നദാലിനെ മറികടന്ന് ഫെഡറർ ഫൈനലിൽ

2008 ലെ വിഖ്യാത ഫൈനലിന് ശേഷം, 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ആധുനിക ടെന്നീസിലെ അതികായർ വിംബിൾഡണിൽ വീണ്ടുമേറ്റുമുട്ടിയ മത്സരത്തിൽ വിജയം ഫെഡറർക്കൊപ്പം. നാല് സെറ്റുകൾ നീണ്ടുനിന്ന സെമിഫൈനലിൽ നദാലിനെ 6-7, 6-1, 3-6, 4-6 എന്ന സ്കോറിന് മറികടന്നാണ് സ്വിസ് ഇതിഹാസം കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലിൽ നൊവാക് ജോക്യോവിച്ചിനെയാണ് ഫെഡറർ നേരിടുക.

ലോങ്ങ്‌ റാലികളധികം പിറന്നില്ലെങ്കിലും ആവേശഭരിതമായ, ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവിലാണ്‌ ഫെഡറർ ആദ്യ സെറ്റ്‌ സ്വന്തമാക്കിയതെങ്കിൽ ഫോർഹാൻഡിന്റെ കരുത്തും സർവ്വിലെ വേഗവും തുണച്ചതോടെ രണ്ടാം സെറ്റ് നദാൽ അനായാസം നേടി. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന ഫെഡ് എക്സ്പ്രസ്സ്‌ മൂന്നാം സെറ്റിൽ മാസ്മരിക തിരിച്ചുവരവ് നടത്തി. നദാലിനെ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന താരം തുടർച്ചയായി വിന്നറുകളുതിർത്തുകൊണ്ട് നാലാം സെറ്റിലും മികവ് തുടർന്നു. രണ്ടാം സെറ്റിലെ പിഴവുകളതിവേഗം പരിഹരിച്ച ഫെഡറർ തുടർന്നങ്ങോട്ട് അവിശ്വസനീയമായ കൃത്യത പുറത്തെടുത്തപ്പോൾ നദാലിന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും പിഴച്ചു. പോരാട്ടവീര്യത്തിന് പേരുകേട്ട സ്പാനിഷ് താരം പിടിച്ചുനിന്നെങ്കിലും നിർണ്ണായകമായ ബ്രേക്ക് പോയിന്റ് സ്വന്തമാക്കിയ ഫെഡറർ അഞ്ചാം സെറ്റിന് മുൻപ് തന്നെ വിജയതീരമണയുകയും ചെയ്തു.

നേരത്തെ ആദ്യ സെമിയിൽ സ്‌പാനിഷ്‌ താരം ബാറ്റിസ്റ്റ അഗട്ടിനെ കീഴടക്കിയാണ് നൊവാക്‌ ദ്യോകോവിച്ച്‌ ഫൈനലിൽ ഇടമുറപ്പിച്ചത്. നാല്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ ആറുതവണ ജേതാവായ താരം അഗട്ടിനെ മറികടന്നത്‌.

സ്കോർ- 6-2, 4-6, 6-3, 6-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!