വലൻസിയയെ തകർത്ത് ബാഴ്‌സ

ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക്‌ തകർപ്പൻ ജയം. ശക്തരായ വലൻസിയയെ രണ്ടിനെതിരെ അഞ്ച്‌ ഗോളുകൾക്കാണ്‌ ബാഴ്‌സ തകർത്തത്‌. പകരക്കാരനായി കളത്തിലിറങ്ങിയ ലൂയിസ്‌ സുവാരസ്‌ ഇരട്ടഗോളുകൾ നേടി.
മൽസരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ആതിഥേയർ മുന്നിലെത്തി. കൗമാര താരം അൻസു ഫാറ്റിയാണ്‌ ഗോൾ നേടിയത്‌. പിന്നാലെ ഏഴാം മിനുട്ടിൽ ഫാറ്റിയുടെ പാസിൽ നിന്ന് ഡച്ച്‌ താരം ഫ്രെങ്കി ഡിയോംഗും വല കുലുക്കി. ഇടവേളക്ക്‌ പിരിയുന്നതിന്‌ മുമ്പായി കെവിൻ ഗമെയ്‌റോ ഒരു ഗോൾ മടക്കിയതോടെ മൽസരം കൂടുതൽ ആവേശകരമായി.
രണ്ടാം പകുതിയിലും ആവേശം ചോരാതെ കളിച്ച ബാഴ്‌സക്കായി ജെറാർഡ്‌ പിക്വെ ലീഡുയർത്തി. പിന്നീട്‌ പകരക്കാരനായി കളത്തിലിറങ്ങിയ ലൂയിസ്‌ സുവാരസ്‌ 61′, 82′ മിനുട്ടുകളിൽ ലക്ഷ്യം കണ്ടതോടെ ബാഴ്‌സ തങ്ങളുടെ ഗോൾ നേട്ടം അഞ്ചായി ഉയർത്തി. മൽസരം അവസാനിക്കുന്നതിന്‌ തൊട്ട്‌ മുമ്പായി മാക്‌സിമിലിയാനൊ ഗോമസ്‌ സന്ദർശകർക്കായി രണ്ടാം ഗോൾ നേടിയത്‌ പരാജയത്തിന്റെ ഭാരം കുറച്ചു.
ജയത്തോടെ ഏഴ്‌ പോയിന്റുമായി ബാഴ്‌സ നാലാം സ്ഥാനത്തേക്ക്‌ കയറി. ലീഗിൽ ഗ്രനഡയാണ്‌ ടീമിന്റെ അടുത്ത എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!