മന്ദാനയ്ക്കിന്ന് പിറന്നാൾ

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരം സ്‌മൃതി മന്ദാനയുടെ ഇരുപത്തിമൂന്നാം ജന്മദിനമാണിന്ന്. ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ്‌ കരുത്തായ സ്‌മൃതി 2018ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1996 ജൂലൈ 18ന്‌ മുംബൈയിലാണ്‌ താരം ജനിച്ചത്‌. സ്‌മൃതിയുടെ പിതാവും സഹോദരനും ജില്ലാ ലെവൽ ക്രിക്കറ്റ്‌ താരങ്ങളായിരുന്നു. സഹോദരന്റെ കളിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്‌ മൈതാനത്തിറങ്ങിയ സ്‌മൃതി വളരെ വേഗം നേട്ടങ്ങൾ കരസ്ഥമാക്കി. തന്റെ ഒമ്പതാം വയസിൽ മഹാരാഷ്ട്രയുടെ അണ്ടർ-15 ടീമിലും 11ആം വയസിൽ അണ്ടർ-19 ടീമിലും കളിക്കാൻ താരത്തിന്‌ കഴിഞ്ഞു. 2013ൽ മഹാരാഷ്ട്രക്കായി ഏകദിന മൽസരത്തിൽ സെഞ്ച്വറി നേടിയത്‌ സ്‌മൃതിയുടെ കരിയറിൽ വഴിത്തിരിവായി. അതേ വർഷം ബംഗ്ലദേശിനെതിരെ ഏകദിനത്തിലും ട്വന്റി ട്വന്റിയിലും സ്‌മൃതി അരങ്ങേറി. പിന്നീട്‌ ഇന്ത്യ ഫൈനൽ വരെയെത്തിയ 2017 ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങൾ സ്‌മൃതിയുടെ ബാറ്റിൽ നിന്ന് പിറന്നു.

ഇന്ത്യക്കായി ട്വന്റി ട്വന്റി മൽസരത്തിൽ ഏറ്റവും വേഗതയാർന്ന അർധ സെഞ്ച്വറി നേടിയ താരം, ടി20 യിൽ 1000 റൺസ്‌ തികച്ച മൂന്ന് ഇന്ത്യൻ താരങ്ങളിലൊരാൾ തുടങ്ങി പല നേട്ടങ്ങളും സ്‌മൃതിയുടെ പേരിലുണ്ട്‌. ഇംഗ്ലണ്ടിനെതിരെയുള്ള ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ നയിക്കാനും സ്‌മൃതിക്കായിട്ടുണ്ട്‌. 50 ഏകദിനങ്ങളിൽ നിന്ന് 1951 റൺസും 58 ടി20 മൽസരങ്ങളിൽ നിന്ന് 1298 റൺസുമാണ്‌ താരത്തിന്റെ സമ്പാദ്യം.
സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി മാറിയ സ്‌മൃതിയെ ഐ.സി.സി 2018ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തിട്ടുണ്ട്‌. ഇന്ത്യൻ ടീമിന്‌ പുറമെ ബിഗ്‌ ബാഷ്‌ ലീഗിലും കിയ സൂപ്പർ ലീഗിലും താരം കളിക്കുന്നുണ്ട്‌. ക്രിക്കറ്റ്‌ ആരാധകരുടെ പ്രിയ താരത്തിന്‌ ജന്മദിനാശംസകൾ നേരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!