ആഞ്ഞടിച്ച് മോർഗൻ, ഇംഗ്ലണ്ടിന് മിന്നുംജയം

ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരുടെ പ്രഹരശേഷി പ്രകടമായ മത്സരത്തിൽ അഫ്ഗാനെതിരെ ഇംഗ്ലണ്ടിന് പടുകൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സ്കോർബോർഡിൽ 397 റൺസെടുത്തപ്പോൾ അഫ്ഗാന് 247 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

പതിഞ്ഞ താളത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ടീം സ്കോർ 44ൽ നിൽക്കെ 26 റൺസെടുത്ത ഓപ്പണർ ജെയിംസ്‌ വിൻസിനെ ദൗലത്ത്‌ സാദ്‌റാൻ പുറത്താക്കി. പിന്നീടൊത്ത്‌ ചേർന്ന ബെയർസ്റ്റോവും ജോ റൂട്ടും ഇടതടവില്ലാതെ റൺസ്‌ കണ്ടെത്തി. സെഞ്ച്വറിക്ക്‌ പത്ത്‌ റൺസകലെ നൈബിന്‌ വിക്കറ്റ്‌ നൽകി ബെയർസ്റ്റോ പുറത്തായി. പിന്നീടിറങ്ങിയ ക്യാപ്റ്റൻ മോർഗൻ ജോ റൂട്ടിനെ കാഴ്ചക്കാരനാക്കി അടി തുടങ്ങി. വെറും 71 പന്തിൽ നിന്ന് 148 റൺസാണ്‌ താരം അടിച്ചെടുത്തത്‌. ഒരിന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും മോർഗൻ സ്വന്തമാക്കി. 17 സിക്‌സറുകൾ പറത്തിയ മോർഗൻ രോഹിത്‌ ശർമ, ഗെയിൽ, ഡിവില്ലിയേഴ്സ് എന്നിവരുടെ 16 സിക്സിന്റെ റെക്കോർഡാണ്‌ മറികടന്നത്‌. 164 റൺസിൽ ഒത്തു ചേർന്ന മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌ 353 റൺസിലായിരുന്നു. 88 റൺസെടുത്ത റൂട്ടിന്‌ പിന്നാലെ മോർഗനും വീണു. പിന്നീട്‌ കാമിയോ റോളിലെത്തിയ മൊയീൻ അലിയും വെടിക്കെട്ട്‌ നടത്തിയതോടെ ഇംഗ്ലണ്ട്‌ കൂറ്റൻ സ്കോറിലേക്ക്‌ കുതിച്ചു. വെറും 9 പന്തിൽ നാല്‌ സിക്‌സറടക്കം 31 റൺസാണ്‌ മൊയീൻ അലി നേടിയത്‌. അഫ്ഗാൻ ബൗളർമാരിൽ റാഷിദ്‌ ഖാനാണ്‌ കൂടുതൽ റൺസ്‌ വഴങ്ങിയത്‌. സ്റ്റാർ ബൗളറായ റാഷിദ്‌ ഖാനെ ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിര തലങ്ങും വിലങ്ങും പ്രഹരിച്ചു. 9 ഓവറിൽ 110 റൺസാണ്‌ താരം വഴങ്ങിയത്‌. ഗുൽബദിൻ നൈബും സാദ്‌റാനും മൂന്ന് വിക്കറ്റ്‌ വീതം വീഴ്ത്തി. വിജയം വിദൂരത്താണെന്ന വ്യക്തമായ ബോധ്യവുമായിറങ്ങിയ അഫ്ഗാൻ ബാറ്റ്‌സ്മാൻമാർ നെറ്റ് റൺറേറ്റ് സംരക്ഷിക്കാനാണ് പരിശ്രമിച്ചത്. നൂർ അലിയെ തുടക്കത്തിലേ നഷ്ട്ടപ്പെട്ട ടീം മധ്യനിരയുടെ പരിശ്രമത്തിലൂടെ റെക്കോർഡ് തോൽ‌വിയിൽ നിന്നും തടിയൂരുകയായിരുന്നു. ഷാഹിദി 76 റൺസുമായി ടീമിന്റെ ടോപ്സ്കോററായപ്പോൾ റഹ്മത്ത് ഷാ, അസ്ഗർ, നൈബ് എന്നിവരും മോശമാക്കിയില്ല. ഇംഗ്ലണ്ടിനായി ആർച്ചറും ആദിലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അഫ്ഗാൻ താരങ്ങളും പന്തിനെ നിലംതൊടാതെ അതിർത്തി കടത്തുന്നതിൽ മടികാണിക്കാതിരുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും സിക്സ് പിറന്ന മത്സരവും ഇതായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!