കാലം കാത്തുവെച്ച കാവ്യനീതി

വിബിൻസൺ

ഒരു വ്യാഴവട്ടത്തിന് ശേഷമൊരു ഓൾ ഇംഗ്ലീഷ് ചാമ്പ്യൻസ് ലീഗ് ഫൈനൽ .
താരങ്ങൾക്കപ്പുറം ലോകത്തിലെ മികച്ച രണ്ട് പരിശീലകരുടെ തന്ത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ. താരനിബിഡമായ ലിവർപൂളും പ്രീമിയർലീഗിൽ തുടർച്ചയായി മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ടോട്ടനവും.

സലാഹും ഫിർമിയും പരിക്ക് മാറി ഫസ്റ്റ് ഇലവനിൽ തിരിച്ചു വന്നപ്പോൾ ക്ലോപ് മാനേയും വാൻ ഡിജിക്കും അലിസനും ഉൾപ്പെട്ട അവരുടെ ഏറ്റവും മികച്ച ഇലവനെ തന്നെ ഫൈനലിൽ അണിനിരത്തി. സെമിഫൈനലിൽ രണ്ടാം പകുതിയിൽ അത്ഭുതം കാട്ടിയ ലൂക്കാ മോറയെ ബെഞ്ചിലിരുത്തി ഹാരി കെയിനിന്റെ എക്സ്പീരിയൻസിൽ വിശ്വാസം അർപ്പിച്ച, സണ്ണിനൊപ്പം അക്രമണനിരയിൽ എറിക്സനെയും ഡെലെ അലിയേയും ഉൾപ്പെടുത്തിയ പോച്ചെട്ടിനോയും ഫസ്റ്റ് ഇലവനിൽ വലിയ പരീക്ഷണം കാട്ടിയില്ല

അത്ലറ്റികോ മാഡ്രിഡിന്റെ പുതിയ തട്ടകം “estadio metropolitono”യിൽ
ഇംഗ്ലീഷ് ഹെവി വെയിറ്റുകൾ ഏറ്റുമുട്ടിയ UCL ഫൈനൽ കിക്കോഫ് തുടങ്ങി 23ആം സെക്കൻഡിൽ പെനാൽറ്റി ബോക്സിൽ മാനേയുടെ ക്രോസ്സ് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച സിസോക്കോയുടെ കയ്യിൽ തട്ടിയപ്പോൾ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി സ്ലോവേനിയൻ റഫറി ഡെമിർ സ്‌കോമിനെ. ആദ്യമിനുട്ടിൽ ലഭിച്ച ഭാഗ്യ പെനാൽറ്റി അനായാസം വലയിലാക്കി മുഹമ്മദ്‌ സലാഹ് ലിവർപൂളിനെ മുന്നിലെത്തിച്ചു. പതിവിന് വിപരീതമായി ലിവർപൂൾ മുന്നേറ്റങ്ങൾക്ക് മൂർച്ചയും ഒത്തിണക്കവും ദിശാബോധവും നഷ്പ്പെട്ട മത്സരത്തിൽ ആദ്യപകുതി ഫൈനൽ നിലവാരം കാണിച്ചില്ല. ബോൾ പൊസഷനിൽ മുന്നിൽ നിന്നെങ്കിലും സണ്ണിന്റെ ചില ഒറ്റയാൾ നീക്കങ്ങൾ ഒഴിച്ച് നിർത്തിയാൽ ടോട്ടനത്തിനും ഒന്നാം പകുതി നിരാശജനകം ആയിരുന്നു.

