താരമായി ജോ റൂട്ട് : ഇംഗ്ലണ്ടിന് വിജയം

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ ഏറെ പിന്നിലാക്കിയ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 212 റൺസിന്റെ വിജയലക്ഷ്യം 17 ഓവറുകൾ ബാക്കി നിൽക്കെയാണ് മറികടന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ജോ റൂട്ട് ആണ് കളിയിലെ താരം.

പേസിനെ പിന്തുണച്ച പിച്ചിൽ ജോഫ്ര ആർച്ചറും മാർക്ക്‌ വുഡും ചേർന്നാണ് കരീബിയൻ ദ്വീപുകാരെ ചെറിയ സ്കോറിലൊതുക്കിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റുകൾ പങ്കിട്ടെടുത്തപ്പോൾ ഓൾറൗണ്ട് പാടവം പുറത്തെടുത്ത ജോ റൂട്ട് രണ്ടുപേരെ മടക്കി. 63 റൺസെടുത്ത പൂരൻ വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോററായപ്പോൾ ഗെയ്ൽ, ഹെറ്റ്മെയർ എന്നിവരും ചെറുതല്ലാത്ത സംഭാവനകളേകി. ക്രീസിൽ നിലയുറപ്പിച്ച് കളിക്കുന്നതിന് പകരം തുടക്കം മുതലാഞ്ഞടിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന വിൻഡീസ് ബാറ്റ്സ്മാൻമാർ സ്ഥിരം കാഴ്ച്ചയായി മാറിയ മത്സരത്തിൽ അവസാന അഞ്ചുവിക്കറ്റുകൾ കേവലം 24 റൺസിനിടെയാണ് നിലംപൊത്തിയത്.

ഓപ്പണർ ജേസൺ റോയ്ക്കും നായകൻ ഓയിൻ മോർഗനും ഫീൽഡിങ്ങിനിടെ പരിക്കുപറ്റിയത് ഇംഗ്ലീഷ് ബാറ്റിങ്ങിനെ ബാധിച്ചേക്കുമെന്ന ആശങ്കകളുണ്ടായിരുന്നെങ്കിലും റൂട്ടിന്റെ പ്രകടനം ആശങ്കകളെ അതിർത്തി കടത്തി. ബെയർസ്റ്റോവിനെ കൂട്ടുപിടിച്ച് വിൻഡീസ് ബൗളർമാരുടെ ഷോർട്ട് പിച്ച് പന്തുകളെ പ്രത്യാക്രമിച്ച റൂട്ട് ബെയർസ്‌റ്റോ പുറത്തായ ശേഷവും കൂസാതെ കളിച്ചു. സ്ഥാനക്കയറ്റം നേടിയെത്തിയ വോക്‌സ് തന്റെ റോൾ ഭംഗിയായി നിർവഹിച്ചതോടെ ഹോൾഡറും കൂട്ടരും പന്തെറിഞ്ഞുവലഞ്ഞു. റൂട്ട് മൂന്നക്കത്തിലേക്കെത്തും മുൻപ് വോക്സിനെ ഗബ്രിയേൽ പുറത്താക്കിയെങ്കിലും ബെൻ സ്റ്റോക്സിനൊപ്പം റൂട്ട് ടീമിനെ വിജയതീരത്തെത്തിച്ചു. നൂറ് റൺസുമായി പുറത്താവാതെ നിന്ന താരമീ ലോകകപ്പിൽ നേടുന്ന രണ്ടാം സെഞ്ചുറി ആണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!