മൂന്നാംദിനം : തിരിച്ചടിച്ച് ഇംഗ്ലണ്ട്, ടെസ്റ്റ്‌ ആവേശാന്ത്യത്തിലേക്ക്

ഇന്ത്യ ഇംഗ്ലണ്ട് നാലാംടെസ്റ്റിൽ തിരിച്ചടിച്ച് ആതിഥേയർ. ഒന്നാമിന്നിങ്സിൽ ലീഡ് വഴങ്ങേണ്ടിവന്നെങ്കിലും മൂന്നാംദിനം കളിയവസാനിക്കുമ്പോൾ 233 റൺസെന്ന മികച്ച ലീഡ് ഇംഗ്ലണ്ടിനുണ്ട്. ടൂർണ്ണമെന്റിലുടനീളം ഓൾറൗണ്ട് പാടവം കാഴ്ചവെച്ച സാം കറൻ ക്രീസിലുറച്ചുനിൽക്കുന്നതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ ദുഷ്കരമായേക്കും. 260/8 എന്ന നിലയിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് മൂന്നൂറെന്ന കൂറ്റൻ ലീഡിലാണ് കണ്ണുവെക്കുന്നത്.

അനുദിനം അപ്രവചനീയമായി മാറിക്കൊണ്ടിരിക്കുന്ന പിച്ചിൽ തുടർച്ചയായ മൂന്നാം ദിവസവും ബൗളർമാരാണ് അരങ്ങുവാണത്. ഓപ്പണർ കുക്കിനെയും സ്ഥാനക്കയറ്റം ലഭിച്ചെത്തിയ മൊയീൻ അലിയെയും ഇന്ത്യ ക്രീസിൽ ഏറെനേരം ചിലവഴിക്കാനനുവദിച്ചില്ലെങ്കിലും റൂട്ടും ജെന്നിങ്‌സും ചേർന്ന് ഇംഗ്ലണ്ടിനെ ട്രാക്കിലാക്കി. ജെന്നിങ്‌സിനെയും തുടർന്നെത്തിയ ബെയർസ്‌റ്റോവിനെയും ഷമി തൊട്ടടുത്ത പന്തുകളിൽ പുറത്താക്കിയെങ്കിലും പിന്നീട് വന്നവർക്കൊക്കെയും മികച്ച തുടക്കം ലഭിച്ചതോടെ ഇംഗ്ലീഷ് സ്കോർ കുതിച്ചു. സ്റ്റോക്‌സും ബട്ലറും ക്രീസിൽ നങ്കൂരമിട്ടതോടെ ഇംഗ്ലണ്ട് നില കൂടുതൽ മെച്ചപ്പെടുത്തി. 69 റൺസെടുത്ത ബട്ലറാണ് ഇംഗ്ലീഷ് നിരയിൽ ടോപ്സ്കോററായത്. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അവസാനപന്തിൽ റാഷിദിനെ പുറത്താക്കിയാണ് ഷമി ദിവസമവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!