കങ്കാരുക്കളിലെ കരീബിയന് ജന്മദിനാശംസകൾ

ഹരികൃഷ്ണൻ മിതൃമ്മല

ആൺഡ്രൂ സൈമണ്ട്സ്. ടോപ്പ് ഓർഡർ തകരുമ്പോൾ പ്രിയ സുഹൃത്ത് മാത്യു ഹെയ്ഡനുമൊത്ത് ഓസ്ട്രേലിയൻ ഇന്നിങ്‌സിനെ നങ്കൂരമിട്ട് നിർത്താറുള്ള കരീബിയൻ-യൂറോപ്യൻ രക്തങ്ങളുടെ സുന്ദര സമ്മേളനം. താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫീൽഡർ എന്ന് റിക്കി പോണ്ടിങ് വിശേഷിപ്പിച്ച കരുത്തൻ.

അച്ഛനമ്മമാർ വഴി വെസ്റ്റ് ഇൻഡീസിന്റെയും സ്കാൻറിനേവിയയുടേയും പാരമ്പര്യങ്ങൾ പേറുന്ന സൈമണ്ട്സ് ഇന്നേക്ക് നാൽപ്പത്തിനാല് വർഷങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ആണ് ജനിച്ചത്. ഇംഗ്ലണ്ടിനും വെസ്റ്റ്ഇൻഡീസിനും വേണ്ടി ബാറ്റെടുക്കാൻ യോഗ്യത ഉണ്ടായിരുന്നിട്ടും ഏറെ കാത്തിരുന്ന് ഓസ്ട്രേലിയൻ കുപ്പായത്തിൽ കളിക്കാൻ ആയിരുന്നു സൈമണ്ട്സിന്റെ തീരുമാനം.

1995 ൽ തന്റെ ആദ്യ കൗണ്ടി സീസൺ അവസാനിച്ചപ്പോൾ പാകിസ്ഥാനിലേക്കുള്ള ഇംഗ്ലീഷ് എ ടീമിൽ നിന്നും വിളി വന്നു സൈമണ്ട്സിന്. ഇംഗ്ലണ്ടിനു വേണ്ടിയല്ല, താൻ വളർന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടിയാകും അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ പോരാട്ടം എന്നായിരുന്നു ആ യുവാവ് നൽകിയ മറുപടി. വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ടീമിലേക്കുള്ള വാതിലുകൾ സൈമണ്ട്സിനു മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞപ്പോൾ പറഞ്ഞു കേട്ട കാരണങ്ങളിലൊന്ന് ഓസ്ട്രേലിയൻ കുപ്പായം അണിയുന്നതിനുള്ള ആത്മാർത്ഥമായ ശ്രമം സൈമണ്ട്സ് കാട്ടുന്നില്ല എന്നതായിരുന്നു. ടീം മീറ്റിങ്ങുകൾ ഉപേക്ഷിച്ച് മദ്യം നുരയുന്നിടങ്ങളിലേയ്ക്ക് നടക്കുന്നത് സൈമണ്ട്സ് ശീലമാക്കിയിരുന്നു.

മക്കല്ലവും ശ്രീശാന്തും ഹർഭജനും എല്ലാം സൈമണ്ട്സിന്റെ പേരിനൊപ്പം ചൂടുള്ള വിവാദങ്ങളായി വർത്തമാനപ്പത്രങ്ങളിൽ ഇടം പിടിച്ചു. അപ്പോഴും 2008 ലെ ആദ്യ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന വിദേശതാരമായി മാറി സൈമണ്ട്സ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മാറ്റിനിർത്തലുകൾക്കും അപ്പുറം പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു ആ നേട്ടം. വർഷങ്ങൾകഴിഞ്ഞ് മറ്റൊരു സീസണിൽ മങ്കൂസ് ബാറ്റുമായെത്തി സിക്സറുകൾ വാരിക്കൂട്ടിയ സൈമണ്ട്സിന് ക്രിക്കറ്റ് ഒരു ആഘോഷം തന്നെ ആയിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മഞ്ഞക്കുപ്പായത്തിന്റെ അന്തസ് പലതവണ വാനോളം ഉയർത്തിയിട്ടുണ്ട് ഈ പ്രതിഭ, രണ്ടു തവണ അത് ലോകകപ്പോളവും ഉയർന്നു. ഓരോ തവണ ടീമിൽ നിന്നും പുറത്താക്കുമ്പൊഴും പകരക്കാരില്ലാത്ത ആ മനുഷ്യനെ ടീമിലേക്ക് വീണ്ടും വീണ്ടും തിരിച്ചുവിളിക്കേണ്ടി വന്നു സെലക്ടേഴ്സിന്.

ആർക്കും മാതൃക ആയിരിക്കില്ല സൈമണ്ട്സ്. കാരണമയാളെ മാതൃകയാക്കാൻ ആർക്കുമാകില്ല എന്നത് തന്നെ. വിരമിച്ചതിനു ശേഷം കളിപറച്ചിലുകാരുടെ കസേരയിലൊന്നും അധികം സൈമണ്ട്സിനെ കണ്ടിട്ടില്ല. ബിഗ് ബോസിലൂടെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിൽ എത്തിയതും ‘പാട്യാല ഹൗസ്’ എന്ന അക്ഷയ് കുമാർ ചിത്രത്തിലെ സാന്നിധ്യവുമെല്ലാം സൈമണ്ട്സിനോട് ഇന്ത്യാക്കാർക്കും സൈമണ്ട്സിന് ഇന്ത്യാക്കാരോടും ഉള്ള സ്നേഹ ബന്ധത്തിന്റെ തെളിവു തന്നെ.

കങ്കാരുക്കൾക്കിടയിലെ ധിഷണാശാലിക്ക് ഒരായിരം ജന്മദിനാശംസകൾ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!