കസിയസിനിന്ന് പിറന്നാൾ

മുൻ റയൽ മാഡ്രിഡ് സ്പാനിഷ് ഇതിഹാസം ഐകർ കസിയസിനു ഇന്ന് 38ആം പിറന്നാൾ. പകിട്ടേറിയ സേവിങ്‌ മികവ് കൊണ്ടും ഗോൾ കീപ്പിങ്ങിലെ മെയ്‌വഴക്കം കൊണ്ടും രണ്ടു പതിറ്റാണ്ടോളം ലോക ഫുട്ബോളിൽ നിറഞ്ഞു നിന്ന കസിയസ് 1981 മെയ് 20നു സ്പെയിനിലെ മോസ്‌റ്റോഴ്‌സിൽ ആണ് ജനിച്ചത്.

1990ൽ തന്റെ 9ആം വയസ്സിൽ സ്പാനിഷ് അതികായരായ റയൽ മാഡ്രിഡിന്റെ യൂത്ത് ടീമായ ലാ-ഫാബ്രിക്കയിലൂടെ തന്റെ കരിയർ ആരംഭിച്ച താരം 1999ൽ റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ ഇടം കണ്ടെത്തി. 1999-2000 സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ഒളിംപ്യകോസിനെതിരെയായിരുന്നു താരത്തിന്റെ ആദ്യ സീനിയർ ടീം അരങ്ങേറ്റം. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ കീപ്പർ എന്ന ഖ്യാതിയും കസിയസ് സ്വന്തം പേരിൽ എഴുതി ചേർത്തു. അതേ സീസണിൽ തന്നെ അത്ലറ്റികോ ബിൽബാവോയ്ക്കെതിരെ തന്റെ ലാലിഗ അരങ്ങേറ്റവും സാധ്യമാക്കി. പിന്നീടങ്ങോട്ട് 16 വർഷത്തോളം റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി വാണ കസിയസ് 725 മത്സരങ്ങളിൽ റയൽ മാഡ്രിഡിന്റെ വലയ്ക്ക് കാവൽ നിന്നു. 4 വർഷത്തിലധികം റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ പദവിയും അലങ്കരിച്ച താരം 5 സ്പാനിഷ് ലീഗ് കിരീടവും 3 ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടെ 18ഓളം കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2015ൽ പോർച്ചുഗീസ് ടീം പോർട്ടോയിലേക്ക് ചേക്കേറിയ കസിയസ് 116 മത്സരങ്ങളിൽ പോർട്ടോയ്ക്ക് വേണ്ടി പട നയിച്ചു.

2000ത്തിന്റെ തുടക്കത്തിൽ സ്പാനിഷ് രാജ്യാന്തര ടീമിൽ ഇടം കണ്ടെത്തിയ കസിയസ് 167 മത്സരങ്ങളിൽ കളത്തിലിറങ്ങി. 2008-12 കാലയളവിലെ സ്പാനിഷ് കുതിപ്പിനെ മുന്നിൽ നിന്ന് നയിച്ച താരം ഈ കാലയളവിൽ ലോകകപ്പ് ,യൂറോ കപ്പ് വിജയങ്ങളിൽ പങ്കാളിയായി. സ്പെയിനിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന അപൂർവ നേട്ടവും സ്വന്തം പേരിൽ എഴുതി ചേർത്തു.

രണ്ടു തവണ സ്പാനിഷ് ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ട കസിയസ് തന്റെ 37ആം വയസ്സിൽ പോർച്ചുഗീസ് ലീഗിലെ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. 5 തവണ ഫിഫ പ്രൊ വേൾഡ് ഇലവനിലും 6 തവണ UEFA ടീം ഓഫ് ദി ഇയറിലും സ്ഥാനം കണ്ടെത്തിയ ഐകർ 2010 ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്കാരവും സ്വന്തമാക്കി. സമീപകാലത്തു ആരോഗ്യപരമായ കഷ്ടതകൾ കാരണം തന്റെ ഔദ്യോഗിക ഫുട്ബാൾ ജീവിതത്തോട് പുഞ്ചിരിയാൽ വിട ചൊല്ലിയ ഇതിഹാസത്തിനു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!