പിറന്നാൾ നിറവിൽ ക്ലോപ്പ്

ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ 52ആം ജന്മദിനമാണിന്ന്. നിലവിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ ക്ലോപ്പ്‌ ലിവർപൂളിന്‌ മുമ്പ്‌ ബോറുഷ്യ ഡോർട്‌മുണ്ടിനേയും മൈൻസ്‌ 05നേയും പരിശീലിപ്പിച്ചിട്ടുണ്ട്‌. ലിവർപൂളിനൊപ്പം ചാമ്പ്യൻസ്‌ ലീഗ്‌ നേടിയ ക്ലോപ്പ്‌ ഡോർട്‌മുണ്ടിനൊപ്പം ജർമൻ ആഭ്യന്തര കിരീടങ്ങളും നേടിയ മാനേജരാണ്‌.

ജർമനിയിലെ സ്റ്റുട്‌ഗർട്ടിൽ ജനിച്ച ക്ലോപ്പ്‌ പ്രാദേശിക ക്ലബുകളിലൂടെ കളി തുടങ്ങി. മൈൻസ്‌ ടീമിൽ സ്ട്രൈക്കറായി 1990ൽ ചേർന്ന ക്ലോപ്പ്‌ 2001 വരെ ടീമിൽ കളിച്ചു. പ്രതിരോധ നിരയിലും താരം പന്ത്‌ തട്ടിയിരുന്നു. വിരമിച്ച ശേഷം മൈൻസിന്റെ പരിശീലക പദവി ഏറ്റെടുത്ത ക്ലോപ്പ്‌ 2004ൽ ടീമിനെ ബുണ്ടസ്‌ ലിഗയിലെത്തിച്ചു. 2008 വരെ ടീമിന്റെ പരിശീലക പദവിയിലിരുന്ന ക്ലോപ്പ്‌ പിന്നീട്‌ ഡോർട്ട്‌മുണ്ടിന്റെ മാനേജർ റോളിലെത്തി. തകർച്ചയിലായിരുന്ന ടീമിനെ വളർത്തിയെടുത്ത ക്ലോപ്പ്‌ 2010-11 സീസണിൽ ലീഗ്‌ കിരീടം സ്വന്തമാക്കി. തൊട്ടടുത്ത വർഷവും നേട്ടം ആവർത്തിച്ച ക്ലോപ്പ്‌ ഒപ്പം കപ്പ്‌ നേട്ടവും സ്വന്തമാക്കി. ക്ലോപ്പിന്റെ കീഴിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിലെത്താനും ഡോർട്ട്‌മുണ്ടിനായി.

2015ൽ ബ്രണ്ടൻ റോജേഴ്‌സിന്‌ പകരക്കാരനായി ക്ലോപ്പിനെ ലിവർപൂൾ പരിശീലകനായി നിയമിച്ചു. ആ സീസണിൽ യൂറോപ്പ ലീഗ്‌ ഫൈനലിലെത്താൻ ടീമിനായെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. പിന്നീട്‌ 2017-18 സീസണിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിലും ക്ലോപ്പിന്‌ കീഴിൽ ടീം പരാജയപ്പെട്ടു. എന്നാൽ ഈ സീസണിൽ മികച്ച കുതിപ്പ്‌ നടത്തിയ ലിവർപൂൾ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ ടോട്ടൻഹാമിനെ കീഴടക്കി യൂറോപ്യൻ ചാമ്പ്യന്മാരായി. പ്രീമിയർ ലീഗിലും സ്വപ്നസമാനമായ കുതിപ്പ്‌ നടത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക്‌ ഒരു പോയിന്റ്‌ പിറകിലായ ടീമിന്‌ രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു.
തന്റെ ശൈലി കൊണ്ട്‌ ഏറെ ശ്രദ്ധേയനായ പരിശീലകനാണ്‌ ക്ലോപ്പ്‌. പൊസഷനിലൂന്നിയ ആക്രമണ ഫുട്ബോൾ കാഴ്ച വെക്കുന്ന ക്ലോപ്പ്‌ പന്ത്‌ തിരിച്ചെടുക്കാനുള്ള പ്രസ്സിംഗ്‌ ടെക്‌നിക്കുകൾക്ക്‌ മറ്റൊരു മാനം നൽകി. വേഗതയും സ്റ്റാമിനയും ഏറെ ആവശ്യമുള്ള ഈ ശൈലി നടപ്പാക്കാൻ പറ്റിയ താരങ്ങളെ ലഭിച്ചതോടെ ക്ലോപ്പിന്റെ തന്ത്രങ്ങൾ വിജയിച്ചു. മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിലും മിടുക്കനാണ്‌ ക്ലോപ്പ്‌. ജന്മദിനാശംസകൾ യർഗൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!