കളിക്കളത്തിലെ മനുഷ്യസ്നേഹിക്ക് ഇന്ന് പിറന്നാൾ

ഫ്രഞ്ച്  ക്ലബ്‌ പി.എസ്‌.ജിയുടെ ബ്രസീലിയൻ താരം ഡാനിയൽ ആൽവസിന്റെ മുപ്പത്തിയാറാം പിറന്നാളാണിന്ന്. ലോകത്തെ മികച്ച റൈറ്റ്‌ ബാക്കുകളിൽ ഒരാളായ ആൽവസ്‌ സ്പാനിഷ്‌ ക്ലബുകളായ സെവിയ്യ, ബാഴ്‌സലോണ, ഇറ്റാലിയ ക്ലബ്‌ യുവന്റസ്‌ എന്നിവർക്കായും ബൂട്ട്‌ കെട്ടിയിട്ടുണ്ട്‌. പല ടീമുകളിൽ നിന്നായി ഒട്ടേറെ കിരീടങ്ങളും താരം നേടിയിട്ടുണ്ട്‌.
1983 മെയ്‌ ആറിന്‌ ജനിച്ച ആൽവസ്‌ ബ്രസീലിയൻ ക്ലബ്‌ ബഹിയയിലാണ്‌ പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്‌. ബഹിയയിലേയും ബ്രസീൽ യൂത്ത്‌ ടീമിലേയും മികച്ച പ്രകടനങ്ങൾ താരത്തെ സെവിയ്യയിലെത്തിച്ചു. സെവിയ്യയോടൊപ്പം അഞ്ച്‌ കിരീടങ്ങൾ നേടിയ ആൽവസ്‌ 2008 ജൂലൈയിൽ ബാഴ്‌സയുമായി കരാറിലെത്തി.


ആൽവസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണുകളാണ്‌ ബാഴ്‌സയോടൊപ്പം ലഭിച്ചത്‌. ബാഴ്‌സയിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച ആൽവസ്‌ ടീമിനൊപ്പം രണ്ട്‌ ട്രബിൾ നേട്ടത്തിൽ പങ്കാളിയായി. പിന്നീട്‌ ഒരു സീസണിൽ യുവന്റസിന്റെ കൂടെ കളിച്ച ആൽവസ്‌ 2017 മുതൽ പി.എസ്‌.ജിയുടെ താരമാണ്‌.
ബ്രസീലിന്‌ വേണ്ടി 2006ൽ അരങ്ങേറിയ ആൽവസ്‌ ടീമിനൊപ്പം രണ്ട്‌ കോൺഫെഡറേഷൻ കപ്പും ഒരു കോപ്പ അമേരിക്കയും നേടി.107 മൽസരങ്ങളിൽ ജഴ്‌സിയണിഞ്ഞ താരം ഏഴ്‌ ഗോളുകളും നേടിയിട്ടുണ്ട്‌.
ഫുൾ ബാക്ക്‌ പൊസിഷനൊപ്പം വിംഗറായും കളിക്കാൻ കഴിയുന്ന താരമായ ആൽവസ്‌ മുന്നേറ്റത്തിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ കഴിയുന്ന താരമാണ്‌. വലത്‌ വിംഗിലൂടെ ഓടിയെത്തുന്ന ആൽവസിന്റെ ക്രോസുകൾ എതിർ ടീമുകൾക്ക്‌ പലപ്പോഴും ഭീഷണിയാണ്‌. എങ്കിലും പ്രതിരോധത്തിൽ താരം വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്‌.


എതിർ ടീം ആരാധകരുടെ വംശീയാധിക്ഷേപങ്ങൾക്ക്‌ പല തവണ ഇരയാകേണ്ടി വന്ന താരമാണ്‌ ആൽവസ്‌. 2014 ഏപ്രിലിൽ വിയ്യാ റയൽ ആരാധകൻ താരത്തിനെതിരെ പഴം എറിഞ്ഞത്‌ ഏറെ വിവാദമായിരുന്നു. പഴമെടുത്ത്‌ കഴിച്ച ആൽവസിന്റെ പ്രവൃത്തി ഏറെ ശ്രദ്ധ നേടിയിരുന്നു. കളത്തിനകത്തെ പെരുമാറ്റം കൊണ്ട്‌ ആരാധക പിന്തുണ നേടിയ ആൽവസ്‌ സഹതാരം ആബിദാലിന്‌ സ്വന്തം കരൾ പകുത്തു നൽകാൻ സമ്മതം അറിയിച്ചതും ഏറെ മനോഹരമായൊരു ഓർമയാണ്‌. ബ്രസീൽ ജന്മം നൽകിയ ഏറ്റവും മികച്ച ഫുൾ ബാക്കിന്‌ ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!