കോപ്പ കിരീടം കാനറിപ്പടയ്ക്ക്

പ്രവചനങ്ങൾ തെറ്റിയില്ല. കോപ്പ അമേരിക്ക കിരീടം മഞ്ഞപ്പടയുടെ ഷെൽഫിലേക്ക്. ടൂർണ്ണമെന്റിലുടനീളം ഉജ്ജ്വലമായി പന്തുതട്ടിയ ടീം ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കിരീടം കയ്യിലേന്തിയത്. 2007 ന് ശേഷം ബ്രസീലിന്റെ ആദ്യ കോപ്പാ നേട്ടമാണിത്.

അപരാജിതരായെത്തിയ ആതിഥേയരുടെ താരപ്പകിട്ടിനെ ഭയക്കാതെയാണ് പെറു പന്തുതട്ടിത്തുടങ്ങിയത്. കഴിഞ്ഞ രണ്ട് റൗണ്ടിലും നടത്തിയ അട്ടിമറികളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട ടീം ഉണർവോടെ കളിച്ചെങ്കിലും ബ്രസീൽ വൈകാതെ മേധാവിത്വം പ്രകടിപ്പിച്ചുതുടങ്ങി. പതിനഞ്ചാം മിനിറ്റിൽ ആദ്യഗോൾ. വലതുവിങ്ങിലൂടെ മുന്നേറിയ ജീസസ് നൽകിയ പന്ത് എവർട്ടനാണ് ഗോളാക്കി മാറ്റിയത്. 44ആം മിനിറ്റിൽ ബ്രസീലിയൻ വല ടൂർണ്ണമെന്റിലാദ്യമായി കുലുങ്ങി. സിൽവയുടെ കയ്യിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി ഗ്വിറേറോ പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഒപ്പമെത്തിയെന്ന് അധികനേരമാശ്വസിക്കാൻ പെറുവിനായില്ല. ഇടവേളയ്ക്ക് മുൻപ് തന്നെ ആദ്യഗോളിന് വഴിയൊരുക്കിയ ജീസസ് കാനറികളെ വീണ്ടും മുന്നിലെത്തിച്ചു. ആർതറും ഫെർമിനോയും ചേർന്നാണ് അവസരമൊരുക്കി നൽകിയത്. രണ്ടാം പകുതിയിൽ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച ജീസസിനെ ടീമിന് നഷ്ടമായെങ്കിലും പകരക്കാരനായിറങ്ങിയ റിച്ചാർലിസന്റെ പെനാൽറ്റി ഗോളിലൂടെ ബ്രസീൽ വിജയം കൈയിലൊതുക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!