ശിഖർ ധവാനിന്ന് പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ്‌ താരം ശിഖർ ധവാന്റെ 33ആം ജന്മദിനമാണിന്ന്. നിലവിൽ ലോകത്തെ മികച്ച ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്മാരിൽ ഒരാളാണ്‌ ധവാൻ.

1985 ഡിസംബർ അഞ്ചിന്‌ ഡൽഹിയിലാണ്‌ ശിഖർ ധവാൻ ജനിച്ചത്‌. ഒട്ടേറെ അന്താരാഷ്ട്ര താരങ്ങൾക്ക്‌ ജന്മം നൽകിയ പ്രശസ്ത പരിശീലകൻ താരക്‌ സിൻഹയുടെ കീഴിൽ 12ആം വയസിൽ ധവാൻ പരിശീലനം തുടങ്ങി. ഡൽഹിയുടെ അണ്ടർ-16 ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച ധവാൻ വളരെ പെട്ടെന്ന് ഇന്ത്യയുടെ അണ്ടർ-17 ടീമിലിടം നേടി. പിന്നാലെ 2004 അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്ക്‌ വേണ്ടി പാഡ്‌ കെട്ടിയ ധവാൻ ടൂർണമെന്റിലെ ടോപ്‌ സ്കോററും മികച്ച താരവുമായി മാറി. 2004ൽ തന്നെ രഞ്ജി ട്രോഫിയിലും അരങ്ങേറിയെങ്കിലും ഇന്ത്യൻ ടീമിലിടം നേടാൻ താരത്തിന്‌ 2010 വരെ കാത്തിരിക്കേണ്ടി വന്നു.

2010ൽ ഓസ്‌ട്രേലിയക്കെതിരെ വിശാഖപട്ടണത്ത്‌ വെച്ചായിരുന്നു ധവാന്റെ ഏകദിന അരങ്ങേറ്റം. ആദ്യ മൽസരങ്ങളിൽ മികവ്‌ പുലർത്താൻ ധവാനായില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം ധവാന്‌ ടെസ്റ്റ്‌ അരങ്ങേറ്റത്തിനും വഴിയൊരുക്കി. 2013ൽ ഓസ്‌ട്രേലിയക്കെതിരെ തന്നെയായിരുന്നു ടെസ്റ്റ്‌ അരങ്ങേറ്റവും. അരങ്ങേറ്റത്തിൽ ഏറ്റവും വേഗതയിൽ ടെസ്റ്റ്‌ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ്‌ ധവാൻ ആ മൽസരത്തിൽ സ്വന്തം പേരിലാക്കി. 187 റൺസാണ്‌ ധവാൻ ആ ഇന്നിംഗ്‌സിൽ നേടിയത്‌.
ആ വർഷത്തെ ഐ.പി.എല്ലിലെ ഫോം ഏകദിന ചാമ്പ്യൻസ്‌ ട്രോഫിക്കു ടീമിലും ധവാന്‌ ഇടം നൽകി. ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പൺ ചെയ്ത ധവാൻ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടി. രണ്ടാം മൽസരത്തിലും സെഞ്ച്വറി നേടിയ ധവാൻ ടൂർണമെന്റിലുടനീളം തന്റെ ഫോം തുടർന്നു. ടൂർണമെന്റിലെ ടോപ്‌ സ്കോററും മികച്ച താരവും ധവാൻ ആയിരുന്നു. 2017 ചാമ്പ്യൻസ്‌ ട്രോഫിയിലും ധവാൻ തന്നെയായിരുന്നു ടോപ്‌ സ്കോറർ.
നിലവിൽ ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ്‌ ധവാൻ. ഓസ്‌ട്രേലിയയുമായി നവംബർ അവസാനം നടന്ന ട്വന്റി ട്വന്റി പരമ്പരയിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌ ധവാനായിരുന്നു.

ഐ.പി.എല്ലിൽ സൺ റൈസേഴ്‌സ്‌ ഹൈദരാബാദിന്‌ വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയ താരം അടുത്ത സീസണിൽ ഡെൽഹിയിലായിരിക്കും കളിക്കുക. നിലവിൽ ഇന്ത്യക്കായി 34 ടെസ്റ്റ്‌ മൽസരങ്ങളിൽ നിന്ന് 7 സെഞ്ച്വറിയടക്കം 2315 റൺസും 115 ഏകദിനങ്ങളിൽ നിന്ന് 15 സെഞ്ച്വറിയടക്കം 4935 റൺസും ധവാൻ നേടിയിട്ടുണ്ട്‌. ഇന്ത്യയുടെ പ്രിയപ്പെട്ട ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്‌ ജന്മദിനാശംസകൾ നേരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!