കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലേക്ക് മറ്റൊരു മലയാളി താരം കൂടെ വരുന്നു. ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബായ ഓസോൺ എഫ്.സിയിൽ ലോണിലായിരുന്ന ജിതിൻ.എം.എസിനെ കേരള ബ്ലാസ്റ്റേഴ്സ് തിരികെ വിളിച്ചു. ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്കാണ് താരത്തെ തിരികെ കൊണ്ട് വരുന്നത്. കേരളം ജേതാക്കളായ ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ടോപ് സ്കോററായിരുന്നു ജിതിൻ.
രണ്ട് മാസം മുമ്പ് ഓസോൺ എഫ്.സിയിൽ ലോണിലെത്തിയ താരം മികച്ച പ്രകടനമാണ് ടീമിനൊപ്പം കാഴ്ച വെച്ചത്. ബംഗളൂരു സൂപ്പർ ഡിവിഷനിൽ ബംഗളൂരു എഫ് സിക്കെതിരെയും ജിതിൻ ഗോളടിച്ചിരുന്നു. എഫ്.സി കേരളക്കൊപ്പവും കേരള ടീമിനൊപ്പവും കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ ബലത്തിൽ ജൂണിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. മുനയൊടിഞ്ഞ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ മിന്നൽപിണരാവാൻ ജിതിന് കഴിയുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.