ഡൽഹിയേയും കീഴടക്കി ബംഗളൂരു

ആക്രമിച്ച്‌ കളിച്ച ഡൽഹിയെ ഒരു ഗോളിന്‌ വീഴ്ത്തി ബംഗളൂരു എഫ്‌.സി. 87ആം മിനുട്ടിൽ ഉദാന്ത സിംഗ്‌ ആണ്‌ നിർണായക ഗോൾ നേടിയത്‌. ബംഗളൂരു ജഴ്‌സിയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ 150ആം മൽസരമായിരുന്നു ഇത്‌.

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ പതിവിന്‌ വിപരീതമായി ഡൽഹിയാണ്‌ ആക്രമിച്ച്‌ കളിച്ചത്‌. ആദ്യ പകുതിയിൽ അഞ്ചോളം മികച്ച അവസരങ്ങളാണ്‌ ഡൽഹി നഷ്ടപ്പെടുത്തിയത്‌. ബംഗളൂരുവിനെ അവരുടെ സ്വതസിദ്ധമായ ശൈലിയിൽ പന്ത്‌ തട്ടാൻ അനുവദിക്കാതെ ആദ്യ പകുതിയിൽ ഡൽഹി കളം പിടിച്ചു. ചാങ്ങ്‌തെയും കാലുഡറോവിച്ചും നന്ദകുമാറും അവസരങ്ങൾ തുലച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിക്ക്‌ ആദ്യ പകുതിയിൽ ലീഡ്‌ നേടാമായിരുന്നു. കീപ്പർ ഗുർപ്രീത്‌ സിംഗുവിന്റെ മനസാന്നിധ്യമാണ്‌ ബംഗളൂരുവിനെ രക്ഷിച്ചത്‌. മറുവശത്ത്‌ ബംഗളൂരുവിന്റെ പ്രത്യാക്രമണങ്ങൾ ഡൽഹി ക്യാപ്റ്റൻ പ്രീതം കോട്ടാൽ കൃത്യമായി തടഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിനോ ആന്റോയെ പിൻവലിച്ച്‌ എറിക്‌ പാർതാലുവിനെ ഇറക്കി മൽസരത്തിന്റെ നിയന്ത്രണം തിരിച്ച്‌ പിടിക്കാൻ ബംഗളൂരു ശ്രമിച്ചു. തൊട്ട്‌ പിന്നാലെ ഹോകിപിനേയും ഇറക്കിയ ബംഗളൂരു പതിയെ മൽസരത്തിലേക്ക്‌ തിരിച്ച്‌ വന്നു. ഡൽഹി കർമോണയെ പിൻവലിച്ച്‌ മിഹലിച്ചിനേയും ചാങ്ങ്‌തെയെ പിൻവലിച്ച്‌ റോമിയോ ഫെർണാണ്ടസിനേയും കളത്തിലിറക്കി. പിന്നീടും ഡൽഹി അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ മൽസര ഗതിക്കെതിരായി 87ആം മിനുട്ടിൽ ബംഗളൂരു വിജയ ഗോൾ നേടി. ഉദാന്ത സിംഗിന്റെ ഷോട്ട്‌ ഡൽഹി പ്രതിരോധത്തിന്റെ കാലിൽ തട്ടി വലയിലേക്ക്‌ കയറുമ്പോൾ ഗോൾകീപ്പർ ആൽബിനോ ഗോമസ്‌ നിസ്സഹായനായിരുന്നു. ഈ സീസണിൽ ഡൽഹി ഒരു മൽസരം പോലും ജയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!