38 തികഞ്ഞ്‌ ജോൺ ടെറി

മുൻ ചെൽസി പ്രതിരോധ താരം ജോൺ ടെറിയുടെ 38ആം ജന്മദിനമാണിന്ന്. ചെൽസിയുടേയും ഇംഗ്ലണ്ടിന്റേയും ആസ്റ്റൺ വില്ലയുടേയും ക്യാപ്റ്റനായിരുന്ന ടെറി ഇപ്പോൾ ആസ്റ്റൺ വില്ലയുടെ അസിസ്റ്റന്റ്‌ പരിശീലകനാണ്‌.

ഇംഗ്ലണ്ടിലെ ബാർകിംഗിൽ 1980ൽ ജനിച്ച ടെറി 1991ൽ വെസ്റ്റ്‌ഹാം യൂത്ത്‌ അക്കാദമിയിലെത്തി. പതിനാലാം വയസിൽ ചെൽസി അക്കാദമിയിലേക്ക്‌ മാറിയ ടെറി 17ആം വയസിൽ ടീമുമായി പ്രഫഷനൽ കരാറിലൊപ്പിട്ടു. 1998 ഒക്ടോബർ 28ന്‌ ലീഗ്‌ കപ്പിൽ പകരക്കാരനായായിരുന്നു ടെറിയുടെ സീനിയർ ടീം അരങ്ങേറ്റം. 2000 മുതൽ ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയ താരം നാല്‌ വർഷത്തിനുള്ളിൽ ടീമിന്റെ ക്യാപ്റ്റനായി മാറി. മികച്ച പ്രതിരോധ റെക്കോർഡോടെ 2004-05 സീസണിൽ ലീഗ്‌ കിരീടത്തിലേക്ക്‌ ചെൽസിയെ നയിച്ച ടെറി ആ സീസണിൽ പ്രീമിയർ ലീഗിലെ മികച്ച താരമായും ചാമ്പ്യൻസ്‌ ലീഗിലെ മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ നാല്‌ തവണ കൂടി പ്രീമിയർ ലീഗ്‌ കിരീടം സ്വന്തമാക്കാൻ ടെറിക്കായി. 2008 ചാമ്പ്യൻസ്‌ ലീഗിൽ ഫൈനൽ വരെ ടീമിനെ എത്തിച്ച ടെറിക്ക്‌ ഫൈനലിൽ പെനാൽട്ടി ഷൂട്ട്‌ ഔട്ടിൽ പിഴച്ചു. പക്ഷെ 2011-12 സീസണിൽ ഫൈനലിൽ കളിക്കാനായില്ലെങ്കിലും കിരീടം നേടാൻ ടെറിക്കും ചെൽസിക്കുമായി.

2017ൽ കിരീട നേട്ടത്തോടെ ചെൽസിയോട്‌ വിട പറഞ്ഞ ടെറി 2017-18 സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ആസ്റ്റൺ വില്ലയിലെത്തി. ആസ്റ്റൺ വില്ലയോടൊപ്പം ഒരു വർഷം പന്ത്‌ തട്ടിയ ടെറി ഒക്ടോബർ ഏഴിന്‌ വിരമിക്കൽ പ്രഖ്യാപിച്ചു. 2003 ജൂണിൽ സെർബിയ മോണ്ടിനെഗ്രോക്കെതിരെയായിരുന്നു ടെറിയുടെ ദേശീയ ടീം അരങ്ങേറ്റം. ടീമിന്റെ പ്രധാന താരങ്ങളിലൊരാളായി മാറിയ ടെറി 2006 ഓഗസ്റ്റിൽ ടീം ക്യാപ്റ്റനുമായി. ഇംഗ്ലണ്ടിനായി 78 മൽസരങ്ങൾ കളിച്ച ടെറി 2012 സെപ്റ്റംബറിൽ ടീമിനോട്‌ വിട പറഞ്ഞു.

നിലവിൽ ആസ്റ്റൺ വില്ലയുടെ അസിസ്റ്റന്റ്‌ പരിശീലകനാണ്‌ ടെറി. ഒക്ടോബർ 10നാണ്‌ താരം ഈ സ്ഥാനമേറ്റെടുത്തത്‌.
ചെൽസി കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‌, ഇംഗ്ലണ്ട്‌ സംഭാവന ചെയ്ത മികച്ച പ്രതിരോധ താരത്തിന്‌ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *