ദ്യോകോവിച്ചിനിന്ന് പിറന്നാൾ

ലോക ടെന്നീസ്‌ ഇതിഹാസവും സെർബിയൻ താരവുമായ നൊവാക്‌ ദ്യോകോവിച്ചിന്റെ 32ആം ജന്മദിനമാണിന്ന്. നിലവിൽ ലോക ഒന്നാം നമ്പർ താരമായ ദ്യോകോവിച്ച്‌ 15 ഗ്രാൻഡ്‌സ്ലാം സിംഗിൾസ്‌ കിരീടങ്ങൾ നേടിയിട്ടുണ്ട്‌.

1987ൽ സെർബിയയിലെ ബെൽഗ്രേഡിൽ ജനിച്ച ദ്യോകോവിച്ച്‌ നാലാം വയസിൽ തന്നെ ടെന്നീസ്‌ പരിശീലനം ആരംഭിച്ചു. കൂടുതൽ പരിശീലനത്തിനായി 12ആം വയസിൽ ജർമനിയിലേക്ക്‌ പോയ ദ്യോകോവിച്ച്‌ പിന്നീടുള്ള നാല്‌ വർഷം അവിടെയാണ്‌ ചിലവഴിച്ചത്‌.
യൂഗോസ്ലാവ്‌ ദേശീയ ടീമിന്റെ ഭാഗമായി 2001ൽ ജൂനിയർ ഡേവിസ്‌ കപ്പിലൂടെയാണ്‌ താരം ശ്രദ്ധ നേടുന്നത്‌. പിന്നീട്‌ 2003ൽ എ.ടി.പി ടൂർണമെന്റിൽ പങ്കെടുത്ത്‌ പ്രഫഷനലായി മാറി. പിന്നീട്‌ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിലടക്കം സ്ഥിര സാന്നിധ്യമായി മാറിയ ദ്യോകോവിച്ച്‌ നാല്‌ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിലും സെമിയിലെത്തുന്ന പ്രായം കുറഞ്ഞ താരമായി മാറി. 2008ൽ ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ തന്റെ ആദ്യ ഗ്രാൻഡ്‌സ്ലാം കിരീടം നേടാനും താരത്തിനായി.

ഫെഡറർ, നദാൽ എന്നിവരുടെ അപ്രമാദിത്വം അവസാനിപ്പിച്ച്‌ ദ്യോകോവിച്ചും ടെന്നീസിൽ നേട്ടങ്ങളുടെ ഉയരങ്ങൾ താണ്ടി. 2011ൽ മാത്രം മൂന്ന് ഗ്രാൻഡ്‌സ്ലാമുകളടക്കം പത്ത്‌ കിരീടങ്ങളാണ്‌ താരം നേടിയത്‌. ആദ്യമായി ലോക ഒന്നാം നമ്പറിലെത്താൻ ഈ നേട്ടങ്ങൾ താരത്തിന്‌ തുണയായി. താൻ കണ്ടതിൽ വെച്ച്‌ ഒരു താരത്തിന്‌ ലഭിക്കുന്ന ഏറ്റവും മികച്ച സീസൺ എന്നാണ്‌ ദ്യോകോവിച്ചിന്റെ 2011ലെ നേട്ടങ്ങളെ പീറ്റ്‌ സാംപ്രസ്‌ വിശേഷിപ്പിച്ചത്‌.
2016ൽ കരിയർ ഗ്രാൻഡ്‌സ്ലാം നേട്ടം കരസ്ഥമാക്കാനും ദ്യോകോവിച്ചിനായിട്ടുണ്ട്‌. ടെന്നീസ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ്‌ ദ്യോകോവിച്ച്‌ കണക്കാക്കപ്പെടുന്നത്‌. ദ്യോകോവിച്ചിന്റെ ശൈലിയും ഒരുപാട്‌ അഭിനന്ദനങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌. നാല്‌ തവണ ലോറസ്‌ പുരസ്കാരം നേടിയ ദ്യോകോവിച്ച്‌ ഒമ്പത്‌ മാസ്റ്റേഴ്‌സ്‌ കിരീടങ്ങളും നേടിയ ഏക പുരുഷ താരം കൂടിയാണ്‌. ജന്മദിനാശംസകൾ ദ്യോകോവിച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!