ആൻഡി മറേക്കിന്ന് പിറന്നാൾ

ബ്രിട്ടീഷ്‌ ടെന്നീസ്‌ താരം ആൻഡി മറേയുടെ മുപ്പത്തിരണ്ടാം പിറന്നാളാണിന്ന്. മുൻ ലോക ഒന്നാം നമ്പർ താരമായ മറേ മൂന്ന് ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളും രണ്ട്‌ ഒളിമ്പിക്‌ സ്വർണ മെഡലുകളും നേടിയിട്ടുണ്ട്‌.

സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ 1987 മെയ്‌ 15നാണ്‌ മറേ ജനിക്കുന്നത്‌. 1996ൽ 16 കുട്ടികൾ കൊല ചെയ്യപ്പെട്ട ഡൻബ്ലൈൻ സ്കൂൾ കൂട്ടക്കൊലയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ്‌ മറേ. കുട്ടിക്കാലത്ത്‌ തന്നെ ടെന്നീസ്‌ പ്രാക്‌ടീസ്‌ ചെയ്ത്‌ തുടങ്ങിയ മറേ ജൂനിയർ ടൂർണമെന്റുകളിലൂടെ പേരെടുത്തു. 2004ൽ ജൂനിയർ യു.എസ്‌ ഓപ്പൺ നേടിയ മറേ തൊട്ടടുത്ത വർഷം മുതൽ പ്രഫഷനൽ താരമായി മാറി.
2005ൽ ഡേവിസ്‌ കപ്പ്‌ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ്‌ താരമായി മാറിയ മറേ 2006ൽ ബ്രിട്ടനിൽ റാങ്കിംഗിൽ ഒന്നാമതെത്തി. പതിയെ നേട്ടങ്ങൾ കൊയ്ത താരം 2012 ഒളിമ്പിക്‌സിൽ ഫൈനലിൽ ഫെഡററെ കീഴടക്കി സിംഗിൾസ്‌ സ്വർണം നേടി. മിക്‌സഡ്‌ ഡബിൾസിലും കളിച്ച താരം വെള്ളി മെഡലും കരസ്ഥമാക്കി. അതേ വർഷം ദ്യോകോവിച്ചിനെ ഫൈനലിൽ കീഴടക്കി യു.എസ്‌. ഓപ്പൺ കിരീടം നേടാനും മറേക്കായി. 2013ൽ വിംബിൾഡൺ നേടിയ മറേ മൂന്ന് വർഷങ്ങൾക്ക്‌ ശേഷം നേട്ടം ആവർത്തിച്ചു. 2016 ഒളിമ്പിക്‌സിൽ സിംഗിൾസ്‌ സ്വർണം നേടിയ താരം രണ്ട്‌ സിംഗിൾസ്‌ സ്വർണ മെഡലുകൾ കരസ്ഥമാക്കുന്ന ആദ്യ താരമായി മാറി. മികച്ച പ്രകടനങ്ങൾ താരത്തെ ലോക ഒന്നാം നമ്പർ താരമാക്കി മാറ്റി.

പരിക്കുകൾ അലട്ടിയ കരിയറായിരുന്നു മറേയുടേത്‌. തുടക്കം മുതൽ പരിക്കുകൾ താരത്തിനെ പിടികൂടി. ഇടുപ്പിനേറ്റ പരിക്കുകൾ മറേയുടെ കരിയറിന്‌ തന്നെ ഭീഷണിയായി മാറിയതോടെ താരം ശസ്ത്രക്രിയക്ക്‌ വിധേയനായി. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ്‌ വിശ്രമിക്കുന്ന താരം കളത്തിലേക്ക്‌ തിരിച്ചെത്താൻ ശ്രമിക്കുന്നുണ്ട്‌.
ടെന്നീസിൽ താരം നൽകിയ സംഭാവനകൾ പരിഗണിച്ച്‌ ബ്രിട്ടൺ താരത്തെ ഔദ്യോഗിക ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്‌. ബിബിസിയുടെ സ്പോർട്‌സ്‌ പേഴ്‌സനാലിറ്റി ഓഫ്‌ ദ ഇയർ അവാർഡിന്‌ മൂന്ന് തവണ അർഹനായ മറേ 2013ൽ ലോറസ്‌ പുരസ്കാരവും നേടിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!