രണ്ടാം പകുതിയുടെ ആദ്യമിനുറ്റുകളിൽ തന്നെ കളിയിൽ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിയാതെ പോയ ഫിർമിനോയെ പിൻവലിച്ചു സെമിഫൈനൽ ഹീറോ ഒറിഗിയെ ഇറക്കി ക്ലോപ് നയം വ്യക്തമാക്കി. ഗോൾ മടക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ടോട്ടനവും പൊരുതിയപ്പോൾ ലിവർപൂൾ ബോക്സിൽ പലപ്പോഴും അപകടം മണത്തു. റൈറ്റ് ബാക്കിലൂടെ ട്രിപ്പിയറും ലെഫ്റ്റ് ബാക്കിൽ റോസും ലിവർപൂൾ ബോക്സിലേക്ക് കുതിച്ചെത്തിയപ്പോൾ വാൻ ഡൈക്കിനും അലിസൺ ബക്കറിനും രണ്ടാം പകുതിയിൽ പിടിപ്പത് പണി ആയിരുന്നു. മിഡ്‌ഫീൽഡിൽ നിന്ന് വിൻക്സിനെ പിൻവലിച്ചു വജ്രായുധം ലൂക്കസ് മോറയെ ഇറക്കി അറ്റാക്കിങ്ങിനു മൂർച്ച കൂട്ടിയപ്പോൾ ടോട്ടനം നിരന്തരം ലിവർപൂൾ ഗോളി അലിസൺ ബക്കറിനെ പരീക്ഷിച്ചു. സണ്ണിന്റെ ഒരു നാസ്റ്റി ലോങ് റേഞ്ചർ ഫുൾ ഡൈവിൽ കുത്തിയകറ്റിയ അലിസൺ ലൂക്കാസ് മോറയുടെ റീബൗണ്ടും അവിശ്വസനീയമായി സേവ് ചെയ്തപ്പോൾ ഭാഗ്യം ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും ടോട്ടനം. സണ്ണും വാൻഡൈകും തമ്മിലുള്ള ഒരു വൺ ഓൺ വൺ അവസാനം നിമിഷത്തിൽ വാൻഡൈക്ക് വിൻ ചെയ്ത്‌ അപകടം ഒഴിവാക്കിയപ്പോൾ ഡെലെ അലിക്ക് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞതുമില്ല. ഏത് നിമിഷവും ലിവർപൂൾ പോസ്റ്റിൽ ഗോൾ വീഴാം എന്ന അവസ്ഥയിൽ പോസ്റ്റിന് തൊട്ട് വെളിയിൽ ലഭിച്ച ഫ്രീകിക്ക്
എറിക്സൺ മനോഹരം ആയി പ്ലേസ് ചെയ്‌തെങ്കിലും ഒരു ഫുൾ സ്ട്രെച്ച് ഡൈവിൽ അലിസൺ ബോളും ഗോളും കുത്തി അകറ്റി ലിവർപൂൾ കോട്ട കാത്തുസൂക്ഷിച്ചു. കളിയുടെ ഗതിക്ക് വിപരീതമായി കൗണ്ടർ അറ്റാക്കിങ്ങിലൂടെ ടോട്ടനം പോസ്റ്റിലെ കൂട്ടപൊരിച്ചിലിൽ മാറ്റിപ് നൽകിയ ബോൾ ഒറിഗി ടോട്ടനം ഗോളി ലോറിസിനെ മറികടന്ന് സെക്കന്റ്‌ പോസ്റ്റിലെ മൂലക്ക് പ്ലേസ് ചെയ്തു സെമിഫൈനൽ ഗ്ലോറി ഫൈനലിലും ആവർത്തിച്ചപ്പോൾ ലിവർപൂൾ വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാരായി.

വേൾഡ് ബെസ്റ്റ് ലീഗ് എന്ന ഖ്യാതി ഉണ്ടെങ്കിലും യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ സമീപകാലത്തെ തിരിച്ചടികൾ മറക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വീണ്ടും ഒരു ചാമ്പ്യൻസ് ലീഗ് കിരീടം. റയൽ മാഡ്രിഡിനും മിലാനും ശേഷം ആറാമത്തെ ചാമ്പ്യൻസ് ലീഗ് ഗ്ലോറി. യൂറോപ്പിന്റെ പുതിയ ആറാം തമ്പുരാക്കൻമാരായി ക്ലോപ്പിന്റെ പടയാളികൾ മാഡ്രിഡിൽ ചരിത്രം രചിച്ചു. ക്ലബ്ബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിൽ ഒരു മേജർ ട്രോഫി പോലും ഇല്ലാതെ പടിയിറങ്ങുക എന്നത് ലിവർപൂളിന് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ആയിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപെട്ട പ്രീമിയർ ലീഗിന് പകരം ചാമ്പ്യൻസ് ലീഗിൽ കുറഞ്ഞത് ഒന്നും ഫാൻസിനെ തൃപ്‌തിപെടുത്തില്ലെന്ന് ക്ലോപ്പിനും മാനേജ്മെന്റിനും നല്ല ബോധ്യം ഉണ്ടായിരുന്നു. ബാർസലോണക്കെതിരെ സെമിഫൈനലിൽ ചങ്ക് പൊട്ടുമാറുച്ചത്തിൽ ക്ലബിന് വേണ്ടി ആർത്തിരമ്പി ഐതിഹാസികമായ വിജയം സമ്മാനിച്ച ഫാൻസിന് ചാമ്പ്യൻസ് ട്രോഫി അല്ലാതെ എന്ത് പകരം നൽകും?. 2013യിൽ ബൊറുസിയ ഡോർമുണ്ടിനൊപ്പവും കഴിഞ്ഞ വർഷം ലിവർപൂളിനൊപ്പവും ഫൈനലിൽ തോൽവി അറിഞ്ഞ ക്ലോപ്പ് അത്രമേൽ അർഹിച്ചിരുന്നു ഈ കിരീടം. അതെ ഇത് കാലത്തിന്റെ കാവ്യനീതിയാണ് ട്രോഫിലെസ്സ് സീസണുകളിലും ക്ലബ്ബിനെ കൈവിടാത്ത ലോയൽ ഫാൻസിന്, യർഗെൻ ക്ലോപ്പ് എന്ന തന്ത്രശാലിയായ പരിശീലകന് മാഡ്രിഡിൽ കാലം കാത്തുവെച്ച കാവ്യനീതി.

2019 UCL CHAMPIONS LIVERPOOL FC❤

Walk on walk on
With hope in your heart
And you’ll never walk alone
you’ll never walk alone
#Liverpool❤
#YNWA

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!