിങ്സിൽ ഓസീസ് നാല് ഓവറുകൾ മാത്രം നേരിടുമ്പോഴേക്കും വെളിച്ചക്കുറവ് മൂലം കളി നിർത്തിവെക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!