അഗാസിക്കിന്ന് പിറന്നാൾ

അമേരിക്കൻ ടെന്നീസ്‌ ഇതിഹാസം ആന്ദ്രെ അഗാസിയുടെ നാൽപത്തിയൊമ്പതാം ജന്മദിനമാണിന്ന്. ലോക ഒന്നാം നമ്പർ താരമായിരുന്ന അഗാസി എൺപതുകൾ മുതൽ 2000ന്റെ പകുതി വരെ ടെന്നീസ്‌ ലോകത്ത്‌ നിറഞ്ഞിരുന്ന കളിക്കാരനായിരുന്നു. ടെന്നീസിനെ ജനപ്രിയമാക്കുന്നതിൽ അഗാസി ഏറെ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

1970ൽ ലാസ്‌വെഗാസിലാണ്‌ അഗാസി ജനിക്കുന്നത്‌. ഒളിമ്പിക്‌ ബോക്‌സറായിരുന്ന മൈക്‌ അഗാസിയാണ്‌ പിതാവ്‌. 13ആം വയസിൽ നിക്‌ ബൊല്ലെറ്റിയെരിയുടെ അക്കാദമിയിൽ ചേർന്നതാണ്‌ അഗാസിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. അഗാസിയുടെ കളി കണ്ട ബൊല്ലെറ്റിയെരി താരത്തെ സൗജന്യമായി അക്കാദമിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പതിനാറാം വയസിൽ പ്രൊഫഷനലായി മാറിയ അഗാസി 1998ൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന കൗമാര താരമായി മാറി. 1992ൽ വിംബിൾഡണിൽ താരം തന്റെ ആദ്യ ഗ്രാൻഡ്‌സ്ലാം കിരീടം നേടി. ബോറിസ്‌ ബെക്കർ, ജോൺ മക്കൻറോ തുടങ്ങിയ മഹാരഥന്മാരെ കീഴടക്കിയായിരുന്നു ഈ നേട്ടം. 1995ൽ ഒന്നാം റാങ്കിലെത്താനും അഗാസിക്കായി. തൊണ്ണൂറുകളിൽ മികച്ച ഫോമിൽ കളിച്ച അഗാസി കരിയർ ഗ്രാൻഡ്‌സ്ലാം കരസ്ഥമാക്കിയ ചുരുക്കം ചില താരങ്ങളിലൊരാളാണ്‌. മൂന്ന് തവണ അമേരിക്കൻ ടീമിനൊപ്പം ഡേവിസ്‌ കപ്പും താരം നേടി.

2006ൽ യു.എസ്‌.ഓപ്പണിലെ തോൽവിയോടെ വിരമിച്ച അഗാസി സാമൂഹ്യ സേവനത്തിലും മറ്റും സജീവമാണ്‌. 2001ൽ മറ്റൊരു ടെന്നീസ്‌ താരമായ സ്റ്റെഫി ഗ്രാഫിനെ വിവാഹം കഴിച്ച താരം ഇടക്കാലത്ത്‌ നൊവാക്‌ ദ്യോകോവിച്ചിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!