കൊച്ചി സ്റ്റേഡിയത്തിൽ വീണ്ടും വിജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്. ഭാഗ്യം കൈവിട്ട കളിയിൽ ജംഷഡ്പൂരുമായി ഓരോ ഗോൾ വീതം നേടി കേരളം സമനിലയിൽ പിരിഞ്ഞു. കേവലം എണ്ണായിരത്തിൽപരം ആരാധകർ മാത്രമാണ് കളി കാണാനെത്തിയത്.
രണ്ട് ടീമും അവസാന മൽസരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വീതം നടത്തിയാണ് ഇറങ്ങിയത്. ജിങ്കൻ, ഡൊംഗൽ, സ്റ്റൊജനോവിച്ച് എന്നിവർ കേരള നിരയിൽ ആദ്യ ഇലവനിലേക്ക് തിരികെയെത്തി.
ഇരു ടീമുകളും ആദ്യ നിമിഷം മുതൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ കേരളത്തിന്റെ ഗോളെന്നുറച്ച രണ്ട് അവസരങ്ങൾ നഷ്ടമായി. 23ആം മിനുട്ടിൽ സഹലെടുത്ത ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയപ്പോൾ 34ആം മിനുട്ടിൽ ഡൊംഗലിന്റെ ശ്രമം മെമോ ഗോൾ ലൈൻ സേവിലൂടെ തടഞ്ഞു. ആദ്യ പകുതിയിൽ തന്നെ ജംഷഡ്പൂരിന് സൂസൈരാജിനേയും കേരളത്തിന് കിസിറ്റോ കെസിറോണിനേയും പരിക്ക് മൂലം പിൻവലിക്കേണ്ടി വന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മികച്ച് നിന്നെങ്കിലും 63ആം മിനുട്ടിൽ ജംഷഡ്പൂർ ലീഡെടുത്തു. പെനാൽട്ടിയിലൂടെയായിരുന്നു ഗോൾ വന്നത്. കീപ്പർ ധീരജ് ടിം കാഹിലിനെ ബോക്സിന് പുറത്ത് വെച്ച് ഫൗൾ ചെയ്തെങ്കിലും കാഹിൽ വീണത് ബോക്സിനുള്ളിലേക്ക്. ഫ്രീകിക്കാണ് യഥാർത്ഥത്തിൽ ആവേണ്ടതെങ്കിലും റഫറി പെനാൽട്ടിയിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത കാർലോസ് കാൽവോക്ക് പിഴച്ചില്ല. 77ആം മിനുട്ടിൽ കേരളം അർഹിച്ച ഗോളെത്തി. ഡൊംഗലിന്റെ വകയായിരുന്നു ഗോൾ. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ടീമിന്റെ മോശം പ്രകടനങ്ങൾ മൂലം കൊച്ചിയിൽ സാധാരണയുണ്ടാവുന്ന ആരാധക ബാഹുല്യം ഇന്നുണ്ടായിരുന്നില്ല. വെറും 8451 പേർ മാത്രമാണ് കളി കാണാനെത്തിയത്. നേരത്തെ ആരാധകർ ഒന്നടങ്കം കളി ബഹിഷ്കരിക്കുമെന്ന ആഹ്വാനം സോഷ്യൽ മീഡിയകളിലുണ്ടായിരുന്നു. സമനിലയോടെ ജംഷഡ്പൂരിന് ലീഗിൽ16 പോയിന്റും കേരളത്തിന് 9 പോയിന്റുമാണുള്ളത്.