പാപ്പച്ചനിന്ന് പിറന്നാൾ

ഒരു കാലത്ത്‌ കേരളത്തിനകത്തും പുറത്തുമുള്ള പുൽ മൈതാനങ്ങളെ കളി മികവ്‌ കൊണ്ട്‌ ത്രസിപ്പിച്ച സി.വി. പാപ്പച്ചന്റെ 54ആം ജന്മദിനമാണിന്ന്. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, കേരള പോലീസ്‌, കേരള ടീം , ഇന്ത്യൻ ദേശീയ ടീം തുടങ്ങിയവക്ക്‌ വേണ്ടി ബൂട്ടണിഞ്ഞ പാപ്പച്ചൻ ഇന്ത്യൻ ടീമിന്റെ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്‌.

തൃശൂർ ജില്ലയിലെ പറപ്പൂരിൽ 1965ലാണ്‌ പാപ്പച്ചൻ ജനിക്കുന്നത്‌. കേരള വർമ കോളേജിലൂടെ കളി തുടങ്ങിയ പാപ്പച്ചൻ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ടീമിലെത്തിയതോടെ പേരെടുത്തു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ വേണ്ടി കേരളത്തിനകത്തും പുറത്തുമുള്ള ടൂർണമെന്റുകളിൽ പുറത്തെടുത്ത മികവ്‌ താരത്തെ കേരള പൊലീസിലെത്തിച്ചു.
1985 മുതൽ 1998 വരെ കേരള പോലീസിന്റെ മുന്നേറ്റ നിരയിലെ അവിഭാജ്യ ഘടകമായിരുന്നു പാപ്പച്ചൻ. 1997-98 കാലയളവിൽ എഫ്‌.സി കൊച്ചിന്‌ വേണ്ടിയും താരം ബൂട്ട്‌ കെട്ടി. എട്ട്‌ തവണ കേരളത്തിനായി സന്തോഷ്‌ ട്രോഫിയിൽ കളിക്കാനും താരത്തിനായി. ഇതിൽ രണ്ട്‌ തവണ ടീം കിരീടം നേടി. ഇന്ത്യൻ ടീമിന്‌ വേണ്ടിയും മികച്ച പ്രകടനങ്ങളാണ്‌ താരം പുറത്തെടുത്തിട്ടുള്ളത്‌. 1987ൽ കാലിക്കറ്റ്‌ വെച്ച്‌ നടന്ന നെഹ്‌റു കപ്പിലും 1991ൽ തിരുവനന്തപുരത്ത്‌ വെച്ച്‌ നടന്ന നെഹ്‌റു കപ്പിലും ഇന്ത്യൻ ടീമിനെ നയിച്ചത്‌ പാപ്പച്ചനായിരുന്നു.

ജി.വി. രാജ പുരസ്കാരമടക്കം പല പുരസ്കാരങ്ങൾ പാപ്പച്ചനെത്തേടിയെത്തിയിട്ടുണ്ട്‌. 1989ലെ ഡ്യുറന്റ്‌ കപ്പിലും 1993ലെ ഫെഡറേഷൻ കപ്പിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌ ഇദ്ദേഹമായിരുന്നു. ഇതിന്‌ പുറമെ ജിമ്മി ജോർജ്‌ പുരസ്കാരവും കേരള സർക്കാരിന്റെ മികച്ച താരത്തിനുള്ള അവാർഡും പാപ്പച്ചൻ സ്വന്തമാക്കിയിട്ടുണ്ട്‌. പാപ്പച്ചനെക്കുറിച്ചെഴുതുമ്പോൾ ഒരു മൽസരത്തെ പരാമർശിക്കാതെ പോകാനാവില്ല. 1993ൽ കൊച്ചിയിൽ വെച്ച്‌ നടന്ന സന്തോഷ്‌ ട്രോഫി ഫൈനൽ പാപ്പച്ചന്റേതായിരുന്നു. മഹാരാഷ്ട്രക്കെതിരെയുള്ള ഫൈനൽ മൽസരത്തിന്റെ രണ്ടാം പകുതിയിൽ പാപ്പച്ചൻ അസാധ്യ കോണിൽ നിന്ന് തൊടുത്ത്‌ വിട്ട ഷോട്ടിന്‌ മഹാരാഷ്ട്രയുടെ ഗോൾ വല കാത്ത ഇന്ത്യൻ കീപ്പർ യൂസഫ്‌ അൻസാരിക്ക്‌ മറുപടിയുണ്ടായിരുന്നില്ല. പുതു തലമുറ നേരിൽ കണ്ടിട്ടില്ലെങ്കിലും കളിയുള്ള കാലത്തോളം പാപ്പച്ചന്റെ ഈ ഗോൾ അനശ്വരമായി ഓരോ മലയാളിയുടേയും ഓർമ്മയിൽ തങ്ങി നിൽക്കും. ഇന്ത്യൻ ഫുട്ബോളിന്‌ കേരളം സംഭാവന ചെയ്‌ത അതുല്യ പ്രതിഭക്ക്‌ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!