അടി, തിരിച്ചടി, ഡൽഹിയെ തകർത്ത്‌ മുംബൈ സിറ്റി

ഗോൾ മഴ കണ്ട മൽസരത്തിൽ മുംബൈ സിറ്റിക്ക്‌ വിജയം. പരാജയങ്ങൾ തുടർക്കഥയാക്കിയ ഡൽഹി ഡൈനമോസിനെ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ മുംബൈ തകർത്തത്‌. സീസണിൽ ഒരു മൽസരം പോലും ഡൽഹി വിജയിച്ചിട്ടില്ല.

ബംഗളൂരു എഫ്‌ സിയോട്‌ പരാജയപ്പെട്ട ടീമിൽ നിന്ന് കാലുഡറോവിച്ചിനെ മാറ്റി റെനെ മിഹെലിച്ചിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ്‌ ഡൽഹി ഇറങ്ങിയത്‌. മുംബൈ അൻവർ അലിക്ക്‌ പകരം സൗവിക്‌ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തി.
മൽസരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ആതിഥേയർ ലീഡെടുത്തു. സൗവിക്‌ ചക്രവർത്തിയുടെ സെൽഫ്‌ ഗോളിലാണ്‌ ഡൽഹി മുന്നിലെത്തിയത്‌. ഇടവേളക്ക്‌ ശേഷം 49ആം മിനുട്ടിൽ ബോക്‌സിൽ വെച്ച്‌ പന്ത്‌ പ്രീതം കോട്ടാലിന്റെ കൈയ്യിൽ തട്ടിയതിന്‌ മുംബൈക്കനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത റാഫേൽ ബാസ്റ്റോസ്‌ അനായാസേന പന്ത്‌ വലയിലെത്തിച്ചു.
61ആം മിനുട്ടിൽ മുംബൈ ഡൽഹി താരം മാർട്ടി ക്രെസ്പിയുടെ സെൽഫ്‌ ഗോളിലൂടെ മുന്നിലെത്തി. ബാസ്റ്റോസിന്റെ ക്രോസിന്‌ ക്രെസ്പി തല വെച്ചത്‌ അബദ്ധത്തിൽ സ്വന്തം വലക്കുള്ളിൽ കേറുകയായിരുന്നു. പക്ഷെ മൂന്ന് മിനുട്ടിനകം ഡെൽഹി ഒപ്പമെത്തി. റെനെ മിഹെലിച്ച്‌ എടുത്ത ഫ്രീകിക്കിന്‌ സ്വിവെർലൂൻ തല വെക്കുകയായിരുന്നു.

69ആം മിനുട്ടിൽ സന്ദർശകർ വീണ്ടും മുന്നിലെത്തി. മച്ചാഡോയുടെ പാസിൽ നിന്ന് റെയ്‌നിയർ ഫെർണാണ്ടസ്‌ ആണ്‌ ഗോൾ നേടിയത്‌. 80ആം മിനുട്ടിൽ മുംബൈ വിജയമുറപ്പിച്ച ഗോളെത്തി. ഡൽഹി പ്രതിരോധത്തെ കീറിമുറിച്ച്‌ മച്ചാഡോ നൽകിയ ത്രൂ ബാൾ പിടിച്ചെടുത്ത്‌ ഇസോകോ മുന്നോട്ടോടി ബോക്സിലേക്ക്‌ ക്രോസ്‌ നൽകി. ഓടിയെത്തിയ മച്ചാഡോ പന്ത്‌ അനായാസേന പന്ത്‌ വലക്കകത്തേക്ക്‌ നിക്ഷേപിച്ചു. മുംബൈയുടെ നാലാം ഗോൾ.
ഈ വിജയത്തോടെ 17 പോയിന്റുമായി മുംബൈ ആദ്യ നാല്‌ സ്ഥാനത്തേക്ക്‌ കയറി. ഇത്‌ വരെ ഒരു മൽസരം പോലും വിജയിക്കാതെ ഡൽഹി നാലു പോയിന്റുമായി അവസാന സ്ഥാനത്താണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!