ചിലിയെ മറികടന്ന് അർജന്റീന മൂന്നാമത്

റഫറിയുടെ വിവാദ തീരുമാനങ്ങളിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ലൂസേഴ്‌സ് ഫൈനലിൽ ചിലിയെ കീഴടക്കിയ അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരെ ആൽബിസെലെസ്റ്റകൾ മറികടന്നത്. സൂപ്പർ താരം ലയണൽ മെസ്സി ചുവപ്പുകാർഡ് കണ്ട മത്സരം കളിയെക്കാൾ കയ്യൂക്കിന്റെ പേരിലാണ് ചർച്ചയാവുകയെന്നതുറപ്പ്. രണ്ട് ചുവപ്പുകാർഡടക്കം ഒൻപത് കാർഡുകളാണ് പരാഗ്വേക്കാരനായ റഫറി മരിയോ ഡിയാസ് പുറത്തെടുത്തത്. കാർഡുകൾക്ക് പിന്നാലെ ചിലിക്കനുവദിക്കപ്പെട്ട പെനാൽറ്റിയും വിവാദക്കൊടുങ്കാറ്റ് തന്നെ സൃഷ്ട്ടിക്കുമെന്നതുറപ്പ്.

സസ്പെൻഷനിലായ മാർട്ടിനസിന് പകരം ഡിബാലയെ അണിനിരത്തിയ അർജന്റീന ചടുലമായ നീക്കങ്ങളോടെയാണ് കളിയാരംഭിച്ചത്. അലക്സിസ് സാഞ്ചസ് തുടക്കത്തിലേ പരിക്കിനാൽ തിരിച്ചുകയറിയത് ചിലിയുടെ നീക്കങ്ങളെ ബാധിച്ചു. ലോകോത്തര നിലവാരമുള്ള അർജന്റീനൻ മുന്നേറ്റനിരയുടെ വേഗതയ്ക്ക് മുന്നിൽ പലപ്പോഴും പകച്ച ചിലി 13ആം മിനിറ്റിൽ തന്നെ ആദ്യഗോൾ വഴങ്ങി.ഫ്രീകിക്കിൽ നിന്നും മെസ്സി നൽകിയ പാസ് അഗ്യൂറോ വലയിലെത്തിക്കുകയായിരുന്നു. കൃത്യം 10 മിനിറ്റുകൾക്ക് ശേഷം അർജന്റീനയുടെ രണ്ടാംഗോളും പിറന്നു. ലൊ സെൽസോ നൽകിയ പന്ത് മുന്നോട്ടോടിയെത്തിയ ഗോൾകീപ്പറെ നിസ്സഹായനാക്കിക്കൊണ്ട് ഡിബാല ഗോളാക്കിമാറ്റുകയായിരുന്നു. പരുക്കൻ ടാക്കിളുകളുമായി കളി പുരോഗമിക്കവേ 38ആം മിനിറ്റിൽ നിർണ്ണായക നിമിഷം വന്നെത്തി. പരസ്പരം നേരിയ രീതിയിലുരസിയ ചിലി താരം മെഡലിനും അർജന്റീനയുടെ നായകൻ മെസ്സിക്കും റഫറി മാർച്ചിങ് ഓർഡർ നൽകുകയായിരുന്നു. വാർ റിപ്ലേകളിൽ കാർഡ് നൽകത്തക്ക തെളിവുകൾ ലഭിച്ചില്ലെങ്കിലും റഫറി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. 58ആം മിനിറ്റിലാണ് അടുത്ത വിവാദതീരുമാനം വന്നെത്തിയത്. ചിലി താരം അരാൻഗ്വിസിനെ ലൊ സെൽസോ വീഴ്ത്തിയത് ബോക്‌സിന് തൊട്ടുപുറത്തുവെച്ചെന്ന് കമന്റേറ്റർസ് അടക്കം അഭിപ്രായപ്പെട്ടെങ്കിലും റഫറിയുടെ വിരൽ സ്പോട്ടിലേക്ക് നീണ്ടു. അഗ്യൂറോക്ക് രണ്ടാംപകുതിയിൽ ലഭിച്ച അവസരങ്ങൾ താരത്തിന് മുതലെടുക്കാനാവാതെ പോയതോടെ അതേ സ്‌കോറിൽ മത്സരം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!