ബെയിലിനിന്ന് ബർത്ത് ഡേ

സ്‌പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര താരം ഗരെത്‌ ബെയ്‌ലിന്റെ മുപ്പതാം ജന്മദിനമാണിന്ന്. ലോകത്തിലെ ഏറ്റവും വേഗതയാർന്ന താരങ്ങളിലൊരാളായ ബെയ്‌ൽ സതാംപ്‌ടൺ, ടോട്ടൻഹാം എന്നീ ഇംഗ്ലീഷ്‌ ക്ലബുകളിലും പന്ത്‌ തട്ടിയിട്ടുണ്ട്‌.

1989ൽ വെയിൽസിലെ കാർഡിഫിലായിരുന്നു താരത്തിന്റെ ജനനം. സ്കൂൾ പഠനകാലത്തെ താരത്തിന്റെ പ്രകടനം സതാംപ്‌ടൺ ക്ലബിന്റെ കണ്ണിലുടക്കി. അങ്ങനെ 1999ൽ താരം സതാംപ്‌ടന്റെ അക്കാദമിയിലെത്തി. 2006ൽ തന്റെ പതിനാറാം വയസിൽ സീനിയർ ടീമിൽ ബെയ്‌ൽ അരങ്ങേറ്റം കുറിച്ചു. ഒരു ലെഫ്റ്റ്‌ ബാക്ക്‌ ആയാണ്‌ താരം തന്റെ കരിയർ ആരംഭിച്ചത്‌. സതാംപ്‌ടണിലെ മികച്ച പ്രകടനങ്ങൾ താരത്തെ ടോട്ടൻഹാമിലെത്തിച്ചു. ഒരു വിംഗറുടെ റോളിലേക്ക്‌ മാറിയ ബെയ്‌ൽ വളരെ വേഗം ടോട്ടൻഹാമിന്റെ പ്രധാന താരമായി മാറി.

2011, 2013 വർഷങ്ങളിൽ പി.എഫ്‌.എ പ്ലയർ ഓഫ്‌ ദ ഇയർ താരമായി തിരഞ്ഞെടുക്കപ്പെട്ട ബെയ്‌ലിനെ 2013ൽ അന്നത്തെ റെക്കോർഡ്‌ തുകക്ക്‌ റയൽ മാഡ്രിഡ്‌ തങ്ങളുടെ ടീമിലെത്തിച്ചു.
ബെയ്‌ലിന്റെ റയൽ മാഡ്രിഡ്‌ കരിയറിൽ ഭൂരിഭാഗവും താരം പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും പ്രധാനപെട്ട പല മൽസരങ്ങളിലും ഗോളടിച്ചും അടിപ്പിച്ചും ബെയ്‌ൽ തിളങ്ങി. 2014 കോപ്പ ഡെൽ റേ ഫൈനലിൽ ചിരവൈരികളായ ബാഴ്‌സക്കെതിരെ തന്റെ വേഗതയാർന്ന ഓട്ടത്തിലൂടെ നേടിയ ഗോൾ, 2014 ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ വിജയ ഗോൾ എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്‌. ഇതിന്‌ പുറമെ 2018 ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ ഇരട്ട ഗോളുകൾ നേടാനും താരത്തിനായി.

വെയിൽസിനായി 77 മൽസരങ്ങളിലും ബൂട്ട്‌ കെട്ടിയ ബെയ്‌ൽ നിലവിലെ മികച്ച താരങ്ങളിൽ ഒരാളാണ്‌. വേഗതക്ക്‌ പുറമെ മികച്ച ഷോട്ടുകളുതിർക്കാനും കഴിവുള്ള ബെയ്‌ൽ ഫ്രീകിക്ക്‌ സ്പെഷ്യലിസ്റ്റും കൂടിയാണ്‌. താരത്തെ മുന്നേറ്റ നിരയിലേക്ക്‌ മാറ്റി നട്ട മുൻ ടോട്ടനം കോച്ച്‌ ഹാരി റെഡ്‌നാപ്പിന്റെ ദീർഘവീക്ഷണവും ബെയ്‌ലിന്റെ വളർച്ചയിൽ നിർണായകമായി. മാർക്‌ ബാർട്രയെ തന്റെ വേഗത കൊണ്ട്‌ കീഴടക്കി ബാഴ്‌സ വലയിലേക്ക്‌ പന്തെത്തിച്ച ബെയ്‌ലിന്റെ ദൃശ്യം ആരും അങ്ങനെ മറക്കില്ല. പരിക്കുകൾ അലട്ടാത്ത മികച്ച കരിയർ താരത്തിനുണ്ടാവട്ടെ എന്നാശംസിക്കാം. ജന്മദിനാശംസകൾ ഗരെത്‌ ബെയ്‌ൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!