യൂറോപ്പ ലീഗ്‌ : സെമിയിൽ കടന്ന് ചെൽസിയും ആഴ്‌സനലും

യൂറോപ്പ ലീഗിൽ ആഴ്‌സനലും ചെൽസിയും സെമി ഫൈനലിൽ. നാപ്പോളിയെ രണ്ടാം പാദ മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ ആഴ്‌സനൽ സെമിയിലെത്തിയത്‌. സ്ലാവിയ പ്രേഗിനെ കനത്ത പോരാട്ടത്തിനൊടുവിൽ മൂന്നിനെതിരെ നാല്‌ ഗോളുകൾക്ക്‌ ചെൽസി കീഴടക്കി. വലൻസിയ, ഫ്രാങ്ക്ഫർട്ട്‌ എന്നീ ടീമുകളും സെമിയിലെത്തിയിട്ടുണ്ട്‌.

മുപ്പത്തിയാറാം മിനുട്ടിൽ ലകസറ്റെയാണ്‌ കിടിലനൊരു ഫ്രീകിക്കിലൂടെ ആഴ്‌സനലിനായി ഗോൾ നേടിയത്‌. ആദ്യ പാദ മൽസരത്തിൽ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ ജയിച്ച ആഴ്‌സനൽ ഇതോടെ മൂന്ന് ഗോൾ ലീഡിൽ സെമിയിലെത്തി. ആദ്യ പാദ മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‌ സ്ലാവിയയെ കീഴടക്കിയ ചെൽസി സ്വന്തം കാണികളുടെ മുന്നിൽ 17 മിനുട്ടിനുള്ളിൽ മൂന്ന് ഗോൾ ലീഡ്‌ നേടിയിരുന്നു. പെഡ്രോ, ജിറൗഡ്‌ എന്നിവരുടെ ഗോളുകൾക്കൊപ്പം ഡെലിയുടെ സെൽഫ്‌ ഗോളും ചെൽസിക്ക്‌ തുണയായി. 25ആം മിനുട്ടിൽ സൗസെക്‌ ഒരു ഗോൾ മടക്കി. രണ്ട്‌ മിനുട്ടിനകം പെഡ്രോ വീണ്ടും ഗോൾ നേടി സ്കോർ നില 4-1 എന്ന നിലയിലെത്തിച്ചു. ഇടവേളക്ക്‌ ശേഷം 51, 54 മിനുട്ടുകളിലായി സെവ്‌സിക്‌ രണ്ട്‌ ഗോളുകൾ നേടി ചെൽസിയെ വിറപ്പിച്ചെങ്കിലും വിജയം കാണാൻ അവർക്കായില്ല.
ആദ്യ മൽസരത്തിൽ 4-2ന്‌ ബെൻഫിക്കയോട്‌ പരാജയപ്പെട്ട ഫ്രാങ്ക്ഫർട്ട്‌ എവേ ഗോൾ ആനുകൂല്യത്തിലാണ്‌ സെമിയിലെത്തിയത്‌. സ്വന്തം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കായിരുന്നു ജർമൻ ടീമിന്റെ വിജയം. ഇതോടെ എവേ ഗോളുകൾ ഫ്രാങ്ക്ഫർട്ടിന്‌ തുണയാവുകയായിരുന്നു.
മറ്റൊരു സ്പാനിഷ്‌ ടീമായ വിയ്യാറയലിനെതിരെ ഇരുപാദങ്ങളിലുമായി 5-1 എന്ന വലിയ മാർജിനിൽ വിജയിച്ചാണ്‌ വലൻസിയ സെമിയിലെത്തിയത്‌. രണ്ടാം പാദ മൽസരത്തിൽ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കായിരുന്നു അവരുടെ വിജയം.
സെമി ഫൈനലിൽ ആഴ്‌സനൽ വലൻസിയയേയും ചെൽസി ഫ്രാങ്ക്ഫർട്ടിനേയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!