കിംഗ് എറിക് കന്റോണ

” മാഞ്ചസ്റ്റർ യുണൈറ്റഡിനായി മാത്രം പന്ത്‌ തട്ടാൻ ഒരു താരം ജനിച്ചിട്ടുണ്ടെങ്കിൽ അത്‌ കന്റോണയാണ്‌. അയാളുടെ കാലിൽ പന്തെത്തുമ്പോഴെല്ലാം ഓൾഡ്‌ ട്രാഫോർഡ്‌ ഉന്മത്തത പൂണ്ടിരുന്നു.”
ഒട്ടനവധി ഇതിഹാസ താരങ്ങൾക്‌ പിറവി നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകൻ സർ അലക്‌സ്‌ ഫെർഗൂസന്റെ വാക്കുകളാണിവ. ചുവന്ന ചെകുത്താന്മാരുടെ പ്രിയ താരത്തിന്റെ ജന്മദിനമാണിന്ന്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തൊണ്ണൂറുകളിലെ ഉയർച്ച തുടങ്ങുന്നത്‌ കന്റോണയെന്ന താരത്തിലൂടെയാണ്‌. ഫെർഗൂസണെന്ന പരിശീലകൻ കന്റോണയുടെ ചിറകിലേറിയാണ്‌ യുണൈറ്റഡിനെ മികവുകളിലേക്കെത്തിച്ചത്‌. ഫ്രാൻസിലെ മാഴ്‌സെയിൽ ജനിച്ച കന്റോണ യുണൈറ്റഡിലെത്തും മുമ്പേ ഫ്രഞ്ച്‌ ക്ലബുകളായ ഓക്സെറെയിലും മാഴ്‌സേയിലും ബോർഡെക്‌സിലും മോണ്ട്‌പെല്ലിയറിലുമൊക്കെ പന്ത്‌ തട്ടിയിരുന്നു. 1991ൽ ലിവർപൂളുമായുള്ള ഒക്‌സെറെയുടെ മൽസരത്തിന്‌ ശേഷം മിഷേൽ പ്ലാറ്റിനി അന്നത്തെ ലിവർപൂൾ മാനേജർ ഗ്രെയിം സോനെസ്സിനെ കണ്ട്‌ കന്റോണയെ ടീമിന്‌ ഓഫർ ചെയ്തിരുന്നു. പക്ഷെ താരത്തിന്റെ സ്വഭാവ മഹിമയെ കുറിച്ച്‌ നന്നായറിയുന്ന ലിവർപൂൾ പരിശീലകൻ ആ ഓഫർ നിരസിക്കുകയാണുണ്ടായത്‌. കളിച്ച ക്ലബുകളിലെല്ലാം അച്ചടക്കമില്ലായ്മയുടെ പേരിൽ കന്റോണ കുപ്രസിദ്ധിയാർജിച്ചിരുന്നു. പിന്നീട്‌ ഷെഫീൽഡ്‌ വെനസ്ഡേയിലും കളിക്കാൻ ശ്രമിച്ചെങ്കിലും താരത്തിനതിനായില്ല. അങ്ങനെ ലീഡ്‌സ്‌ യുണൈറ്റഡിലാണ്‌ താരം ഇംഗ്ലണ്ടിൽ തന്റെ കരിയർ ആരംഭിക്കുന്നത്‌.
ലീഡ്‌സ്‌ ചെയർമാൻ ബിൽ ഫൊതെർബിയുടെ ഒരു ഫോൺ കോളാണ്‌ യുണൈറ്റഡിന്റെ ചരിത്രം മാറ്റിക്കുറിക്കുന്നത്‌. 1966-67 സീസണിൽ മാറ്റ്‌ ബസ്ബിയുടെ കീഴിൽ കിരീടം നേടിയ ശേഷം 26 വർഷത്തോളമായി ലീഗ്‌ കിരീടമില്ലാതെ യുണൈറ്റഡ്‌ ഉഴറുകയായിരുന്നു. ഏത്‌ വിധേനയും ലീഗ്‌ കിരീടം നേടാനായി ശ്രമിച്ച ഫെർഗൂസൻ അലൻ ഷിയററെ ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട്‌ കന്റോണയടക്കമുള്ള ചില താരങ്ങളുടെ പട്ടിക തയ്യാറാക്കി നിൽക്കുമ്പോഴാണ്‌ ബിൽ ഫൊതെർബിയുടെ ഫോൺ മാഞ്ചസ്റ്റർ ചെയർമാൻ മാർട്ടിൻ എഡ്വാർഡ്‌സിനെ തേടിയെത്തുന്നത്‌. യുണൈറ്റഡിന്റെ ലെഫ്റ്റ്‌ ബാക്ക്‌ ഡെനിസ്‌ ഇർവിനെ ലഭിക്കുമോ എന്നറിയാനായിരുന്നു ആ കോൾ. ഇർവിൻ ലഭ്യമല്ല എന്നറിയിച്ച എഡ്വാർഡ്‌സ്‌ അപ്പോൾ തന്നെ കന്റോണയെ തിരക്കി. ലീഡ്‌സിലെത്തിയ ഒരു വർഷം കൊണ്ട്‌ തന്നെ ടീമിന്‌ ലീഗ്‌ കിരീടം നേടിക്കൊടുത്ത്‌ തിളങ്ങി നിൽക്കുകയായിരുന്നു കന്റോണയപ്പോൾ.

