കിവിക്കരുത്തിൽ കാലിടറി ഇന്ത്യ

രണ്ട് ദിവസങ്ങളോളം നീണ്ടുനിന്ന ആദ്യസെമിക്കൊടുവിൽ ഇന്ത്യക്ക് പരാജയത്തിന്റെ കയ്പുനീർ. കിവികളോടേറ്റുമുട്ടിയ ടീം 18 റൺസിനാണ് അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്റ്‌ 239 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 221 റൺസിൽ ഒതുങ്ങി.

211 റൺസിന് അഞ്ചെന്ന നിലയിൽ റിസർവ് ദിനത്തിൽ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്റിന് 28 റൺസാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്. 74 റൺസുമായി ടീമിന്റെ ടോപ് സ്കോററായ റോസ് ടെയ്‌ലറെ ജഡേജ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കിയപ്പോൾ ലാഥമിനെയും ഹെൻറിയെയും ഭുവനേശ്വർ മടക്കി. ആദ്യദിനത്തിൽ കെയ്ൻ വില്യംസണിന്റെയും ടെയ്‌ലറുടെയും അർധസെഞ്ചുറികളാണ് ടീമിനെ 200 കടത്തിയത്. ഓപ്പണർ ഗപ്റ്റിൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ മധ്യഓവറുകളിൽ ടെയ്‌ലറും നായകനും ക്രീസിൽ നങ്കൂരമിട്ട് നിന്നു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുംറ, ജഡേജ, പാണ്ഡ്യ, ചാഹൽ എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

പിച്ചിന്റെ സ്വഭാവം പ്രവചനാതീതമെങ്കിലും ഇന്ത്യ ലക്ഷ്യം മറികടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. മൂന്ന് സ്‌പെഷലിസ്റ്റ് ബൗളർമാരെ മാത്രമണിനിരത്തിയ, ബാറ്റിങ്ങിന്റെ ആഴം ആവുന്നത്ര വർധിപ്പിച്ചിറങ്ങിയ ടീമിന് പക്ഷേ തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സെഞ്ചുറികളുടെ തോഴനായി മാറിയ രോഹിത് രണ്ടാം ഓവറിൽ പുറത്ത്. കണ്ണടച്ച് തുറക്കും മുൻപ് അടുത്ത പ്രഹരം. ബോൾട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ കോഹ്‌ലിയും മടങ്ങി. ഓരോ റണ്ണെടുത്ത നായകന്റെയും ഉപനായകന്റെയും പാത പിന്തുടർന്ന് രാഹുലും അതേ റണ്ണെടുത്ത് പവലിയനിലേക്ക്. നാലോവറവസാനിച്ചപ്പോൾ ഇന്ത്യ അഞ്ചുറൺസിന് മൂന്ന് വിക്കറ്റെന്ന നിലയിൽ. ഋഷഭ് പന്തും ദിനേശ് കാർത്തിക്കും ചേർന്ന് തകർച്ചയുടെ പടുകുഴിയിൽ നിന്നും ടീമിനെ പതിയെ കരകയറ്റിയെങ്കിലും ടൂർണമെന്റിലെ ഏറ്റം മികച്ച ക്യാച്ചിലൂടെ കാർത്തിക്കിനെ നീഷം പുറത്താക്കി. പോയിന്റിലൂടെ പാഞ്ഞ പന്തിനെ ഇടത്തോട്ട് ചാടിയ താരം ഇടംകയ്യിലൊതുക്കുകയായിരുന്നു. വിക്കറ്റുകളുടെ ഘോഷയാത്രയ്ക്ക് വിരാമമിടാൻ ധോണി അടുത്തതായെത്തുമെന്ന് കരുതിയെങ്കിലും പാണ്ഡ്യയാണ് അഞ്ചാം വിക്കറ്റിൽ പന്തിന് കൂട്ടെത്തിയത്. പവർ ഹിറ്റിന് പകരം ഇരുവരും പക്വത പുറത്തെടുത്തതോടെ ഇന്ത്യ പതിയെ നില മെച്ചപ്പെടുത്തിത്തുടങ്ങി. 32 റൺസ് വീതമെടുത്ത ഇരുവരും ബൗണ്ടറിക്കുള്ള ശ്രമത്തിനിടെ വീണതോടെ ഇന്ത്യൻ പ്രതീക്ഷകൾ ധോണി – ജഡേജ സഖ്യത്തിലായി. നാല് വിക്കറ്റ് മാത്രം ശേഷിക്കെ 20 ഓവറിൽ 148 റൺസെന്ന ഭഗീരഥപ്രയത്നം മുന്നിൽ. കീഴടങ്ങാൻ കൂട്ടാക്കാതെ ജഡേജ പൊരുതിയതോടെ, സ്ട്രൈക്ക് കൈമാറി ഒത്ത പങ്കാളിയായി ധോണി നിലയുറപ്പിച്ചതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു തുടങ്ങി. തോറ്റെന്ന തോന്നലിനെ ഇരുവരും ചേർന്ന് ബൗണ്ടറി കടത്തിയതോടെ അവസാന 4 ഓവറിൽ വേണ്ടത് 42 റൺസ് മാത്രം. ഹെൻറി ബൗണ്ടറികളൊന്നും വിട്ടുകൊടുക്കാഞ്ഞതോടെ സമവാക്യം 18 പന്തിൽ 37 റണ്ണായി മാറി. മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ, തന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ജഡേജ 77 റൺസുമായി അടുത്ത ഓവറിൽ മടങ്ങിയതോടെ ഇന്ത്യ അങ്കലാപ്പിലായി. അടുത്ത ഓവറിൽ ധോണിയും വീണു. വിജയത്തിന് 18 റൺസ് അരികെ ഇന്ത്യയും. ന്യൂസിലാന്റിനായി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!