ഇക്വഡോറിനെ തകർത്ത്‌ ഉറുഗ്വായ്‌, ഖത്തർ-പാരഗ്വായ്‌ മൽസരം സമനിലയിൽ

കോപ്പ അമേരിക്കയിൽ തങ്ങളുടെ ആദ്യ മൽസരത്തിനിറങ്ങിയ ഉറുഗ്വായ്ക്ക്‌ തകർപ്പൻ ജയം. ഇക്വഡോറിനെ എതിരില്ലാത്ത നാല്‌ ഗോളുകൾക്കാണ്‌ ടീം കീഴടക്കിയത്‌. മറ്റൊരു മൽസരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ പാരഗ്വായുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട്‌ വീതം ഗോളുകൾ നേടി.

ഇക്വഡോറിനെതിരെ സമഗ്രാധിപത്യം കാണിച്ച ഉറുഗ്വായ്‌ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി മുന്നിലെത്തി. ആറാം മിനുട്ടിൽ ലൊഡൈറോയിലൂടെ മുന്നിലെത്തിയ ഉറുഗ്വായ്ക്ക്‌ വേണ്ടി എഡിൻസൺ കവാനി(33′), ലൂയിസ്‌ സുവാരസ്‌(44′) എന്നിവരും ലക്ഷ്യം കണ്ടു. 78ആം മിനുട്ടിൽ അർതുറോ മിന സെൽഫ്‌ ഗോൾ നേടിയതോടെ ഉറുഗ്വായ്ക്ക്‌ മികച്ച വിജയം സ്വന്തമാക്കാനായി. 24ആം മിനുട്ടിൽ ക്വിന്റെറോസ്‌ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായതാണ്‌ ഇക്വഡോറിന്‌ വിനയായത്‌. രണ്ട്‌ ഗോളുകൾക്ക്‌ പിന്നിൽ നിന്ന ശേഷമാണ്‌ ഖത്തർ പാരഗ്വായ്‌ക്കെതിരെ സമനില കണ്ടെത്തിയത്‌. മൽസരത്തിന്റെ നാലാം മിനുട്ടിൽ തന്നെ കർദോസോയുടെ പെനാൽട്ടി ഗോളിൽ പാരഗ്വായ്‌ മുന്നിലെത്തിയിരുന്നു. പിന്നാലെ 56ആം മിനുട്ടിൽ ഗോൺസാലെസ്‌ ലീഡ്‌ രണ്ടാക്കി ഉയർത്തി. എന്നാൽ പോരാട്ട വീര്യം കാണിച്ച ഖത്തർ അൽമോസ്‌ അലിയിലൂടെ ആദ്യ ഗോൾ മടക്കി. റോജസിന്റെ സെൽഫ്‌ ഗോളും എത്തിയതോടെ ഖത്തർ ഒപ്പമെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!