ആരോൺ റാംസിക്കിന്ന് പിറന്നാൾ

വെയിൽസ്‌ അന്താരാഷ്ട്ര ഫുട്ബോൾ താരവും ആഴ്‌സനലിന്റെ അവിഭാജ്യ ഘടകവുമായ ആരോൺ റാംസിയുടെ ഇരുപത്തെട്ടാം ജന്മദിനമാണിന്ന്.

തന്റെ ഒമ്പതാം വയസിലാണ് റാംസി ഫുട്ബോളിലേക്ക്‌ എത്തുന്നത്. കാർഡിഫ്‌ സിറ്റിയുടെ യൂത്ത്‌ അക്കാദമിയിൽ ചേർന്ന താരം വളരെ പെട്ടെന്ന് തന്നെ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. തന്റെ പതിനാറാം വയസിൽ കാർഡിഫ്‌ സീനിയർ ടീമിൽ അരങ്ങേറിയ റാംസി ടീമിന്‌ വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. മികച്ച പ്രകടനങ്ങൾ താരത്തെ 2008ൽ ആഴ്‌സനലിലെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്‌, എവർട്ടൺ തുടങ്ങിയ ക്ലബുകൾ പിന്നാലെ ഉണ്ടായിരുന്നെങ്കിലും വെംഗറുടെ പ്രത്യേക താൽപര്യപ്രകാരമാണ്‌ റാംസി ആഴ്‌സനലിലെത്തിയത്‌. ആഴ്‌സനലിൽ പതിയെ സ്ഥിരതാരമായി മാറിയെങ്കിലും റാംസി ഒരു പരിക്കിന്‌ ശേഷം നോട്ടിംഗ്‌ഹാം ഫോറസ്റ്റിലും കാർഡിഫിലും ലോണിലെത്തി. നിലവിൽ ആഴ്‌സനലിന്റെ പ്രധാന താരങ്ങളിലൊരാളാണ്‌ ഈ മധ്യനിരക്കാരൻ.
ആഴ്‌സനലിനൊപ്പം മൂന്ന് എഫ്‌.എ കപ്പ്‌ കിരീടങ്ങൾ നേടിയ റാംസി രണ്ട്‌ സീസണിൽ ആഴ്‌സനലിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

വെയിൽസിന്റെ അണ്ടർ-17 ടീമിലൂടെയാണ്‌ താരം ദേശീയ കരിയർ ആരംഭിച്ചത്‌. തന്റെ 17ആം വയസിൽ ഡെന്മാർക്കിനെതിരെ സീനിയർ ടീമിൽ താരം അരങ്ങേറി. ഇരുപതാം വയസിൽ വെയിൽസിന്റെ ക്യാപ്റ്റനായും റാംസി മാറി. നിലവിൽ 58 മൽസരങ്ങൾ വെയിൽസിനായി കളിച്ച റാംസി 14 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്‌.
റാംസിയെ കുറിച്ച്‌ പ്രചരിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്‌. റാംസി ഗോളടിക്കുമ്പോൾ ഏതെങ്കിലും പ്രശസ്ത വ്യക്തി മരണമടയുന്നതിനെ പറ്റിയാണത്‌. ‘റാംസി കഴ്‌സ്‌’ എന്നാണിത്‌ അറിയപ്പെടുന്നത്‌. റാംസിയുടെ ഗോളിന്‌ പിന്നാലെ മരണമടഞ്ഞവർ ചില്ലറക്കാരല്ല. ഉസാമ ബിൻ ലാദൻ, സ്റ്റീവ്‌ ജോബ്‌സ്‌, പോൾ വാക്കർ, മുഅമ്മർ ഗദ്ദാഫി എന്നിവർ അവരിൽ ചിലർ മാത്രമാണ്‌. 16 തവണയാണ്‌ ഇങ്ങനെ പ്രശസ്തർ മരണമടഞ്ഞത്‌.
ആഴ്‌സനൽ മധ്യ നിരയിൽ തിളങ്ങി നിൽക്കുന്ന റാംസിക്ക്‌ ജന്മദിനാശംസകൾ നേരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!