സ്പാനിഷ് മജീഷ്യന്റെ പിറന്നാൾ…

അജ്മൽ NK
———————————————————

“FABREGAS IS MAGIC, HE WEARS A MAGIC HAT”

ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാൻഫോർഡ് ബ്രിഡ്ജിലെ പതിനായിരക്കണക്കിന് ആരാധകരുടെ ആവേശത്തോടെയുള്ള ഈ സ്തുതിഗാനം മതിയാകും ലോക ഫുട്ബോളിലെ വാഴ്ത്തപെടാത്ത മധ്യനിരക്കാരൻ സെസ്‌ക് ഫാബ്രിഗാസിന്റെ വ്യാപ്തി മനസ്സിലാക്കാൻ…

1987 മെയ് 4നു സ്പെയിനിലെ കാറ്റലോണിയയിൽ അരേണൈസ് ഡിമാറിൽ ജനിച്ച ഫാബ് തന്റെ എട്ടാം വയസ്സിൽ കാറ്റലോണിയയിലെ ‘മറ്റാറോ’ എന്ന ടീമിലൂടെയാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്, 2 വർഷങ്ങൾക്കിപ്പുറം 1997ൽ തന്റെ പത്താം വയസ്സിൽ ലോക ഫുട്ബാളിൽ ഇതിഹാസങ്ങളെ വാർത്തെടുത്ത ബാർസലോണയുടെ ലാ മാസിയ അക്കാദമിയിലേക്ക് ചേക്കേറുകയും ആറ് വർഷം നീണ്ട ലാ മാസിയ ജീവിതം കഴിഞ്ഞു 2003ൽ ഇതിഹാസ പരിശീലകൻ ആർസെൻ വെങ്ങറുടെ കീഴിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിൽ ചേരുകയും ചെയ്തു. യുവതാരങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ എന്ന് വിശേഷണം ഉള്ള വെങ്ങറുടെ കീഴിൽ ലോക ഫുട്ബാളിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ ഫാബിനു പെട്ടെന്ന് സാധിച്ചു, കണ്ണഞ്ചിപ്പിക്കുന്ന പാസിങ് മികവ് കൊണ്ടും പക്വതയാർന്ന മധ്യനിര നേതൃപാടവം കൊണ്ടും ആഴ്‌സനൽ ആരാധകരുടെ മനസ്സിൽ കുടിയേറി ഈ ചെറുപ്പക്കാരൻ, ഇതിനിടെ സ്പാനിഷ് U-17,20,21 ടീമുകളിൽ സ്ഥാനം ഉറപ്പിച്ച ഫാബ് 2006ൽ സ്പെയിൻ സീനിയർ ടീമിലും അരങ്ങേറി.

8 വർഷം നീണ്ട ആഴ്‌സണൽ കരിയറിൽ 212 തവണ ഗണ്ണേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞ ഫാബ് 35 ഗോളുകൾ സ്വന്തമാക്കി. പക്ഷെ കിരീട നേട്ടങ്ങളിൽ ഫാബും ആഴ്സണലും ഒരുപാട് പിന്നോട്ടായി, 2004 ലെ കമ്മ്യൂണിറ്റി ഷിൽഡും 2005 ലെ എഫ്, എ കപ്പ് കിരീടവും മാത്രമായിരുന്നു ആകെയുള്ള നേട്ടങ്ങൾ, എങ്കിലും ദേശീയ ടീമിനൊപ്പമുള്ള സ്വപ്നതുല്യമായ നേട്ടങ്ങൾ ഒരു പരിധി വരെ താരത്തിന് ആശ്വാസമായി. 2008,2012 വര്ഷങ്ങളിലെ യൂറോ കപ്പ് വിജയവും 2010 ലെ ചരിത്ര നേട്ടമായ ലോകകപ്പ് വിജയത്തിലും സ്പെയിനിന്റെ നെടുംതൂണുകളിൽ ഒരാളായി പ്രവർത്തിക്കാൻ ഫാബിനു സാധിച്ചു. 110 തവണ സ്പാനിഷ് കുപ്പായത്തിൽ കളത്തിലിറങ്ങിയപ്പോൾ 15 തവണ ടീമിന് വേണ്ടി ലക്ഷ്യം കാണാൻ സാധിച്ചു.

2011ൽ തന്റെ സ്വപ്ന ക്ലബ് ആയ ബാഴ്‌സയിലേക്ക് ചേക്കേറിയ ഫാബ്രിഗാസ് 3 വർഷത്തിനിടെ 96 മത്സരങ്ങളിൽ നിന്നായി 28 ഗോളുകൾ സ്വന്തമാക്കി. ബാഴ്സയ്ക്കൊപ്പം ലാലിഗയും ക്ലബ് ലോകകപ്പും ഉൾപ്പെടെ അഞ്ചോളം കിരീട നേട്ടങ്ങളിൽ പങ്കാളിയായി. സാവിയും ഇനിയേസ്റ്റയും ബുസിയും അരങ്ങുതകർത്ത ബാഴ്‌സാ മധ്യനിരയിൽ പകരക്കാരനായി മാറേണ്ടി വന്ന ഫാബ് 2014ൽ ഇംഗ്ലീഷ് കരുത്തരായ ചെൽസിയിലേക്ക് ചേക്കേറി. തനിക്ക് കിട്ടാക്കനിയായിരുന്ന പ്രീമിയർ ലീഗ് കിരീടം നാലര വർഷത്തിനിടെ 2 തവണ മുത്തമിടാൻ ഫാബിനു സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ചെൽസി ആരാധകരുടെ മനം കവർന്ന ഫാബ് അവരുടെ പ്രിയപ്പെട്ട മജീഷ്യൻ ആയി മാറി, ചെൽസിക്ക് വേണ്ടി 138 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയ ഫാബ് തന്റെ പന്ത്രണ്ടര വർഷം നീണ്ടുനിന്ന പ്രീമിയർ ലീഗ് കരിയറിൽ 111 ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്തു.

2018/19 സീസണിൽ പ്രായം തളർത്തിയതോടെ ടീമിലെ മുൻനിര സ്ഥാനം നഷ്ടമായ ഫാബ് 2019 ജനുവരിയിൽ ഫ്രഞ്ച് ടീം മൊണോക്കോയിലേക്ക് ചേക്കേറി. 2 തവണ ആഴ്സണലിന്റെ സീസണിലെ മികച്ച താരമായി തെരെഞ്ഞെടുത്ത ഫാബ് 2 തവണ UEFA യുടെ വർഷത്തെ മികച്ച ടീമിലും 2 തവണ പ്രീമിയർ ലീഗിലെ മികച്ച ടീമിലും ഒപ്പം 2008,2012 യൂറോ കപ്പിലെ മികച്ച ടീമിലും സ്ഥാനംപിടിച്ചു.

16ആം വർഷം പിന്നിടുന്ന ഫുട്ബോൾ കരിയറിൽ ഏറ്റക്കുറച്ചിലുകൾ മാറി മറിഞ്ഞപ്പോഴും തളരാതെ തന്റെ ഊഴത്തിനായി കാത്തിരുന്ന ഒരു ജീനിയസ് കളിക്കാരന്, ലോക ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ കുടിയേറിയ പാസ് മാസ്റ്റർക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!