പിന്നീടെല്ലാം ഏവരും പറയുന്ന പോലെ ചരിത്രമാണ്‌. ഫെർഗൂസൻ തന്റെ വജ്രായുധത്തെ ഓൾഡ്‌ ട്രാഫോർഡിലെത്തിച്ചു.
സിറ്റിക്കെതിരെയുള്ള വിജയത്തോടെ യുണൈറ്റഡ്‌ ജഴ്‌സിയിൽ അരങ്ങേറിയ കന്റോണ മാർക്‌ ഹ്യൂഗ്‌സുമൊത്ത്‌ മുന്നേറ്റത്തിൽ നിറഞ്ഞാടി. നീണ്ട കാത്തിരിപ്പിന്‌ ശേഷം പ്രീമിയർ ലീഗ്‌ കിരീടം യുണൈറ്റഡിന്റെ ഷോക്കേസിലെത്തി. എഫ്‌.എ കപ്പും നേടിയ യുണൈറ്റഡിനായി 26 ഗോളുകളാണ്‌ കന്റോണ ആദ്യ സീസണിൽ നേടിയത്‌. മൈതാനത്ത്‌ നിറഞ്ഞ്‌ കളിച്ച കന്റോണയുടെ മികവിൽ കിരീടങ്ങൾ യുണൈറ്റഡിനെ തേടിയെത്തിക്കൊണ്ടേയിരുന്നു. കളിച്ച കാലയളവിൽ ഒരു സീസണിൽ മാത്രമാണ്‌ കന്റോണക്ക്‌ ലീഗ്‌ കിരീടം ലഭിക്കാതെ പോയത്‌. അത്‌ 1994-95ൽ കന്റോണ വിലക്ക്‌ മൂലം എട്ട്‌ മാസം കളത്തിന്‌ പുറത്തിരുന്നപ്പോഴാണ്‌. ക്രിസ്റ്റൽ പാലസ്‌ ആരാധകനെ കുപ്രസിദ്ധമായ ‘കുംഗ്‌-ഫു കിക്കി’ലൂടെ വീഴ്ത്തിയതിനായിരുന്നു താരത്തിന്‌ വിലക്ക്‌ ലഭിച്ചത്‌.
വിലക്കിന്‌ ശേഷം താരത്തിന്റെ ആദ്യ മൽസരം ലിവർപൂളിനെതിരെയായിരുന്നു. ചിര വൈരികൾക്കെതിരെയുള്ള മൽസരത്തിൽ പിറന്ന രണ്ട്‌ ഗോളുകൾക്കും വഴിയൊരുക്കി താരം തിരിച്ചു വരവ്‌ ആഘോഷിച്ചു. ആ സീസണൊടുവിൽ 1996ൽ കന്റോണയുടെ മികവിൽ യുണൈറ്റഡ്‌ ലീഗ്‌ കിരീടം തിരിച്ച്‌ പിടിച്ചു. എഫ്‌.എ കപ്പ്‌ ഫൈനലിൽ ലിവർപൂളിനെതിരെ വിജയ ഗോൾ നേടി കന്റോണ യുണൈറ്റഡ്‌ ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടി.

അഞ്ച്‌ വർഷം മാത്രം യുണൈറ്റഡിനായി ബൂട്ട്‌ കെട്ടി മാഞ്ചസ്റ്ററിൽ അനശ്വരനായി മാറാൻ കന്റോണക്കായി. ഓൾഡ്‌ ട്രാഫോർഡിനെ വീണ്ടും തിയറ്റർ ഓഫ്‌ ഡ്രീംസ്‌ ആക്കി മാറ്റിയത്‌ കന്റോണയാണ്‌. അതിനാൽ തന്നെയാണ്‌ ഓരോ ആരാധകനും കന്റോണയിന്നും കിംഗ്‌ എറികായി നില കൊള്ളുന്നത്‌. ജന്മദിനാശംസകൾ കിംഗ്‌ എറിക്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!