യുവന്റസിനെയും വീഴ്ത്തി അയാക്സ്

പ്രീക്വാർട്ടറിൽ റയലിനെ വീഴ്ത്തിയതിന് പിന്നാലെ ക്വാർട്ടറിലും അയാക്സിന്റെ അശ്വമേധം. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് രണ്ടാംപാദത്തിൽ തകർത്ത സംഘം ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ ഇടമുറപ്പിച്ചു. ആദ്യപാദം സമനിലയിൽ കലാശിച്ചിരുന്നു. ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയിയെയാണ് അയാക്സ് സെമിയിൽ നേരിടുക.

സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയിലൂടെ യുവന്റസാണ്‌ ആദ്യം ലീഡെടുത്തത്‌. ഇരുപത്തെട്ടാം മിനുട്ടിൽ പിയാനിച്ച് എടുത്ത കോർണർ കിക്ക്‌ ഹെഡറിലൂടെ ക്രിസ്റ്റ്യാനോ വലയിലെത്തിക്കുകയായിരുന്നു. ആറ്‌ മിനുട്ടിനകം അയാക്‌സ്‌ സമനില ഗോൾ കണ്ടെത്തി. വാൻ ഡെ ബീക്‌ ആണ്‌ ഓഫ്‌സൈഡ് കെണിയിൽ നിന്നും രക്ഷപ്പെട്ടശേഷം അനായാസമായൊരു ഫിനിഷിലൂടെ സന്ദർശകർക്കായി ഗോൾ നേടിയത്‌. 67ആം മിനുട്ടിൽ ആതിഥേയരെ ഞെട്ടിച്ച്‌ കൊണ്ട്‌ അയാക്‌സ്‌ ലീഡെടുത്തു. ഷോൺ എടുത്ത കോർണർ അയാക്‌സ്‌ ക്യാപ്റ്റൻ ഡിലിറ്റ്‌ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ലീഡിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ചാലത് വിപരീതഫലം ചെയ്തേക്കുമെന്ന തിരിച്ചറിവിൽ കൂടുതൽ ഉണർവോടെ ആക്രമിക്കുന്ന അയാക്സിനെയാണ് പിന്നീട് കണ്ടത്. 80ആം മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ ഒരുവട്ടം കൂടി സന്ദർശകർ വലകുലുക്കിയെങ്കിലും വീഡിയോ പുനഃപരിശോധനയിൽ ഗോൾ അസാധുവാക്കപ്പെട്ടു. അവസാനവിസിൽ വരെ യുവന്റസ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും അയാക്സ് കൂസലില്ലാതെ നിലകൊണ്ടതോടെ വിജയമവും സെമി ബർത്തും ടീം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!