സ്റ്റെഫി ഗ്രാഫിനിന്ന്‌ പിറന്നാൾ

ലോകടെന്നീസിലെ പകരം വെക്കാനില്ലാത്ത താരം സ്റ്റെഫി ഗ്രാഫിന്റെ അമ്പതാം പിറന്നാളാണിന്ന്. ജർമൻ താരമായ സ്റ്റെഫി ഗ്രാഫ്‌ ഒരേ വർഷം നാല്‌ ഗ്രാൻഡ്‌സ്ലാമുകളും ഒളിമ്പിക്‌സ്‌ സിംഗിൾസ്‌ സ്വർണ മെഡലും നേടിയ ഏക താരമാണ്‌. 22 സിംഗിൾസ്‌ ഗ്രാൻഡ്‌സ്ലാമുകൾ താരം നേടിയിട്ടുണ്ട്.

വെസ്റ്റ്‌ ജർമനിയിൽ 1969 ജൂൺ 14നാണ്‌ സ്റ്റെഫി ജനിച്ചത്‌. ടെന്നീസിൽ തൽപരനായിരുന്ന പിതാവാണ്‌ സ്റ്റെഫിയെ കളിക്കളത്തിലേക്ക്‌ നയിച്ചത്‌. ജൂനിയർ ടൂർണമെന്റുകൾ വിജയിച്ച്‌ തുടങ്ങിയ സ്റ്റെഫി വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു.ടെന്നീസിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന താരമെന്ന റെക്കോർഡ്‌ സ്റ്റെഫി ഗ്രാഫിന്റെ പേരിലാണ്‌. 377 ആഴ്ചകളാണ്‌ താരം ഒന്നാം സ്ഥാനത്ത്‌ തുടർന്നത്‌. ഒരു കലണ്ടർ വർഷം മൂന്ന് ഗ്രാൻഡ്‌സ്ലാം കിരീടമെന്ന നേട്ടം അഞ്ച്‌ തവണ കരസ്ഥമാക്കിയ രണ്ട്‌ താരങ്ങളിൽ ഒരാളുമാണ്‌ സ്റ്റെഫി ഗ്രാഫ്‌.

സ്റ്റെഫി ഗ്രാഫിനോളം എല്ലാ പ്രതലങ്ങളിലും ഒരുപോലെ മികവ്‌ പുലർത്തിയ മറ്റൊരു താരമില്ല. നാല്‌ ഗ്രാൻഡ്‌സ്ലാം കിരീടങ്ങളും നാലോ അതിൽ കൂടുതൽ തവണയോ ആണ്‌ സ്റ്റെഫി സ്വന്തമാക്കിയത്‌. മറ്റാർക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. 1988ൽ നാല്‌ ഗ്രാൻഡ്‌സ്ലാമും നേടിയ ഗ്രാഫ്‌ സോളിൽ ഒളിമ്പിക്‌ സ്വർണം കൂടി നേടിയതോടെ ഗോൾഡൻ സ്ലാമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി.

1999ൽ വിരമിക്കുന്നത്‌ വരെ ടെന്നീസ്‌ ലോകം ഗ്രാഫ്‌ അടക്കി ഭരിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ താരമായാണ്‌ സ്റ്റെഫി ഗ്രാഫ്‌ കണക്കാക്കപ്പെടുന്നത്‌. ഗ്രാഫിന്റെ ആക്രമണോൽസുകമായ കളി ശൈലിയും തുടർച്ചയായ കിരീട നേട്ടങ്ങളും താരത്തിന്‌ ഒട്ടേറെ ആരാധകരേയും സൃഷ്ടിച്ചു. ലോക ടെന്നീസിലെ ഇതിഹാസ താരത്തിന്‌ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!