സലാഹിനിന്ന് പിറന്നാൾ

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ മിന്നും താരം മുഹമ്മദ്‌ സലാഹിന്റെ ഇരുപത്തിയേഴാം ജന്മദിനമാണിന്ന്. കഴിഞ്ഞ രണ്ട്‌ സീസണുകളിലായി ലിവർപൂൾ നടത്തുന്ന അവിസ്‌മരണീയമായ കുതിപ്പിന്‌ പിന്നിലെ പ്രധാന കാരണം സലാഹാണ്‌.
1992 ജൂൺ 15നാണ്‌ ഈ ഈജിപ്ഷ്യൻ താരം ജനിക്കുന്നത്‌. പതിയെ ഫുട്ബോളിനോട്‌ താൽപര്യം പ്രകടിപ്പിച്ച സലാഹ്‌ കെയ്‌റോയിലെ എൽ മൊകവ്‌ലൂണിലെത്തി. 2010ൽ ടീമിനൊപ്പം ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ താരം അരങ്ങേറി. 2012ൽ സ്വിസ്സ്‌ ക്ലബ്‌ ബേസൽ സലാഹിനെ തങ്ങളുടെ ടീമിലെത്തിച്ചു.

ബേസലിലെ താരത്തിന്റെ മികച്ച പ്രകടനങ്ങൾ സലാഹിനെ ചെൽസിയുടെ നോട്ടപ്പുള്ളിയാക്കി. അങ്ങനെ 2014ൽ 11മില്യൺ യൂറോക്ക്‌ സലാഹ്‌ ചെൽസിയിലെത്തി. എങ്കിലും സലാഹിന്‌ ചെൽസിയിൽ അവസരങ്ങൾ ലഭിച്ചില്ല. പിന്നീട്‌ ഫിയൊറന്റീനയിലും റോമയിലും ലോണിൽ പന്ത്‌ തട്ടിയ താരം റോമയുമായി സ്ഥിരം കരാറൊപ്പിട്ടു. 2016-17 സീസണിൽ റോമയെ ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ സലാഹ്‌ മുഖ്യ പങ്ക്‌ വഹിച്ചു. മികച്ച ഫോമിലുള്ള സലാഹിനെ സീസണൊടുവിൽ ലിവർപൂൾ 50 മില്യണോളം യൂറോക്ക്‌ തങ്ങളുടെ പാളയത്തിലെത്തിച്ചു.

ലിവർപൂളിന്റേയും സലാഹിന്റേയും ഗതി മാറ്റിക്കുറിച്ച സൈനിംഗായിരുന്നു അത്‌. ക്ലോപ്പിന്റെ ആക്രമണോൽസുകമായ ശൈലിയിൽ തകർത്ത്‌ കളിച്ച സലാഹ്‌ ആ സീസണിൽ പ്രീമിയർ ലീഗിലെ മികച്ച താരമായി മാറി. 32 ഗോളുകളുമായി പ്രീമിയർ ലീഗിലെ ഗോൾ റെക്കോർഡുകളും താരം പഴങ്കഥയാക്കി. ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ വരെയെത്തിയ ലിവർപൂളിന്റെ കുതിപ്പിന്‌ പിന്നിൽ സലാഹിന്റെ ഗോളടി മികവ്‌ നിർണായകമായിരുന്നു. ആ സീസണിലെ മികച്ച ഗോളിനുള്ള പുഷ്‌കാസ്‌ അവാർഡും താരം നേടി.
2018-19 സീസണിലും സലാഹ്‌ മികച്ച ഫോം കാഴ്ച വെച്ചു. പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനത്തിനൊപ്പം ചാമ്പ്യൻസ്‌ ലീഗ്‌ കിരീടം നേടാനും ടീമിനായി.

ഈജിപ്തിനായും മികച്ച പ്രകടനമാണ്‌ സലാഹിന്റേത്‌. 2018 ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ ടോപ്‌ സ്കോറർ സലാഹായിരുന്നു. മികച്ച പ്രകടനങ്ങൾ ആഫ്രിക്കൻ ഫുട്ബോളർ പട്ടത്തിനും സലാഹിനെ അർഹനാക്കി. 62 മൽസരങ്ങളിൽ നിന്ന് 39 ഗോളുകൾ താരം ടീമിനായി നേടിയിട്ടുണ്ട്‌.

കളത്തിനകത്തും പുറത്തും ഒരു പോലെ പ്രശസ്തനാണ്‌ സലാഹ്‌. സലാഹിന്റെ പ്രകടനങ്ങൾ ഇംഗ്ലണ്ടിൽ മുസ്ലിം വിരുദ്ധ ചേരികളെ ദുർബലപ്പെടുത്തുന്നതായി പഠനങ്ങൾ വന്നിട്ടുണ്ട്‌. ടൈം മാഗസിൻ ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളിലൊരാളായി സലാഹിനെ തിരഞ്ഞെടുത്തിട്ടുണ്ട്‌. മികച്ച പ്രകടനങ്ങളിലൂടെ ഫുട്ബോൾ ആരാധകരുടെ പ്രിയ താരമായി മാറിയ സലാഹിന്‌ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!