പാകിസ്താനെ തകർത്ത് ഇന്ത്യ

ക്രിക്കറ്റിലെ തങ്ങളുടെ ബദ്ധവൈരികളോട് ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലിതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിച്ച് കോഹ്‌ലിയും സംഘവും. മാഞ്ചസ്റ്ററിൽ അരങ്ങേറിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യവും ഓവറും വെട്ടിച്ചുരുക്കിയപ്പോൾ 89 റൺസിനാണ് ഇന്ത്യ വിജയാവകാശികളായത്. ഇന്ത്യ ഉയർത്തിയ 336 റൺസെന്നെ സ്കോർ പിന്തുടർന്ന പാക് പടക്ക് ആറിന് 212 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അയൽക്കാർക്കുമേൽ വിശ്വകിരീടപ്പോരിലെ ഏഴാം വിജയമാണ് ഇന്ത്യ ഇതോടെ സ്വന്തമാക്കിയത്.

മൈതാനം ദിവസങ്ങളോളം മഴയിൽ കുതിർന്നതിനാൽ തുടക്കത്തിൽ പേസിന് പിന്തുണ ലഭിക്കുമെന്നുറപ്പായിരുന്നു. ടോസ് നേടിയ സർഫ്രാസ് രണ്ടാമതൊന്നാലോചിക്കാതെ ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ധവാന് പകരം ഓപ്പണർ റോളിലേക്ക് സ്ഥാനക്കയറ്റവുമായെത്തിയ രാഹുലും ഉപനായകൻ രോഹിത്തും ചേർന്ന് കെട്ടുറപ്പാർന്ന തുടക്കമാണ് ടീമിന് നൽകിയത്. ആമിറിനെ ശ്രദ്ധയോടെ നേരിട്ട സഖ്യം ഹസൻ അലിയെ കടന്നാക്രമിച്ചു. രാഹുലിനത്ര എളുപ്പത്തിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തൊട്ടതെല്ലാം പൊന്നാക്കാൻ പോന്ന ഫോമിലായിരുന്നു ഹിറ്റ്മാൻ. ഷദബ് ഖാനെ സിക്‌സും ഫോറുമടിച്ച് അർധസെഞ്ചുറിയിലേക്കെത്തിയ താരം 85ആം പന്തിൽ മൂന്നക്കത്തിലേക്കെത്തുമ്പോൾ കോഹ്‌ലിയായിരുന്നു ക്രീസിൽ കൂട്ടിന്. 140 റണ്‍സെടുത്ത രോഹിത് ഒരു അപ്രതീക്ഷിതമായി പുറത്തായപ്പോഴും നായകന്‍ കോഹ്ലി പൊരുതിനിന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റം വേഗത്തിൽ 11000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായാണ് കോഹ്ലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. 222 ഇന്നിങ്സിൽ നിന്നും നേട്ടത്തിലെത്തിയ കോഹ്‌ലി ഇക്കാര്യത്തിൽ സച്ചിനെയാണ് പിന്നിലാക്കിയത്. മറുവശത്ത് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 26 റൺസ് നേടിയെങ്കിലും ധോണി വന്നതിനേക്കാൾ വേഗത്തിൽ മടങ്ങി. വിജയ് ശങ്കറും കേദാര്‍ ജാദവും ചേര്‍ന്ന് അമ്പത് ഓവര്‍ തികക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 336 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ സമ്പാദ്യം. പാകിസ്താന്‍ ബൗളിംഗ് നിരയില്‍ മൂന്ന് വിക്കറ്റുമായി മുഹമ്മദ് ആമിര്‍ തിളങ്ങിയപ്പോള്‍ ഹസന്‍ അലി, റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 47 ആം ഓവറിനിടെ മഴമൂലം കുറച്ചുനേരത്തേക്ക് കളി മുടങ്ങിയത് കല്ലുകടിയായി. ഇന്നിംഗ്സ് ഇടവേളയിലും മഴ വില്ലനായെങ്കിലും കളിയെ പ്രതികൂലമായി ബാധിച്ചില്ല.

ഓപ്പണിങ് കൂട്ടുകെട്ട് അത്രമേൽ പ്രാധാന്യമേറിയതാണെന്ന ഉത്തമബോധ്യത്തോടെയാണ് പാകിസ്ഥാൻ പിന്തുടരാനിറങ്ങിയത്. ബുമ്രയും ഭുവനേശ്വറും ലൈനിൽ അപാരമായ കൃത്യത കാത്തുസൂക്ഷിച്ചതോടെ തുടക്കത്തിൽ പാകിസ്ഥാൻ റൺ കണ്ടെത്താൻ ഏറെ വിഷമിച്ചു. അഞ്ചാം ഓവറെറിയുന്നതിനിടെ പരിക്കേറ്റ ഭുവനേശ്വർ ഓവർ പൂർത്തിയാക്കാനാവാതെ മടങ്ങിയതോടെ വിജയ് ശങ്കറിന് തുടക്കത്തിൽ തന്നെ പന്തേൽപ്പിക്കാൻ കോഹ്‌ലി നിർബന്ധിതനായി. എറിഞ്ഞ ആദ്യപന്തിൽ തന്നെ ഇമാമുൾഹഖിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ശങ്കർ വരവറിയിച്ചത്. രണ്ടാംവിക്കറ്റിൽ ബാബർ അസമും ഫഖർ സമാനും ചേർന്ന് ഇന്ത്യക്ക് നേരിയ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും വേണ്ട റണ്ണിനടുത്തേക്ക് ടീമിനെയെത്തിക്കാൻ ഇരുവർക്കുമായില്ല. ടൂർണമെന്റിൽ ഇതുവരെ ശോഭിച്ചിട്ടില്ലെന്ന ചീത്തപ്പേര് മായ്ച്ച കുൽദീപ് യാദവാണ് ഇരുവരെയും വീഴ്ത്തിയത്. ബാബർ മനോഹരമായൊരു പന്തിൽ ക്ലീൻബൗൾഡായപ്പോൾ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് 62 റൺസെടുത്ത, പാക് ടോപ് സ്കോററായ ഫഖർ സമാൻ പുറത്തായത്. പരിചയസമ്പന്നരായ ഹഫീസിനെയും മാലിക്കിനെയും ഹർദിക് പാണ്ഡ്യ അടുത്തടുത്ത പന്തുകളിൽ മടക്കിയതോടെ ഇന്ത്യ വിജയത്തിലേക്ക് വേഗമടുത്തു. ഇടയ്ക്കൊരിക്കൽകൂടി മഴ വിരുന്നെത്തിയതോടെ വിജയലക്ഷ്യം 30 പന്തിൽ 136 റൺസായി പുനർനിർണ്ണയിക്കപ്പെട്ടു. ഇന്ത്യ അനായാസം വിജയം നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!