ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കക്കും വിജയം

ലോകകപ്പ്‌ ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക്‌ വീണ്ടും ജയം. ശ്രീലങ്കയെ 87 റൺസിനാണ്‌ ഓസ്‌ട്രേലിയ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസീസ്‌ പട ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 334 റൺസ്‌ കണ്ടെത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 45.5 ഓവറിൽ 247 റൺസിന്‌ ഓൾ ഔട്ടായി . മറ്റൊരു മത്സരത്തിൽ സൗത്താഫ്രിക്ക അഫ്ഗാനെ ഒൻപത് വിക്കറ്റിന് തകർത്ത് തങ്ങളുടെ ആദ്യജയം സ്വന്തമാക്കി. ഇന്നരങ്ങേറുന്ന ഗ്ലാമർ പോരിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്‌ സെഞ്ച്വറി കണ്ടെത്തി. 132 പന്തിൽ നിന്ന് 153 റൺസ്‌ നേടിയ ഫിഞ്ചിനൊപ്പം 73 റൺസെടുത്ത്‌ സ്റ്റീവ്‌ സ്‌മിത്തും തിളങ്ങിയതോടെ ഓസ്‌ട്രേലിയ മികച്ച സ്കോറിലെത്തുകയായിരുന്നു. 25 പന്തിൽ 46 റൺസെടുത്ത്‌ മാക്‌സ്‌വെല്ലും ടീമിനായി മികച്ച സംഭാവന നൽകി.
ഓപ്പണർമാരായ കരുണരത്‌നെയും കുശാൽ പെരേരയും നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ്‌ ശ്രീലങ്കക്ക്‌ വിനയായത്‌. 97 റൺസെടുത്ത കരുണ രത്നെയും 52 റൺസെടുത്ത കുശാലും പുറത്തായ ശേഷമെത്തിയ ആർക്കും മികവ്‌ പ്രകടിപ്പിക്കാനായില്ല. നാല്‌ വിക്കറ്റ്‌ വീഴ്ത്തിയ സ്റ്റാർക്കിന്റേയും മൂന്ന് വിക്കറ്റ്‌ വീഴ്ത്തിയ റിച്ചാർഡ്‌സന്റേയും ബൗളിംഗ്‌ മികവിന്‌ മുന്നിൽ ശ്രീലങ്കൻ പട തകരുകയായിരുന്നു.

സൗത്താഫ്രിക്കക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്ത അഫ്‌ഗാന്‌ ഒരു ഘട്ടത്തിലും മികവ്‌ പുലർത്താനായില്ല. നാല്‌ വിക്കറ്റെടുത്ത താഹിറിന്റേയും മൂന്ന് വിക്കറ്റ്‌ വീഴ്ത്തിയ മോറിസിന്റേയും മുന്നിൽ അഫ്‌ഗാൻ ബാറ്റിംഗ്‌ നിര ചീട്ട്‌ കൊട്ടാരം പോലെ തകർന്നു. മൂന്ന് പേർക്ക്‌ മാത്രമാണ്‌ രണ്ടക്കം കാണാനായത്‌. 35 റൺസെടുത്ത റാഷിദ്‌ ഖാനാണ്‌ അഫ്‌ഗാന്റെ ടോപ്‌ സ്കോറർ. തുടക്കത്തിൽ പിടിച്ചുനിന്ന ടീമിന് മഴ കാരണമുണ്ടായ ഇടവേളയ്ക്ക് ശേഷം ഏകാഗ്രത നഷ്ടപ്പെടുകയായിരുന്നു. 126 റൺസെന്ന കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് ഡികോക്കിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 68 റൺസെടുത്ത താരത്തെ നൈബ് പുറത്താക്കിയപ്പോൾ അംല 41 റൺസുമായി പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!