ലിറ്റിൽ മജീഷ്യനിന്ന് പിറന്നാൾ

ബാഴ്‌സലോണയുടെ ബ്രസീലിയൻ ഫുട്ബോൾ താരം ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരുപത്തിയേഴാം ജന്മദിനമാണിന്ന്. അറ്റാക്കിംഗ്‌ മിഡ്‌ഫീൽഡറായും വിംഗറായും ഒരു പോലെ തിളങ്ങുന്ന കുട്ടിഞ്ഞോ ഇന്റർ മിലാൻ, എസ്‌പാന്യോൾ, ലിവർപൂൾ തുടങ്ങിയ ക്ലബുകളിലും പന്ത്‌ തട്ടിയിട്ടുണ്ട്‌.

1992ൽ റിയോ ഡി ജനിറോയിൽ ജനിച്ച കുട്ടിഞ്ഞോ വാസ്‌കോ ഡ ഗാമ ക്ലബിന്റെ യൂത്ത്‌ സിസ്റ്റത്തിലൂടെയാണ്‌ വളർന്നത്‌. വാസ്കോ ഡ ഗാമയിലെ മികവ്‌ താരത്തെ ബ്രസീലിന്റെ അണ്ടർ-15 ടീമിലുമെത്തിച്ചു. 2008ൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ പതിനാറുകാരനായ കുട്ടിഞ്ഞോയെ സ്വന്തമാക്കി. രണ്ട്‌ വർഷം കൂടി മാതൃ ക്ലബിൽ ലോണിൽ തുടർന്ന കുട്ടിഞ്ഞോ 2010ൽ ഇന്ററിനായി അരങ്ങേറി. പിന്നീട്‌ എസ്‌പാന്യോളിൽ ലോണിൽ 16 മൽസരങ്ങൾ കളിച്ച കുട്ടിഞ്ഞോയെ 2013ൽ ലിവർപൂൾ സ്വന്തമാക്കി. പത്താം നമ്പർ ജഴ്‌സിയിലായിരുന്നു കുട്ടിഞ്ഞോയുടെ ലിവർപൂൾ അരങ്ങേറ്റം. ലിവർപൂളിന്റെ മുൻ പരിശീലകനും ഇന്ററിന്റെ അന്നത്തെ പരിശീലകനുമായിരുന്ന റാഫ ബെനിറ്റസിന്റെ ശുപാർശയിലാണ്‌ ലിവർപൂൾ താരത്തെ ടീമിലെത്തിച്ചത്‌. ഒരു താരമെന്ന നിലയിൽ കുട്ടിഞ്ഞോ പൂർണ്ണതയിലെത്തുന്നത്‌ അദ്ദേഹത്തിന്റെ ലിവർപൂൾ കാലയളവിലാണ്‌. മികച്ച പ്രകടനങ്ങൾ താരത്തെ രണ്ട്‌ സീസണുകളിൽ ലിവർപൂളിന്റെ മികച്ച താരമാക്കി മാറ്റി. 2018 ജനുവരിയിൽ താരം 142 മില്യണെന്ന റെക്കോർഡ്‌ തുകക്ക്‌ ബാഴ്‌സയിലേക്ക്‌ കൂട്‌ മാറി. നിലവിൽ ബാഴ്‌സയുടെ വിംഗറാണ്‌ കുട്ടിഞ്ഞോ.

ബ്രസീലിന്റെ യൂത്ത്‌ ടീമുകളിലൂടെ വളർന്ന കുട്ടിഞ്ഞോ ആദ്യമായി ദേശീയ സീനിയർ ജഴ്‌സിയണിയുന്നത്‌ 2010 ഒക്ടോബറിൽ ഇറാനെതിരെയാണ്‌. 2018 ലോകകപ്പിൽ ബ്രസീൽ ടീം ക്വാർട്ടറിൽ പരാജയപ്പെട്ടെങ്കിലും കുട്ടിഞ്ഞോയുടെ പ്രകടനം വേറിട്ട്‌ നിന്നു.
മധ്യനിരയിലും മുന്നേറ്റത്തിലും ഒരു പോലെ ശോഭിക്കാൻ കഴിവുള്ള താരമാണ്‌ കുട്ടിഞ്ഞോ. ഡ്രിബ്ലിംഗിലും പാസിംഗ്‌ കൃത്യതയിലും മികവ്‌ പുലർത്തുന്ന കുട്ടിഞ്ഞോ ബോക്‌സിന്‌ വെളിയിൽ നിന്ന് ട്രേഡ്‌ മാർക്ക്‌ ഗോളുകൾ കണ്ടെത്തുന്നതിൽ വിദഗ്‌ദ്ധനാണ്‌. കളി മികവ്‌ കൊണ്ട്‌ ‘ലിറ്റിൽ മജീഷ്യനെന്ന’ ഓമനപ്പേരിൽ അറിയപ്പെടുന്ന കുട്ടിഞ്ഞോക്ക്‌ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!