മാഴ്‌സലോയ്ക്കിന്ന് പിറന്നാൾ

ബ്രസീലിയൻ ഫുട്ബോൾ താരം മാഴ്‌സലോയുടെ മുപ്പത്തിയൊന്നാം പിറന്നാളാണിന്ന്. സ്പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിൽ കളിക്കുന്ന മാഴ്‌സലോ ലോകത്തെ മികച്ച ലെഫ്റ്റ്‌ ബാക്കുകളിലൊരാളായാണ്‌ അറിയപ്പെടുന്നത്‌.

1988ൽ ബ്രസീലിലെ റിയോ ഡി ജെനിറോയിൽ ജനിച്ച മാഴ്‌സലോ കുട്ടിക്കാലത്ത്‌ ഫുട്‌സാൽ കളിച്ചാണ്‌ വളർന്നത്‌. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന താരത്തെ ഫ്ലമിനൻസ്‌ ക്ലബ്‌ ടീമിലെടുത്തു. 2005ൽ ടീമിനൊപ്പം കിരീടം നേടിയ മാഴ്‌സലോയുടെ മികച്ച പ്രകടനങ്ങൾ പല യൂറോപ്യൻ ക്ലബുകളുടേയും കണ്ണ്‌ താരത്തിൽ പതിയാൻ കാരണമായി. അങ്ങനെ 2007ൽ എട്ട്‌ മില്യൺ ഡോളറിന്‌ മാഴ്‌സലോ റയൽ മാഡ്രിഡിലെത്തി.
ഡിപ്പോർട്ടിവോ ലാ കൊരുണക്കെതിരെ പകരക്കാരനായിറങ്ങിയാണ്‌ മാഴ്‌സലോയുടെ മാഡ്രിഡ്‌ കരിയർ ആരംഭിച്ചത്‌. പതിയെ ലീഗ്‌ മൽസരങ്ങളിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിനായി. പക്ഷെ 2009 സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ചതോടെ താരം വീണ്ടും ബെഞ്ചിലെത്തി. പിന്നീട്‌ വിംഗർ റോളുകളിലാണ്‌ താരം ആ സീസണിൽ കൂടുതലും കളിച്ചത്‌. അടുത്ത സീസണിൽ പെല്ലെഗ്രിനി പരിശീലകനായെത്തിയതോടെ വീണ്ടും മാഴ്‌സലോ ലെഫ്റ്റ്‌ ബാക്ക്‌ പൊസിഷനിൽ സ്ഥിരമാകാൻ തുടങ്ങി. 2010-11 സീസണാണ്‌ മാഴ്‌സലോയുടെ കരിയറിൽ നിർണായകമായത്‌. മികച്ച ഫോമിൽ പന്ത്‌ തട്ടിയ താരം റയലിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ ഭാഗമായി. ലീഗിലും ചാമ്പ്യൻസ്‌ ലീഗിലും ഒരു പോലെ കളിച്ച മാഴ്‌സലോയുടെ പ്രകടനങ്ങൾ റയലിന്റെ കുതിപ്പിലും നിർണായകമായി. പിന്നീട്‌ റയലിനൊപ്പം തുടർച്ചയായ ചാമ്പ്യൻസ്‌ ലീഗ്‌ നേട്ടങ്ങളിലും ലീഗ്‌ നേട്ടത്തിലും പങ്കാളിയാകാനും മാഴ്‌സലോക്ക്‌ കഴിഞ്ഞു.

2006 മുതൽ ബ്രസീൽ ജഴ്‌സിയണിയുന്ന താരം അരങ്ങേറ്റ മൽസരത്തിൽ തന്നെ ഗോളടിച്ചിട്ടുണ്ട്‌. ബ്രസീലിനൊപ്പം രണ്ട്‌ ഒളിമ്പിക്‌ മെഡലും കോൺഫെഡറേഷൻ കപ്പ്‌ കിരീടവും താരം നേടിയിട്ടുണ്ട്‌. ടീമിനായി ഇത്‌ വരെ 58 മൽസരങ്ങൾ കളിച്ച മാഴ്‌സലോ ആറ്‌ ഗോളുകളാണ്‌ നേടിയത്‌. മികച്ച പന്തടക്കവും വേഗതയും ഡ്രിബ്ലിംഗ്‌ മികവും ക്രോസിംഗിലെ മികവും മാഴ്‌സലോയെ വ്യത്യസ്തനാക്കുന്നു. പ്രതിരോധ നിരയിലാണ്‌ കളിക്കുന്നതെങ്കിലും റയലിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കാണ്‌ താരം വഹിക്കുന്നത്‌. ലെഫ്റ്റ്‌ ബാക്ക്‌ പൊസിഷനിലും വിംഗർ റോളിലും ഒരു പോലെ തിളങ്ങാൻ താരത്തിനാവാറുണ്ട്‌. കളി മികവിനാൽ ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസുമായാണ്‌ താരത്തെ താരതമ്യപ്പെടുത്താറ്‌. റയൽ മാഡ്രിഡിന്റെ സമീപ കാല നേട്ടങ്ങളിലെല്ലാം തന്റെ കയ്യൊപ്പ്‌ പതിപ്പിച്ച മാഴ്‌സലോക്ക്‌ ജന്മദിനാശംസകൾ നേരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!