ഫുട്ബോളിലൂടെ ഫണ്ട്‌ ശേഖരിച്ച്‌ മലപ്പുറം മോഡൽ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മലപ്പുറം ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രദർശന ഫുട്ബോൾ മൽസരങ്ങൾ സംഘടിപ്പിച്ചു. ‘കാൽപന്തിലൂടെ അതിജീവനം’ എന്ന് പേരിട്ട സൗഹൃദ മൽസരങ്ങളിലൂടെ 20 ലക്ഷത്തോളം രൂപയാണ്‌ സമാഹരിച്ചത്‌.
നാല്‌ വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ്‌ മൽസരം നടത്തിയത്‌.

ഉദ്ഘാടന മൽസരത്തിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ സ്കൂളുകളായ എം.എസ്‌.പി സ്കൂൾ മലപ്പുറവും എൻ.എം.എച്ച്‌.എസ്‌.എസ്‌. ചേലേമ്പ്രയുമാണ്‌ ഏറ്റുമുട്ടിയത്‌. ഇന്ത്യൻ അണ്ടർ 16 താരം ഷബാസ്‌ അഹമ്മദ്‌ ചേലേമ്പ്രക്കായി ബൂട്ട്‌ കെട്ടി. ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. വ്യാപാരികളും മാധ്യമപ്രവർത്തകരും തമ്മിലുള്ള മൽസരത്തിൽ ഒരു ഗോളിന്‌ വ്യാപാരികളുടെ ഇലവൻ വിജയിച്ചു. ജില്ലാ കലക്ടർ അമിത്‌ മീണയുടെ ടീമും പോലീസ്‌ ടീമും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അഗ്നിശമന സേനാ വിഭാഗവും മലപ്പുറത്തെ പഴയകാല ഫുട്ബോൾ താരങ്ങളും തമ്മിലായിരുന്നു അവസാന മൽസരം. സുരേന്ദ്രൻ മങ്കട, കുരികേശ്‌ മാത്യു, ഹബീബ്‌ റഹ്‌മാൻ തുടങ്ങിയ പഴയകാല താരങ്ങൾ ഇതിൽ ബൂട്ട്‌ കെട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ ശേഖരണാർത്ഥമാണ്‌ മൽസരങ്ങൾ സംഘടിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!