അന ഇവാനോവൊച്ചിന്‌ ഇന്ന് പിറന്നാൾ

മുൻ പ്രഫഷനൽ ടെന്നീസ്‌ താരം അന ഇവാനോവിച്ചിന്റെ മുപ്പത്തിയൊന്നാം ജന്മദിനമാണിന്ന്. വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തിയിരുന്ന ഈ സെർബിയൻ താരം 2008ലെ ഫ്രഞ്ച്‌ ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്‌.

ബെൽഗ്രേഡിൽ 1987ലാണ്‌ അന ഇവാനോവിച്ച്‌ ജനിക്കുന്നത്‌. യൂഗോസ്ലാവിയൻ താരമായിരുന്ന മോണിക്ക സെലെസിന്റെ കളിയിൽ ആകൃഷ്ടയായി കുഞ്ഞുനാളിലെ അന റാക്കറ്റേന്തി. മികച്ച പരിശീലനത്തിന്‌ വേണ്ടി 13ആം വയസിൽ അവർ സ്വിറ്റ്‌സർലന്റിലെ ബേസലിലേക്ക്‌ മാറി.
2003 മുതലാണ്‌ അന പ്രഫഷനൽ ടെന്നീസിലേക്ക്‌ കാലെടുത്ത്‌ വെക്കുന്നത്‌. 2004ൽ സൂറിച്ച്‌ ഓപ്പണിൽ വീനസ്‌ വില്യംസിനോട്‌ പൊരുതി തോറ്റതോടെ അനയെ ലോകം ശ്രദ്ധിച്ച്‌ തുടങ്ങി. 2007ൽ വിംബിൾഡൺ സെമി ഫൈനലിലെത്തിയ താരം കരിയറിന്റെ ഉന്നതിയിലെത്തിയത്‌ 2008ലാണ്‌. ആ വർഷം ഓസ്‌ട്രേലിയൻ ഓപണിന്റെ ഫൈനലിലെത്തിയ താരം ദിനാര സഫിനെ ഫൈനലിൽ പരാജയപ്പെടുത്തി ഫ്രഞ്ച്‌ ഓപ്പൺ കിരീടവും നേടി. അതേ വർഷം തന്നെ ലോക ഒന്നാം റാങ്കിലെത്താനും അന ഇവാനോവിച്ചിനായി.

2010, 2011 വർഷങ്ങളിൽ ഡബ്ല്യു.ടി.എ ടൂർണമന്റ്‌ ഓഫ്‌ ചാമ്പ്യൻസ്‌ കിരീടം നേടിയ അനക്ക്‌ പിന്നീട്‌ ആ ഫോം തുടരാനായില്ല. കരിയറിൽ ഇനി നേട്ടങ്ങൾ ഉണ്ടാക്കാനാവില്ലെന്ന തിരിച്ചറിവിൽ താരം 2016 ഡിസംബറിൽ പ്രഫഷനൽ ടെന്നീസിൽ നിന്ന് വിട പറഞ്ഞു.
കരിയറിൽ മികച്ച താരങ്ങളെയെല്ലാം അന പരാജയപ്പെടുത്തിയിട്ടുണ്ട്‌. വനിതാ ടെന്നീസിലെ ഏറ്റവും മികച്ച 30 താരങ്ങളിൽ ഒരാളായി ടൈം മാഗസിൻ അനയെ തിരഞ്ഞെടുത്തിട്ടുണ്ട്‌. മുൻ ജർമൻ ഫുട്ബോളർ ബാസ്റ്റിൻ ഷ്വൈൻസ്റ്റീഗറുടെ ഭാര്യ കൂടിയാണ്‌ അന ഇവാനോവിച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!