ഡൽഹിയെ തകർത്ത് ചെന്നൈ ഫൈനലിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടുമൊരു മുംബൈ ചെന്നൈ ഫൈനൽ പോരാട്ടം.രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറുവിക്കറ്റിന് തകർത്താണ് ചെന്നൈ വീണ്ടും കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റുചെയ്ത ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടക്കുകയായിരുന്നു.

148 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് തകർപ്പൻ തുടക്കമാണ് വാട്സണും ഡുപ്ലെസിസും ചേർന്ന് നൽകിയത്. തുടക്കത്തിലതീവശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ബൗണ്ടറികൾക്ക് ശ്രമിച്ചില്ല. റണ്ണൗട്ടിലൂടെ ആദ്യവിക്കറ്റ് വീഴ്ത്താൻ ലഭിച്ച സുവർണ്ണാവസരം ഡൽഹി കളഞ്ഞുകുളിച്ചതോടെ ഇരുവരും മെല്ലെ താളംകണ്ടെത്തിത്തുടങ്ങി. ആദ്യരണ്ടോവറിൽ നാല് റൺസ് മാത്രം നേടിയ സഖ്യം ഇന്നിങ്സിന്റെ 15ആം പന്തിലാണ് ആദ്യബൗണ്ടറി നേടിയത്. ഡുപ്ലെസിസാണ് ബാറ്റിംങ്ങിന്റെ ഭാവം മാറ്റാൻ മുൻകൈ എടുത്തത്. അക്‌സറിനെ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറിയടിച്ച താരം അടുത്ത ഓവറെറിഞ്ഞ ഇഷാന്തിനെ തുടരെ മൂന്ന് വട്ടം അതിർത്തിവര കടത്തി. ചെന്നൈയുടെ സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സ്ഥാപിച്ച ഉടൻ 50 റൺസെടുത്ത ഡുപ്ലെസിസും, അധികം വൈകാതെ അതേ സ്കോറെടുത്ത വാട്സണും പുറത്തായെങ്കിലും റായുഡുവും ധോണിയും ചേർന്ന് ഓരോവർ ബാക്കിനിൽക്കെ ടീമിനെ വിജയത്തിലേക്കെത്തിച്ചു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ഡൽഹി വാലറ്റത്തിന്റെയും ഋഷഭ് പന്തിന്റെയും മികവിലാണ് 147 റൺസിലേക്കെത്തിയത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ പൃഥ്വി ഷായുടെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമായത്. ധവാൻ, മൺറോ എന്നിവർക്കും തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും ഇരുവർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. നായകൻ ശ്രേയസ് അയ്യറും വൈകാതെ വീണതോടെ ടീമിനെ കരകയറ്റാനുള്ള ഉത്തരവാദിത്തം പന്തിന്റെ ചുമലുകളിലായി. 38 റൺസെടുത്ത പന്ത് കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ പുറത്തായെങ്കിലും അവസാന അഞ്ചോവറിൽ 54 റൺസ് കണ്ടെത്താൻ ടീമിനായി. മൂന്ന് പന്തുകൾ വീതം നേരിട്ട മിശ്ര, ബോൾട്ട്, ഇഷാന്ത് എന്നിവർ ഒരുതവണയെങ്കിലും പന്ത് ബൗണ്ടറി കടത്തിയത് ഡൽഹിക്കാശ്വാസമായി. 3 പന്തിൽ നിന്നും ഓരോ സിക്‌സും ഫോറുമടക്കം 10 റൺസുമായി ഇഷാന്ത് പുറത്താവാതെ നിന്നു. ചെന്നൈക്കായി ഹർഭജൻ, ബ്രാവോ, ജഡേജ, ദീപക് ചാഹർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!